Monday, September 18, 2006

രണ്ട്‌ ഒളിച്ചോട്ടങ്ങളുടെ കഥ

എന്റെ ഇതുവരെയുള്ള ജീവിതത്തിനിടയില്‍ രണ്ട്‌ ഒളിച്ചോട്ടങ്ങള്‍ നേരില്‍ കാണുവാന്‍ സാധിച്ചിട്ടുള്ളത്‌. ആദ്യത്തേത്‌ ഏകദേശം പന്ത്രണ്ട്‌ വര്‍ഷം മുമ്പായിരുന്നു. എന്റെ അച്ഛന്റെ വളരെ അടുത്ത സ്നേഹിതനും, സഹപ്രവര്‍ത്തകനുമായ മേനോന്‍ സാറിന്റെ മകള്‍ ശ്യാമയായിരുന്നു ആ കഥയിലെ നായിക. പതിനെട്ട്‌ വയസ്സ്‌ ആയതിന്റെ പിറ്റേന്നാണ്‌ ഈ സാഹസം. നായകന്‍ നാല്‍പതിനോടടുത്ത്‌ പ്രായമുള്ള ബസ്സ്‌ ഡ്രൈവറാണ്‌. പിന്നീട്‌ കണ്ടത്‌ പതിവ്‌ സീനുകള്‍. 'എനിക്കിങ്ങനെയൊരു മകളില്ല. എന്റെ മോള്‍ മരിച്ചു ' തുടങ്ങിയ സിനിമാ ഡയലോഗുകള്‍ക്കൊടുവില്‍ മേനോന്‍ സാര്‍ തളര്‍ന്ന് വീഴുകയും ആശുപത്രിയിലാവുകയും ഒന്ന് രണ്ട്‌ ആഴ്ചകള്‍ക്ക്‌ ശേഷം പഴയത്‌ പോലെ കമ്പനിയില്‍ പോയി തുടങ്ങുകയും ചെയ്തു. സാറിന്റെ ഭാര്യ ദേവകിചേച്ചി പിന്നീട് പ്രാര്‍ത്ഥനയും നേര്‍ച്ചകളുമായി കഴിഞ്ഞു. ശ്യാമയെ അവളുടെ ഭര്‍ത്താവ്‌ നന്നായി സംരക്ഷിച്ചു എന്ന് മാത്രമല്ല ഒരു വര്‍ഷത്തിനകം അയാള്‍ സ്വന്തമായി ഒരു ബസ്സ്‌ വാങ്ങുകയും രണ്ടാമത്തെ വര്‍ഷം ശ്യാമയുടെ പേരില്‍ ഒരു വീട്‌ വാങ്ങുകയും ചെയ്തു. മേനോന്‍ സാറിന്റെ വാശിക്കും അത്രയ്ക്കേ ആയുസ്സുണ്ടായിരുന്നുള്ളൂ. ശ്യാമയുടെ പ്രസവത്തോട്‌ കൂടി സാറ്‌ തന്റെ കടുമ്പിടുത്തങ്ങള്‍ ഉപേക്ഷിക്കുകയും ശ്യാമയെയും ഭര്‍ത്താവിനെയും വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ട്‌ വരികയും ചെയ്തു. മേനോന്‍ സാറും ഭാര്യ ദേവകിചേച്ചിയും ശ്യാമയും ഭര്‍ത്താവും കുട്ടിയും സന്തോഷത്തിലും സ്നേഹത്തിലും പിന്നീടുള്ള കാലം ജീവിച്ചു.

എന്റെ രണ്ടാമത്തെ ഒളിച്ചോട്ടദര്‍ശനം കഴിഞ്ഞ ആഴ്ചയിലായിരുന്നു. വെളുപ്പിനെ ആറുമണിക്ക്‌ നടക്കുന്ന ശീലമുണ്ട്‌. ചെറിയതോതില്‍ കൊളസ്റ്റ്രോള്‍ ശല്യമുള്ളതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പതിവായി രാവിലെ നടക്കാറുണ്ട്‌. കൂട്ടിന്‌ എന്റെ സുഹൃത്തുമുണ്ട്‌. അങ്ങിനെ സുഹൃത്തിനെ വിളിക്കാനായി അവന്റെ വീട്ടിനടുത്തെത്തിയപ്പോഴാണ്‌ പുതിയ ഒളിച്ചോട്ട നാടകം കണ്ടത്‌. സുഹൃത്തിന്റെ അയല്‌വാസിയാണ്‌ കഥാനായകന്‍. വയസ്സ്‌ 26. ജോലി - ചീട്ടുകളി, അമ്പലത്തില്‍ വരുന്ന പെണ്‍കുട്ടികളുടെ കണക്കെടുക്കല്‍, സന്ധ്യാസമയം കഴിഞ്ഞാല്‍ സുരപാനം. ഒരാഴ്ച മുമ്പാണ്‌ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട്‌ തൃശ്ശൂരിലുള്ള ഒരു പണച്ചാക്കിന്റെ മകളെ കക്ഷി കെട്ടിക്കൊണ്ട്‌ വന്നത്‌. എങ്ങിനെ‍ എന്തിന്‌ എന്നിവയ്ക്കൊന്നും പ്രേമത്തിന്റെ കാര്യത്തില്‍ പ്രസക്തിയില്ലല്ലോ. രാവിലെ ഞാന്‍ കാണുന്നത്‌, ടൊയോട്ട കാറില്‍ വന്നിറങ്ങിയ അച്ഛന്റെയും മുറ്റമടിക്കുകയായിരുന്ന മോളുടെയും സംഗമമാണ്‌. ചൂലും പിടിച്ച്‌ നില്‍ക്കുന്ന മകളെ ഒരു നിമിഷം സഹതാപത്തോടെ നോക്കി. ശേഷം കാറില്‍ നിന്നിറങ്ങി. ഗേറ്റിനുമുമ്പില്‍ തന്നെ നിന്നു. ഇപ്പുറത്തെ ഡോര്‍ തുറന്ന് ഭാര്യയും പുറകിലിരിക്കുകയായിരുന്ന അനുജന്മാരും പുറത്തിറങ്ങി. ഇതിനകം കഥാനായകനും കുടുമ്പവും എന്തിനും തയ്യാറായി മറുവശത്ത്‌ നിലയുറപ്പിച്ചിരുന്നു.

'ഞാന്‍ നിന്നെ കൂട്ടിക്കൊണ്ട്‌ പോകാന്‍ വന്നതല്ല.' വളരെ ശാന്തമായി, അനായാസമായ ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. 'മറിച്ച്‌ എനിക്കിനി നിന്നെപ്പോലെ ഒരു മകളെ ആവശ്യമില്ല എന്ന് പറയാന്‍ വന്നതാണ്‌. നിന്നെ ഇത്രനാള്‍ വളര്‍ത്തിയതും പഠിപ്പിച്ചതും വെറുതെയായല്ലോ എന്ന് സങ്കടം മാത്രമേ എനിക്കുള്ളൂ. തെറ്റും ശരിയും തിരിച്ചറിയാനുള്ള പ്രായമായിക്കഴിഞ്ഞാല്‍ അവരവരെടുക്കുന്ന തീരുമാനത്തിന്റെ ഉത്തരവാദിത്വം അവരവര്‍ക്കുതന്നെയാണ്‌. നിന്റെ തീരുമാനം തെറ്റോ ശരിയോ എന്ന് കാലം തീരുമാനിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം നിന്റെ തീരുമാനം തെറ്റാണ്‌. ഞങ്ങളുദ്ദേശിച്ചിരുന്ന രീതിയിലുള്ള ജീവിതരീതിയോ സംസ്കാരമോ ഉള്ള ആളെയല്ല നീ നിനക്കായി തിരഞ്ഞെടുത്തത്‌. ഒരുപക്ഷേ നിനക്കത്‌ ശരിയെന്ന് തോന്നാമെങ്കിലും എനിക്കത്‌ തീരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. തെറ്റും ശരിയും വേര്‍തിരിച്ച്‌ ശരിയായ തീരുമാനമെടുത്തത്‌ കൊണ്ടാണ്‌ ഒന്നുമില്ലായ്മയില്‍ നിന്ന് എനിക്കിതുവരെയും ഉയരാന്‍ കഴിഞ്ഞത്‌. എന്റെ മക്കളെയും ഞാനങ്ങിനെയാണ്‌ പരിശീലിപ്പിച്ചിരുന്നത്‌. അതുകൊണ്ട്‌ നീയെന്ന തെറ്റിനെ എനിക്കിനി വേണ്ട. ഇതെന്റെ മാത്രം തീരുമാനമല്ല. മറിച്ച്‌ ഞങ്ങള്‍ നാലുപേരുടെയുമാണ്‌. ഇത്‌ തികച്ചും വേദനാജനകമാണ്‌. പക്ഷേ എന്റെ മറ്റുമക്കളുടെ ഭാവിയെ കരുതിയും അവര്‍ക്കും അവരുടെ മക്കള്‍ക്കും ഇതിലും നല്ല ജീവിതനിലവാരം ഉറപ്പാക്കണം എന്ന കരുതല്‍ കൊണ്ടും ഞാനീ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു.'

അടുത്തത്‌ അമ്മയുടെ ഊഴമായിരുന്നു. നിറകണ്ണുകളോടെയാണെങ്കിലും അവരുടെ ശബ്ദം ഉറച്ചതായിരുന്നു.
'ഇരുപത്‌ വര്‍ഷം നമ്മളെല്ലാവരും ഒരുമിച്ചായിരുന്നു ഉണ്ടത്‌. ഉറങ്ങിയത്‌. നമുക്കിടയില്‍ സ്നേഹവും പരസ്പര വിശ്വാസവുമുണ്ടായിരുന്നു. നിങ്ങളെ വളര്‍ത്താനായി എന്റെ ജോലികൂടി ഉപേക്ഷിച്ചതാണ്‌. എത്ര വേഗമാണ്‌ നീയതെല്ലാം കാറ്റില്‍ പറത്തിയത്‌. ഇന്നലെ കണ്ട ഒരുവനോടൊപ്പം ഒരു കള്ളനെപ്പോലെ നീയാ പടിയിറങ്ങിയപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ നിന്നും നീ പടിയിറങ്ങി കഴിഞ്ഞിരുന്നു. നിന്നെയെനിക്കിനി കാണണ്ടാ. ഇതാ നിനക്കായി ഞങ്ങള്‍ കരുതിയ ആഭരണങ്ങള്‍...' ആ സ്ത്രീ ഒരു പൊതിക്കെട്ട്‌ മകള്‍ക്കുനേരെ വലിച്ചെറിഞ്ഞു.

കാറിന്റെ ഡോര്‍ തുറന്ന് അകത്ത്‌ കയറാനൊരുങ്ങവേ അയാള്‍ വീണ്ടും മകള്‍ക്കുനേരെ തിരിഞ്ഞു.

'നിയമപരമായി നിനക്കവകാശപ്പെട്ട സ്വത്തുക്കള്‍ നിനക്ക്‌ ലഭിക്കും. അതിനായി എല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ട്‌.'

ഒരു നിമിഷം. ഐസ്‌ കട്ടയെക്കാള്‍ തണുപ്പുള്ള ഒരു വാക്കുകള്‍ ആ പെണ്‍കുട്ടിയില്‍ നിന്നും വന്നു.

'എന്റെ തീരുമാനം ശരിതന്നെയെന്നാണ്‌ എനിക്കിപ്പോഴും തോന്നുന്നത്‌. ഇനി മറിച്ചാണെങ്കില്‍ ഒരിക്കലും നിങ്ങളുടെ സഹായം തേടി ഞാന്‍ വരില്ല. അച്ഛന്‍ സമ്പാദിച്ച ഒന്നും എനിക്കുവേണ്ട. സ്വത്തും ആഭരണങ്ങളും. ഒന്നും.'

അമ്മ വലിച്ചെറിഞ്ഞ പൊതിക്കായി അവളുടെ കണ്ണുകള്‍ പരതവേ, നമ്മുടെ കഥാനായകന്‍ അതുമായി വീടിന്നകത്തേക്ക്‌ അതിവേഗം നടക്കുന്നത്‌ കണ്ടു.

11 Comments:

Blogger sahayaathrikan said...

രണ്ട്‌ ഒളിച്ചോട്ടങ്ങളുടെ കഥ

3:44 AM  
Blogger സു | Su said...

രണ്ടും അവരുടെ കണ്ണില്‍ ശരിയായിരിക്കും. ഒരുപക്ഷെ അവര്‍ക്ക് മക്കളുണ്ടായി വളത്തിക്കൊണ്ടു വന്ന്, ആ മക്കള്‍ ഇവരെ വിട്ട് ഒളിച്ചോടുമ്പോഴേ ശരിയായ അറിവ് ഇവര്‍ക്കുണ്ടാകൂ.

പ്രേമത്തിന് കണ്ണില്ല എന്നല്ലേ? ഒളിച്ചോടുന്നവരെ ശപിക്കേണ്ട കാര്യം ഇല്ല. അവര്‍ക്ക് അവരുടേതായ നിലപാട് ഉണ്ടാകും. അവര്‍ ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് കാലം തന്നെ തെളിയിച്ച് കൊടുക്കട്ടെ.

4:26 AM  
Blogger ശാലിനി said...

This comment has been removed by a blog administrator.

4:59 AM  
Blogger പടിപ്പുര said...

This comment has been removed by a blog administrator.

5:16 AM  
Blogger പടിപ്പുര said...

സത്യനന്തിക്കാടിന്റെ മനസ്സിനക്കെരെ എന്ന സിനിമയില്‍ ഷീല അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഒരു വാചകമുണ്ട്‌-
"നമ്മുടെ മാതാപിതാക്കളെ നമ്മള്‍ എങ്ങിനെ കണ്ടുവോ, അതുപോലയേ നമ്മുടെ മക്കള്‍ നമ്മളെ കാണുകയുള്ളൂ"

5:17 AM  
Blogger ദില്‍ബാസുരന്‍ said...

ഈ ഒളിച്ചോട്ടം അല്ലെങ്കിലും ഒരു ബോറന്‍ ഏര്‍പ്പാടാ.

ഈ ഓടുന്നതിനിടയില്‍ കല്ലില്‍ തട്ടി തടഞ്ഞെങ്ങാനും വീണ് മുറിവായാല്‍ അതുമായി.

6:40 AM  
Blogger പാര്‍വതി said...

മനസ്സിന്റെ അടിസ്ഥാന വികാരമായ പ്രേമം തെറ്റാണെന്ന് പറയാമോ, ഓളിച്ചോടാന്‍ കാരണമെന്തൊക്കെയാണ്..ഒന്നിച്ചുണ്ടും ഉറങ്ങിയിമിരുന്ന അമ്മയോട് മകള്‍ക്ക് മനസ്സ് തുറക്കാനാവാതെ പോയതാണെങ്കില്‍ അത് മകളുടെ തെറ്റാണോ..?

എന്ത് ന്തീരുമാനമെടുക്കുന്നതിന് മുന്‍പും ഒരു ചാഞ്ചല്യത്തിന്റെ അവസ്ഥയുണ്ട്..ആ സമയത്താണ് സ്നേഹിക്കുന്നവെരുടെ,മാതാപിതാക്കളുടെ ആവശ്യം,അല്ലാതെ തീരുമാനമെടുത്തതിന് ശേഷം പിന്നെ അത് മുറിച്ച് മാറ്റാന്‍ ശ്രമിക്കുന്നില്ല..പ്രത്യേകിച്ചും പ്രേമത്തില്‍,കാരണം പഴയൊരു പാട്ടില്‍ പറയുന്നത് പോലെ അത് അടിസ്ഥാനമായി കാമമെന്ന വികാരത്തിന്റെ പുറന്തോടായത് കൊണ്ട്.

എല്ലാം തുറന്ന് പറയാവുന്ന കുട്ടുകാരിയായി അമ്മയുണ്ടായാല്‍,ഒരു വന്മതിലിന്റെ മനശക്തിയുള്ള അച്ചനുണ്ടെന്ന തോന്നലുണ്ടായാല്‍, പല തെറ്റായ തിരഞ്ഞെടുപ്പുകളും ഒഴിവാകും.

സ്നേഹം തേടാത്തവര്‍ ആരാണ് ഉള്ളത്?

6:45 AM  
Blogger കുഞ്ഞിരാമന്‍ said...

എല്ലാവരും സ്നേഹം കൊതിക്കുന്നവരാണു,എങ്കിലും ഒളിച്ചോട്ടം ഒരു തെറ്റുതന്നെയാണു,അവരുടെ കിനക്കള്‍ക്കു വേണ്ടി എത്ര പേരുടെ സ്വപ്നങള്‍ ‍ആണു തകരുന്നത്....

2:39 AM  
Blogger sahayaathrikan said...

ദില്‍ബൂ, ഇപ്പോഴത്തെ കുട്ടികള്‍ പ്രികോഷന്‍സ് എടുക്കുന്നതുകാരണം വീണാലും മുറിയാറില്ല. മുറിഞ്ഞാലും പഴുക്കാറില്ല. അഥവാ ഇനി പഴുത്താലോ പത്രങ്ങള്‍ക്കാഘോഷിക്കാനൊരു വാര്‍ത്തയായി. അവര്‍ക്കൊരു പബ്ലിസിറ്റിയുമായി.

പടിപ്പുരേ, മനസ്സിനക്കരെ കണ്ടപ്പോള്‍, ആ വാചകങ്ങള്‍ ശരിക്കും മനസ്സില്‍ കൊണ്ടിരുന്നു‍.

പാര്‍വ്വതി, എനിക്കിപ്പോഴത്തെ കൌമാരക്കാരെ ഒട്ടും മനസ്സിലാകുന്നില്ല. ജനറേഷന്‍ ഗ്യാപ് ആയിരിക്കാം കാരണം. പ്ലസ് ടൂവിന്‍ ചേര്‍ന്ന എന്റെ ചേച്ചിയുടെ മകന്‍ ഒന്നു രണ്ടു മാസങ്ങള്‍ക്കുള്ളില്‍ വന്നുചേര്‍ന്ന മാറ്റങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു. അതുവരെ കൂട്ടുകാരെപ്പോലെ ജീവിച്ചതാണ്‍ ആ കുടുമ്പം.ഇപ്പോഴവന്‍ ‘ ഇവിടെ ഒരു പ്രൈവസിയുമില്ല’, ‘എന്നെ ഉപദേശിക്കണ്ടാ’, ‘നിങ്ങള്‍ക്കൊന്നുമറിയില്ല’, ‘ഞാന്‍ പറയുന്നത് കേട്ടാ മതി’ തുടങ്ങിയ പല്ലവികളാണ്‍. അവന്റെ അടുത്ത കൂട്ടുകാരുടെയും സ്ഥിതി ഇതു തന്നെ. അവരുടെ മാതാപിതാക്കളെക്കണുമ്പോള്‍ അവര്‍ക്കും ഇതേ പരാതികളാണ്‍.

കുഞ്ഞിരാമാ, സൂ പറഞ്ഞതാണ്‍ ശരി. മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ചിന്തിക്കാനുള്ള ക്ഷമയോ പക്വതയോ ഒന്നുംതന്നെ ഈ പ്രായത്തില്‍ പ്രതീക്ഷിക്കേണ്ടല്ലോ. അവര്‍ക്ക് കുട്ടികളുണ്ടാവുമ്പോഴാണ്‍ അല്പമെങ്കിലും ആ വഴിക്ക് ചിന്തിക്കുക

10:03 PM  
Blogger ബിന്ദു said...

ചിലരുടെ തെറ്റുകള്‍ ചിലര്‍ക്ക് ശരി. യുദ്ധത്തിലും പ്രണയത്തിലും ശരിതെറ്റുകള്‍ ഇല്ല എന്നല്ലെ.:)നന്നായി എഴുതി.

1:55 PM  
Blogger ചക്കര said...

generation gap, attention പ്രശ്നങ്ങള്‍, കുടുംബത്തിലെ communication deficit മുതലായ ഒത്തിരി കാരണങ്ങള്‍ ഈവക പ്രശ്നങ്ങളുണ്ടാക്കും.. മാതാപിതാക്കള്‍ നല്ലോണ്ണം മനസ്സുവച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളു..

5:14 PM  

Post a Comment

<< Home