Tuesday, July 18, 2006

ഉള്‍വിളി

ഞങ്ങളുടെ ഗ്രാമത്തില്‍ പല വിധ രാഷ്ട്രീയച്ചായ്‌വുള്ളവര്‍ ഉണ്ടായിരുന്നിട്ടും 'രാഷ്ട്രീയത്തില്‍ വെന്നിക്കൊടി പാറി'ക്കാന്‍ സഖാവ്‌ തൈപ്പറമ്പില്‍ ഉണ്ണിയേട്ടനു മാത്രമേ നാളിതുവരെ സാധിച്ചിട്ടുള്ളൂ. അറിയപ്പെടുന്ന വിപ്ലവപ്പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായിരുന്ന ഉണ്ണിയേട്ടന്‍, അന്നത്തെ കൌമാരപ്രായക്കാര്‍ക്കിടയില്‍ ഒരു Role Model ആയിരുന്നു. ഇംഗ്ലീഷില്‍ എം.എ ബിരുദം നേടിയ ആദ്യത്തെ വ്യക്തി, മികച്ച ഫുട്ബോള്‍ കളിക്കാരന്‍, ഏതു പാതിരയ്ക്കും ഓടിയെത്തുന്ന സഹായി, നാട്ടുകാരുടെ കണ്ണിലുണ്ണി,പെണ്‍കൊടികളുടെ ഉറക്കം കെടുത്താന്‍ മാത്രം സൌന്ദര്യമുള്ളവന്‍ - ഇങ്ങനെ ഏതു വിശേഷണവും ഉണ്ണിയേട്ടന്‌ ഇണങ്ങുമായിരുന്നു. വിപ്ലവം തലക്കുപിടിച്ച നാളുകളില്‍, അമ്പലത്തിനെയും തേവരെയും തള്ളിപ്പറഞ്ഞതുകൊണ്ട്‌ "നിഷേധി" എന്ന പേരും ഉണ്ണിയേട്ടന്‌ സ്വന്തമായിരുന്നു, പ്രത്യേകിച്ചും കാരണവന്മാര്‍ക്കിടയില്‍. ഉണ്ണിയേട്ടന്റെ മൂത്ത ഏട്ടനായ വാസ്വേട്ടനും ഏട്ടത്തി ഭാന്വേച്ചിയുമായിരുന്നു തറവാട്ടുകാര്‍ക്കിടയില്‍ ഉണ്ണിയേട്ടന്റെ സംരക്ഷകര്‍. മക്കളില്ലാത്ത അവര്‍ക്ക്‌ ഒരു മകനായിരുന്നു ഉണ്ണിയേട്ടന്‍. ഉണ്ണിയേട്ടനും വാസ്വേട്ടനും തമ്മില്‍ 24 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു.

'നിഷേധിയെ' ഏറ്റവും അധികം നിഷേധിച്ചത്‌ സ്വന്തം അമ്മാവനും, ദേവസ്വം പ്രസിഡന്റും 'അമ്പലം വിഴുങ്ങി' എന്ന ദുഷ്പേരില്‍ അറിയപ്പെടുന്നവനുമായ ഭാസ്കരമേനോനായിരുന്നു. ഭാസ്കരമേനോന്റെ ഏകമകളായ സരോജിനിയുടെ കാര്യത്തില്‍ മാത്രമേ ഉണ്ണിയേട്ടന്‍ തന്റെ വിപ്ലവനയം സ്വീകരിക്കാതിരുന്നിട്ടുള്ളൂ. നാട്ടിലേയും കോളേജിലേയും സുന്ദരികള്‍ മാറി മാറി ശ്രമിച്ചിട്ടും, 'മുറപ്പെണ്ണായ' സരോജിനിക്കുമാത്രമേ ആ വിപ്ലവമനസ്സില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നുള്ളു. പരക്കെ അംഗീകാരം നേടിയ ഒരു പ്രേമബന്ധമായിരുന്നു, അത്‌. അമ്പലം വിഴുങ്ങി പ്രശ്നമുണ്ടാക്കുന്നതുവരെ.

അമ്പലപ്പറമ്പിലെ തേങ്ങവിറ്റ വകയിലും, ഉത്സവത്തിന്‌ സംഭാവനപിരിച്ചവകയിലും, ഉരുളി, ചെമ്പ്‌,വിളക്ക്‌ എന്നിവ വാടകയ്ക്ക്‌ കൊടുത്ത വകയിലും, അമ്പലംവിഴുങ്ങിയും സില്‌ബന്ദികളും, പണമടിച്ചുമാറ്റി കള്ള്‌ കുടിച്ച്‌ മദിച്ചിരുന്ന കാലം. ഒരിക്കല്‍ അമ്പലം വക ചെമ്പ്‌, പട്ടണത്തിലുള്ള അഹമ്മദ്‌ ഹാജിയുടെ ആക്രിക്കടയില്‍ നിന്ന് കണ്ടെടുക്കുകയും, സംഗതി വഷളാവും എന്ന് കണ്ടപ്പോള്‍, അമ്പലം വിഴുങ്ങിയുടെ സന്തതസഹചാരി ഗോപിക്കുട്ടന്റെ പേര്‌ ഹാജിയുടെ വായില്‍ നിന്നും വന്നതിനെ തുടര്‍ന്നുണ്ടായ വിവാദം കൊടുമ്പിരി കൊണ്ട കാലം. അന്ന് ഭാവി അമ്മായിയപ്പനെതിരെ പന്തംകൊളുത്തി പ്രകടനം നയിച്ച ഉണ്ണിയേട്ടനെയും കൂട്ടരെയും "അവിശ്വാസികള്‍ക്കിതിലെന്തു കാര്യം" എന്ന് പറഞ്ഞ്‌ പുച്ഛിക്കുകയും "എന്റെ മോള്‍ക്കിനി ഈ തെമ്മാടിയെ വേണ്ടാ" എന്ന് നാലാളുകേള്‍ക്കെ, അമ്പലമുറ്റത്തുനിന്ന് അമ്പലംവിഴുങ്ങി പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അമ്പലം വിഴുങ്ങിക്ക്‌ പ്രസിഡന്റ്‌ സ്ഥാനം നഷ്ടപ്പെടുകയും ഉണ്ണിയേട്ടനോടുള്ള വൈരം കൂടുകയും ചെയ്തു.

പകരം പ്രസിഡന്റായത്‌, ഉണ്ണിയേട്ടന്റെ ആത്മാര്‍ഥ സ്നേഹിതനും പേരുകേട്ട കൈപ്പിള്ളി തറവാട്ടിലെ ഏക അവകാശിയുമായ സദാനന്ദനായിരുന്നു. ഉണ്ണിയേട്ടനെപ്പോലെ രാഷ്ട്രീയം തലക്കടിച്ചിട്ടില്ലെങ്കിലും ചെറിയൊരു വിപ്ലവച്ചായ്‌വുള്ളതിനാല്‍ തറവാട്ടുകാര്‍ക്കിടയില്‍ ഒരു നീരസം സദാനന്ദന്‍ സമ്പാദിച്ചിരുന്നു. "ആ ഉണ്ണീടെകൂടെ കൂടി ഇവന്റെ തലതിരിഞ്ഞുപോയി" എന്ന് ഇടയ്ക്കിടെ പണിക്കാരത്തികള്‍ കേള്‍ക്കേ പറഞ്ഞ്‌ ആശ്വസിക്കാറുണ്ടായിരുന്നു, സദാനന്ദന്റെ അമ്മ. ഉണ്ണിയേട്ടന്റെ വളര്‍ച്ചയില്‍ ഒരു താങ്ങായി എപ്പോഴും സദാനന്ദനുണ്ടായിരുന്നു. ഡിഗ്രി വരെയും ഒരുമിച്ച്‌ പഠിച്ചവരാണവര്‍. ഉണ്ണിയേട്ടന്‍ വളരെയധികം നിര്‍ബന്ധിച്ചുവെങ്കിലും തുടര്‍ന്നു പഠിക്കാന്‍ സദാനന്ദന്‌ താല്‍പര്യമുണ്ടായിരുന്നില്ല. രാഷ്ട്രീയമോഹങ്ങൊളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഉണ്ണിയേട്ടനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എപ്പോഴും സദാനന്ദനുണ്ടായിരുന്നു. പാര്‍ട്ടിക്കകത്ത്‌ സ്ഥാനമാങ്ങളും ഉന്നതങ്ങളില്‍ പിടിപാടുമായപ്പോള്‍, സദാനന്ദന്‌ കളമശ്ശേരിയിലെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ മോശമല്ലാത്ത ഒരു ജോലി തരപ്പെടുത്തിക്കൊടുക്കാന്‍ ഉണ്ണിയേട്ടന്‍ മറന്നില്ല.

അങ്ങിനെ തന്റെ ഉയര്‍ച്ചയുടെയും പ്രശസ്തിയുടെയും പ്രഭാവനാളുകളില്‍ ഉണ്ണിയേട്ടന്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ആരും സ്വപ്നേപി വിചാരിച്ചില്ല. സരോജിനിക്ക്‌ കല്യാണമാലോചിച്ച്‌ തുടങ്ങിയ നാളുകളായിരുന്നു. ഉണ്ണിയേട്ടനെയല്ലാതെ ആരെയും തനിക്കുവേണ്ടാ എന്ന് കരഞ്ഞ സരോജിനിയെ അമ്പലംവിഴുങ്ങി മുറിയിലടച്ചിട്ടു. ഒരൊളിച്ചോട്ടവും വിപ്ലവക്കല്യാണവും പ്രതീക്ഷിച്ചിരുന്ന നാട്ടുകാരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട്‌ ഉണ്ണിയേട്ടന്‍ ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷനായി. കണ്ണൂരില്‍ പാര്‍ട്ടി സമ്മേളനത്തിന്‌ പോയ ഉണ്ണിയേട്ടന്‍ പിന്നെ തിരിച്ചുവന്നില്ല. പകരം അയച്ച കത്തില്‍ താന്‍ പോവുകയാണെന്നും, ആരും അന്വേഷിക്കേണ്ടതില്ലെന്നും ഒരു വരിമാത്രം എഴുതിയിരുന്നു. കൈയ്യക്ഷരം ഉണ്ണിയേട്ടന്റേതു തന്നെയെന്ന് സ്ഥിരീകരിച്ചു. ഉണ്ണിയേട്ടന്റെ തിരോധാനത്തെപറ്റിയുള്ള അഭ്യൂഹങ്ങളായിരുന്നു പിന്നീട്‌. പാര്‍ട്ടിക്കകത്തുള്ള അസൂയാലുക്കള്‍ ഒതുക്കിയതാണെന്നും അതല്ല രാഷ്ട്രീയവൈരം മൂലം എതിര്‍പാര്‍ട്ടിക്കാര്‍ വകവരുത്തിയതാണെന്നുമുള്ള പലവിധ വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടു. അമ്പലംവിഴുങ്ങിയുടെ നേരെയും ചിലര്‍ ഒളിയമ്പുകള്‍ എയ്തു. അതിനുള്ള ധൈര്യമൊന്നും അദ്ദേഹത്തിനില്ല എന്ന് നാട്ടുകാര്‍ക്കുത്തമ ബോദ്ധ്യമുള്ളതിനാല്‍ ആ ആരോപണം വിലപ്പോയില്ല.

വാസ്വേട്ടനെയും ഭാന്വേച്ചിയെയും തകര്‍ത്തുകളഞ്ഞ ഒരു സംഭവമായിരുന്നു അത്‌. വാസ്വേട്ടന്‍ പിന്നീട്‌ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതായി. സ്വയം വിധിച്ച ഏകാന്തതടവില്‍ തളയ്ക്കപെട്ട ഒരു ജീവിതമായി വാസ്വേട്ടന്റെത്‌. തറവാട്ടുകാര്യങ്ങളെല്ലാം സഹോദരനായ നാണുവേട്ടനെ ഏല്‍പിച്ചു. സരോജിനിയുടെ കാര്യമായിരുന്നു എറ്റവും ദയനീയം. ഇന്നുവരും നാളെവരും എന്നുള്ള കാത്തിരിപ്പ്‌ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊടും നിരാശയായി മാറി. ഒടുവില്‍ ഒട്ടേറെ ചികില്‍സയുടെയും നേര്‍ച്ചയുടെയും ഫലമായി സരോജിനി പതുക്കെ പതുക്കെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ മടങ്ങി. ലീവെടുത്ത്‌ മാങ്ങളോളം സതീര്‍ഥ്യനെ അന്വേഷിച്ചു നടന്ന സദാനന്ദനും ഉണ്ണിയേട്ടനില്ലാത്ത ജീവിതവുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയിരുന്നു. കാലക്രമേണ ഉണ്ണിയേട്ടന്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമല്ല്ലാതായി. വല്ലപ്പോഴുമൊരിക്കല്‍ ചായക്കടയില്‍ വച്ചോ പാര്‍ട്ടിസമ്മേളനത്തില്‍ വച്ചോ ആരെങ്കിലും ഓര്‍മ്മിച്ചാലായി. പലതും മറന്നകൂട്ടത്തില്‍ ഉണ്ണിയേട്ടനെയും മറന്നു.

ഉണ്ണിയേട്ടനെ കാണാതായി ഏകദേശം അഞ്ച്‌ വര്‍ഷങ്ങള്‍ക്കുശേഷം സരോജിനിയും സദാനന്ദനും തമ്മില്‍ വിവാഹിതരായതായിരുന്നു നാട്ടില്‍ ചര്‍ച്ചാവിഷയമായ മറ്റൊരു സംഗതി. സദാനന്ദന്‌ സരോജിനിയെ മുമ്പേ നോട്ടമുണ്ടായിരുന്നെന്ന് ഒരു കിംവദന്തി പരന്നെങ്കിലും വാസ്തവം മറിച്ചായിരുന്നു. ഉണ്ണിയേട്ടന്റെ തിരോധാനത്തിനു ശേഷം ഭാസ്കരമേനോന്‍ തീരാ ദുഃഖത്തിലായിരുന്നു. ഉണ്ണിയേട്ടന്റെ തിരോധാനവും അതിനെ ഫലമായി മകളുടെ മനോനില തെറ്റിയതും ഒരു പിതാവെന്ന നിലയില്‍ മേനോനെ കുറ്റബോധത്തിന്റെ കൊടുമുടിയിലെത്തിച്ചു. താന്‍ ചെയ്തുകൂട്ടിയതിന്റെ ഫലമാണിതെല്ലാം എന്ന് വിശ്വസിച്ച്‌ മേനോന്‍ ആദ്ധ്യാത്മികതയില്‍ അഭയം തേടി. പിന്നീട്‌ ഒഴിവുള്ളപ്പോഴൊക്കെ അമ്പലങ്ങള്‍ സന്ദര്‍ശിക്കാനാണ്‌ മേനോന്‍ താല്‍പര്യപ്പെട്ടത്‌. വിവാഹം കഴിയാത്ത ഒരേയൊരുമകളെ കുറിച്ചോര്‍ക്കുമ്പോള്‍ മേനോന്റെ മനസ്സില്‍ തീയായിരുന്നു. ചെറിയൊരു ഹാര്‍ട്ടറ്റാക്ക്‌ കൂടി വന്നതോടെ മകളെ ആരെയെങ്കിലുമേല്‍പിച്ച്‌ കണ്ണടക്കണം എന്ന ഒറ്റ വിചാരം മാത്രമേ മേനോനുണ്ടായിരുന്നുള്ളൂ. അങ്ങിനെയാണ്‌ ഒരിക്കല്‍ സദാനന്ദനെ കണ്ടപ്പോള്‍ മേനോന്‍ തന്റെ ഉള്ളുതുറന്നത്‌. മരിച്ചുപോയ ചങ്ങാതിയോട്‌ ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ സഹായമായിരിക്കും ഈ വിവാഹം എന്ന് മേനോന്‍ കരഞ്ഞപേക്ഷിച്ചു. ആദ്യം പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും മേനോന്റെ നിര്‍ബന്ധത്തിനും അപേക്ഷക്കും മുമ്പില്‍ ഇരുവര്‍ക്കും സമ്മതിക്കേണ്ടിവന്നു.

കാലം പിന്നെയും കടന്ന് പോയി. വാസ്വേട്ടന്‍ തീര്‍ത്തും ശയ്യാവലംബിയായിക്കഴിഞ്ഞിരുന്നു. ഭാസ്കരമേനോന്‍ രണ്ടാമത്തെ അറ്റാക്കില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. സദാനന്ദനും സരോജിനിക്കും രണ്ട്‌ സന്താനങ്ങളായിരുന്നു. ഉണ്ണിയേട്ടനെ കാണാതായിട്ട്‌ പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞിരുന്നു. മരിച്ചു എന്ന് തന്നെ എല്ലാവരും വിശ്വസിച്ചു.


ഒരു ദിവസം ഗുരുവായൂരിലേക്ക്‌ ഓട്ടം പോയ ടാക്സിക്കാരന്‍ വിശ്വന്‍, ഉണ്ണിയേട്ടനെ ഗുരുവായൂരമ്പലത്തില്‍ വച്ച്‌ കണ്ടു, എന്ന വാര്‍ത്തയുമായിട്ടാണ്‌ തിരിച്ചു വന്നത്‌. താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരു സന്യാസിയുടെ രൂപമാണ്‌ വിശ്വം വരച്ചു കാട്ടിയത്‌. എല്ലാവര്‍ക്കും അവിശ്വസനീയമായി തോന്നി. കേട്ടപാതി ഗുരുവായൂര്‍ക്ക്‌ പോകണമെന്നായി വാസ്വേട്ടന്‌. സരോജിനിയും കരച്ചിലായി. അവസാനം എല്ലാവരുംകൂടി വിശ്വത്തിന്റെ വണ്ടിയില്‍ ഗുരുവായൂര്‍ക്ക്‌ പുറപ്പെട്ടു. വിശ്വത്തിനോടൊപ്പം ഉണ്ണിയേട്ടനെ തിരഞ്ഞുനടന്ന സദാനന്ദനാണ്‌ ഉണ്ണിയേട്ടനെ ആദ്യം കണ്ടത്‌. തിരക്കില്‍ നിന്നൊഴിഞ്ഞ്‌ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന ഉണ്ണിയേട്ടന്‍. ജടപിടിച്ച മുടിയും കുഴിഞ്ഞ കണ്ണുകളും മുഷിഞ്ഞ കാവിയും, വെയിലേറ്റ്‌ കരുവാളിച്ച തൊലിയും. നോക്കിനിന്ന് കണ്ണിരൊഴുക്കാനേ സദാനന്ദന്‌ കഴിഞ്ഞുള്ളൂ. "ഉണ്ണീ" എന്നുള്ള വിളികേട്ട്‌ സന്യാസി കണ്ണുതുറന്നു. സദാനന്ദനെ സൂക്ഷിച്ചു നോക്കി.

"എന്നെ മനസ്സിലായോ?" സദാനന്ദന്‍ കരയുന്നപോലെ ചോദിച്ചു. ഒരു തലയാട്ടലായിരുന്നു മറുപടി.

"എല്ലാരും വന്നിട്ടുണ്ട്‌. ഒന്ന് കാണാന്‍...." സദാനന്ദന്‍ ഇടയ്ക്കുവച്ച്‌ നിറുത്തി.

"ശരി. പോകാം" സന്യാസിയുടെ ഒച്ചക്ക്‌ ഉണ്ണിയുടേതുമായി വിദൂരസാമ്യം പോലുമില്ലെന്നത്‌ സദാനന്ദനെ അമ്പരപ്പിച്ചു.മാത്രമല്ല ആ മുഖത്ത്‌ കണ്ട അപരിചിതത്വം കുറച്ചൊന്നുമല്ല സദാനന്ദനെ വിഷമിപ്പിച്ചത്ഠന്റെ കൂടെ നടക്കുന്നത്‌ ഉണ്ണിതന്നെയാണോ എന്ന് സദാനന്ദന്‍ ശരിക്കും സംശയിച്ചു.

വിശ്വം ഇതിനകം എല്ലാവരോടും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. നടക്കാന്‍ സാധിക്കാത്തതിനാല്‍ കാറിന്റെ ഡോറില്‍ പിടിച്ച്‌ സൂക്ഷിച്ച്‌ നോക്കുകയായിരുന്നു, വാസ്വേട്ടന്‍. ഭാന്വേച്ചിയും സരോജിനിയേച്ചിയും ഷോക്കടിച്ചപോലെ നില്‍ക്കുന്നുണ്ടായിരുന്നു. അടുത്തെത്തിയതും സന്യാസിയുടെ കൈ കവര്‍ന്ന് ഏങ്ങിയേങ്ങിക്കരഞ്ഞു വാസ്വേട്ടന്‍. പെണ്ണുങ്ങള്‍ രണ്ടുപേരും സാരിത്തലപ്പുകള്‍ വായില്‍തിരുകി കരച്ചിലമര്‍ത്തി. ഇത്രയൊക്കെ സംഭവിച്ചിട്ടും തീര്‍ത്തും വികാരരഹിതമായിരുന്നു സന്യാസിയുടെ മുഖം.

"നമുക്കെവിടെയെങ്കിലും ഇരുന്ന് സംസാരിക്കാം." സമീപത്തുള്ള ഹോട്ടല്‍ ചൂണ്ടി സദാനന്ദന്‍ പറഞ്ഞു. വാസ്വേട്ടനെയും താങ്ങി സദാനന്ദന്‍ മുമ്പില്‍ നടന്നു.

'എനിക്കല്‍പം വെള്ളം മാത്രം മതി." സന്യാസിയുടെ ശബ്ദം കേട്ട്‌ എല്ലാവരും ഒന്ന് ഞെട്ടി. വാസ്വേട്ടന്‍ അപ്പോഴും ആ കൈയ്യില്‍ മുറുകെ പിടിച്ചിരുന്നു. ഇനിയും വിട്ട്‌ പോകുമോ എന്ന പേടിയുള്ളതുപോലെ.

"വാസൂ, എല്ലാമൊരു യോഗമായിട്ട്‌ കരുതിയാല്‍ മതി." സന്യാസിയുടെ വാക്കുകള്‍ വിദൂരതയില്‍ നിന്ന് വരുന്നത്‌ പോലെ തോന്നി.

"ബന്ധങ്ങളെല്ല്ലാം ഉപേക്ഷിച്ച്‌ ഭഗവല്‍ സമക്ഷം അര്‍പ്പിച്ചിരിക്കുകയാണീ ജീവിതം. ഒരു തിരിച്ച്‌ പോക്ക്‌ ഇനി സാദ്ധ്യമല്ല."

"എനിക്കൊരു കാര്യം അറിയണം. എവിടെയായിരുന്നു ഇത്രകാലം" സദാനന്ദന്‌ ചോദിക്കാതിരിക്കാനായില്ല.

ചുരുങ്ങിയ വാക്കുകളില്‍ സന്യാസി ആ അനുഭവം വിവരിച്ചു. കണ്ണൂര്‍ പാര്‍ട്ടി സമ്മേളനത്തിനിടയില്‍ ഒരു രാത്രിയില്‍ ഒരുള്‍വിളി ഉണ്ടായതും, കാശിയില്‍ വച്ച്‌ ദീക്ഷ സ്വീകരിച്ചതും, സന്യാസിയായി ഭിക്ഷ യാചിച്ച്‌ ഇന്ത്യ മുഴുവനലഞ്ഞതും മറ്റും. "ഇനിയെനിക്ക്‌ മറ്റൊരു ജീവിതമില്ല. ഈ ജന്മത്തില്‍ തന്നെ മോക്ഷം പ്രാപിക്കുകയാണ്‌ എന്റെ ലക്ഷ്യം. അതുകൊണ്ട്‌ നിറഞ്ഞ മനസ്സോടെ എന്നെ പോകാനനുവദിക്കണം. "

'ഉണ്ണിയേട്ടാ, ഞാന്‍..." സരോജിനിയുടെ വാക്കുകള്‍ ഇടക്കുവച്ച്‌ സന്യാസി തടഞ്ഞു. പിന്നെ സദാനന്ദനെ നോക്കി പറഞ്ഞു.

"സദാനന്ദാ, നീ ചെയ്തത്‌ എന്തുകൊണ്ടും ശരിയാണ്‌. അതായിരുന്നു സംഭവിക്കേണ്ടിയിരുന്നതും."

സംഭാഷണം അവസാനിപ്പിച്ചപോലെ എഴുന്നേറ്റു നിന്നു കൈകൂപ്പിക്കോണ്ട്‌ സന്യാസി ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു.

"എല്ലാവരും സന്തോഷത്തോടുകൂടി എന്നെ പോകാനനുവദിക്കണം. വിധിയെ തടുക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല. " സന്യാസി നടന്നകന്നു.

എന്തോ പറയാനാഞ്ഞ ഭാന്വേച്ചിയെ വാസ്വേട്ടന്‍ തടഞ്ഞു. നിറകണ്ണുകളോടെ സ്വന്തം അനിയന്‌ യാത്രാനുമതി കൊടുക്കുകയായിരുന്നു വാസ്വേട്ടന്‍.

4 Comments:

Blogger sahayaathrikan said...

രണ്ടു ദിവസമായി ഒരു പനിപിടിച്ചിട്ട്. ഇടയ്ക്ക് ബ്ലൊഗിനെപറ്റി ഓര്‍മ്മിച്ചപ്പോഴാണ്‍, ഉണ്ണിയേട്ടനെപറ്റി ഓര്‍മ്മ വന്നത്. ഇപ്പോഴും എനിക്ക് മനസ്സിലാകാത്ത ഒരു പ്രഹേളികയാണ്‍ ഈ കഥാപാത്രം. ഈ essay വായിച്ച് ബോറടിച്ചെങ്കില്‍ ക്ഷമിക്കുക

6:20 AM  
Blogger Abdul Gafoor Rahmani said...

നല്ല കഥ . ഇഷ്ടപ്പെട്ടു. പോരട്ടെ ഇതു പോലത്തവ.
പല ഉള്‍വിളികളും സരോജിനിമാര്‍ക്കു ഗുണം ചെയ്യും

7:38 AM  
Blogger ഇടിവാള്‍ said...

നല്ല കഥ ഗെഡീ ! നന്നായീ വിവരണവും

1:21 AM  
Blogger വേണു venu said...

വഴിഞ്ഞ ലാവണ്യമൊടാടിനില്‍ക്കവേ
കൊഴിഞ്ഞുപോം ചില്ലയില്‍ നിന്നു താരുകള്‍
തെളിഞ്ഞ വാനില്‍ കളിയാടിയോടവേ
മുറിഞ്ഞുവീഴും ചില കൊച്ചു താരകള്‍

കഥ ഇഷ്ടപ്പെട്ടു.
വേണു.

12:25 AM  

Post a Comment

<< Home