Friday, June 30, 2006

ഒരു മൂന്നാര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്‌ - photoblog

"ഇത്തവണ നമുക്ക്‌ മൂന്നാറില്‍ പോയാലോ?" ചാക്കോചേട്ടന്റെ വക ഞായറാഴ്ചകളിലുള്ള പതിവ്‌ ഒത്തുകൂടലുകളിലൊന്നിലാണ്‌ മൂന്നാര്‍ സന്ദര്‍ശനം പരിഗണനയില്‍ വന്നത്‌. ചാക്കോചേട്ടന്‍ തന്നെയാണ്‌ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്‌.

"ഈ വയസ്സുകാലത്ത്‌ മല കയറണോ?" ബ്രാന്റി ഗ്ലാസ്സുകളില്‍ പകര്‍ത്തുകയായിരുന്ന, ചാക്കോചേട്ടന്റെ സ്ഥിരം ശത്രു, പ്രകാശിന്റെ വക കമന്റ്‌. ചാക്കൊചേട്ടനെ പ്രകോപിപ്പിക്കുകയാണ്‌ ലക്ഷ്യം.

"വയസ്സു നിന്റെ അപ്പന്‌" ചാക്കോചേട്ടനും വിട്ടുകൊടുത്തില്ല. ചാക്കോചേട്ടന്‌ വയസ്സ്‌ 68 ആയി. പതിവായി വ്യായാമം ചെയ്യും. ദിവസവും 5കി.മീ. നടക്കും. അതുകഴിഞ്ഞ്‌ 1 മണിക്കൂര്‍ excercise വേറെ. അല്‍പം പോലും കുടവയറില്ല. എനിക്കും പ്രകാശിനുമാണെങ്കില്‍ അത്‌ വേണ്ടുവോളമുണ്ട്‌. നന്നായി ഡ്രസ്‌ ചെയ്താല്‍ ചാക്കോചേട്ടന്‌ 50 വയസ്സ്‌ പോലും പറയില്ല.

"എടാ, നീ തന്നെ പറ, എനിക്ക്‌ വയസ്സയോടാ?" പതിവുപോലെ എന്റെ സപ്പോര്‍ട്ടു നേടാനാണ്‌ ചേട്ടന്റെ ശ്രമം. വയസ്സില്‍ കയറിപിടിച്ചാല്‍ ചാക്കോചേട്ടനു സഹിക്കില്ല.

"പിന്നെ, 68 വയസ്സെന്നു പറഞ്ഞാല്‍ കുഴിയിലേക്ക്‌ കാലുനീട്ടിയെന്നല്ലേ" എനിക്കുമുമ്പേ പ്രകാശ്‌ വീണ്ടും യുദ്ധം തുടങ്ങി.

"നീയിന്ന് എന്റെ കയ്യില്‍ നിന്ന് വേടിക്കും" ചാക്കോചേട്ടന്‍ ചാടിയെഴുന്നേറ്റു.

"ഇന്നെന്താ ആദ്യമേതന്നെ തുടങ്ങിയോ, രണ്ടും?" ഒരു പ്ലേറ്റില്‍ ഇറച്ചിക്കറിയും മറ്റേതില്‍ ചെമ്മീന്‍ വറുത്തതുമായി വന്ന അന്നാമ്മ ചേടത്തിയുടെ വക ചോദ്യം.

ചാക്കോചേട്ടനും അന്നാമ്മ ചേടത്തിയും "made for each other" എന്നാണ്‌ ഞങ്ങള്‍ പറയുക. നല്ല ഐശ്വര്യമുള്ള മുഖം. നല്ല ആരോഗ്യം. ചാക്കോചേട്ടനെപ്പോലെ പ്രായം ബാധിക്കാത്ത ശരീരം. കണ്ടാല്‍ ഇപ്പോഴും സുന്ദരി തന്നെ. എന്റെയും പ്രകാശിന്റേയും ഭാര്യമാര്‍ക്ക്‌ അവരോട്‌ ചെറിയ അസൂയയുണ്ടെന്നും കൂട്ടിക്കോളൂ.

"അല്ലെങ്കിലും വെള്ളമടിക്കുംബോള്‍ ഒരടി എന്നും ഉറപ്പല്ലേ" അടുക്കളയില്‍ നിന്നും പ്രകാശിന്റെ ഭാര്യ രമ.

"വെറുതെ നാട്ടുകാരെ കേള്‍പ്പിക്കാന്‍, അല്ലാതെന്താ?" എന്റെ ശ്രീമതി ഏറ്റുപിടിച്ചു.

കുണ്ടല ഡാം - യൂക്കാലിപ്റ്റസ് മരങ്ങള്‍ക്കിടയിലൂടെ....
A view among trees

ഞങ്ങളുടെ ഞായറാഴ്ചകള്‍ സമ്പന്നമാക്കുന്നത്‌, ഈ വെള്ളമടിയും ഈ വഴക്കുമെൊക്കെയാണ്‌. ചാക്കോചേട്ടന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനാണ്‌. അച്ചുമ്മാവന്റെ ആരാധകന്‍. പ്രകാശ്‌ സന്ദര്‍ഭത്തിനൊത്ത്‌ രാഷ്ട്രിയം മാറും. ചാക്കോചേട്ടന്‍ കമ്മ്യുണിസ്റ്റാവുംബോള്‍ പ്രകാശ്‌ കോണ്‍ഗ്രസ്സ്‌. ചാക്കോചേട്ടന്‍ അച്ചുതാനന്ദനാണെങ്കില്‍ പ്രകാശ്‌ പിണറായിചേരിയിലായിരിക്കും. തമ്മില്‍ തല്ലുകൂടി ഒരു ബഹളം ഉണ്ടാക്കുക എന്നതുതന്നെ രണ്ടുപേരുടെയും ഉദ്ദേശം. രണ്ടുപേരും വഴക്കുകൂടുന്നതു കണ്ടാല്‍ തോന്നും ഇവരിനി ഒരിക്കലും യോജിക്കില്ല എന്ന്. പക്ഷേ രണ്ടുപേര്‍ക്കും പരസ്പരം വലിയ കാര്യമാണ്‌. പ്രകാശ്‌ ടൂര്‍ പോകുംബോഴാണ്‌ ഏറ്റവും രസം. ഒോരോ രണ്ടുമാസം കൂടുമ്പോഴും പ്രകാശ്‌ ബിസിനസ്സാവശ്യത്തിന്‌ ടൂര്‍ പോകാറുണ്ട്‌. മിക്കവാറും ഒരാഴ്ച കഴിഞ്ഞായിരിക്കും വരുന്നത്‌. എയര്‍പ്പോര്‍ട്ടില്‍ കൊണ്ടുവിടുന്നത്‌ ചാക്കോചേട്ടനായിരിക്കും. സ്ഥലത്തുണ്ടെങ്കില്‍ ഞാനും പോകാറുണ്ട്‌. രമയുടെ വക ഒരു ശോകസീന്‍ കഴിയുമ്പോഴേക്കും ചാക്കോചേട്ടന്‍ കാറുമായി വരും. എയര്‍പ്പോര്‍ട്ടില്‍ എത്തുമ്പോഴേക്ക്‌ ചാക്കോചേട്ടന്‍ വികാരാധീനനാവാന്‍ തുടങ്ങും. "purseഉം passportഉം എപ്പോഴും സൂക്ഷിക്കണം. അധികം കള്ളുകുടിക്കരുത്‌" തുടങ്ങിയ ഉപദേശങ്ങളോടെയായിരിക്കും തുടക്കം.checkin ചെയ്യുമ്പോഴേക്കും ചാക്കോചേട്ടന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാകും. ചിലപ്പോള്‍ തോന്നും ചാക്കോചേട്ടന്‌ ഒരു കൊച്ചുകുട്ടിയുടെ മനസ്സാണെന്ന്.

കോടമഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങള്‍
DSC01551

എന്റെ ഭാര്യ അമ്മുവിനാണെങ്കില്‍ അന്നാമ്മചേടത്തി കഴിഞ്ഞിട്ടെയുള്ളു സ്വന്തം അമ്മപോലും. ഒരു സാരി വാങ്ങണമെങ്കില്‍, ഒരു കറി വയ്ക്കണമെങ്കില്‍ - എല്ലാം അന്നാമ്മചേടത്തിയോടു ചോദിച്ചിട്ടേ ചെയ്യൂ.പ്രകാശിന്റെ ഭാര്യ രമയുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. കല്യാണം കഴിച്ചു കൊണ്ടുവരുമ്പോള്‍ രമയ്ക്ക്‌ പാചകം ഒട്ടുംതന്നെ അറിയില്ലായിരുന്നു. ഒരു ചായവരെ കഷ്ടിച്ചൊപ്പിക്കും. അന്നാമ്മചേടത്തിയുടെ രണ്ടാഴ്ചത്തെ ട്രെയിനിങ്ങ്‌ കൊണ്ട്‌ രമ ഒരു above average കുക്കായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

"മൂന്നാറില്‍ തണുപ്പാണ്‌. കുട്ടിയ്ക്ക്‌ ജലദോഷം പിടിക്കും. നമുക്ക്‌ ഇവിടെ എവിടെയെങ്കിലുമുള്ള റിസോര്‍ട്ടില്‍ പോയാല്‍പോരെ?." രമ പറഞ്ഞു. ഒന്നര വയസ്സുകാരന്‍ അഭിഷേകിന്റെ ആരോഗ്യമാണ്‌ തടസ്സം.

"രമേ, നിന്നോട്‌ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്‌, കുട്ടികളെ വെയിലും മഴയും കൊള്ളിച്ചു വളര്‍ത്തണം എന്ന്. Objection overruled ". ചാക്കോചേട്ടന്‍ വിധി പ്രഖ്യാപിച്ചു.

കുണ്ടല ഡാം - അഭിയുടെ അഭ്യാസങ്ങള്‍
DSC01642

പ്രകാശിനും രമയ്ക്കും താമസിച്ചാണ്‌ കുട്ടിയുണ്ടായത്‌. അതും വളരെയധികം നേര്‍ച്ചകള്‍ക്കും ചികില്‍സകള്‍ക്കും ശേഷം. "തലയില്‍ വച്ചാല്‍ പേനരിക്കും" എന്ന രീതിയില്‍ കുട്ടിയെ വളര്‍ത്താനായിരുന്നു രമയുടെ ശ്രമം. അവനൊരു പനിവന്നാല്‍ രണ്ടുപേര്‍ക്കും ടെന്‍ഷനായിരുന്നു. കുട്ടിക്കാണെങ്കില്‍ സ്ഥിരം അസുഖവും. ഒരുവിധം എല്ലാ ഡോക്ടര്‍മാരും മാറിമാറി കുട്ടിയെ ചികില്‍സിച്ചു കഴിഞ്ഞിരുന്നു. "വളര്‍ത്തുന്ന രീതി ശരിയല്ല" എന്ന് ആയിടയ്ക്ക്‌ ചാക്കോചേട്ടന്‍ തുറന്നടിച്ചുപറഞ്ഞത്‌ ഒര്‍ല്‍പം നീരസം ഉണ്ടാക്കിയില്ല്ലേ എന്ന് സംശയം. എന്തായാലും ചാക്കോചേട്ടന്‍ വിട്ടുകൊടുത്തില്ല. എക്സര്‍സൈസിനുശേഷം ചാക്കോചേട്ടന്‍ പതിവായി പ്രകാശിന്റെ വീട്ടിലെത്തും. കുട്ടിയെയുമെടുത്ത്‌ ഇളംവെയിലില്‍ ഒരിരുപത്‌ മിനിട്ട്‌ നടക്കും. വൈകുന്നേരം അന്നാമ്മചേടത്തിയായിരിക്കും അഭിയെ കൊണ്ടുപോകുന്നത്‌. ഒരാഴ്ച കൊണ്ട്‌ അഭിയുടെ വിളര്‍ച്ച മാറിക്കിട്ടി. ഇപ്പോള്‍ വല്ലപ്പോഴും മാത്രമേ അഭിഷേകിനു അസുഖം വരാറുള്ളൂ. എങ്കിലും രമയ്കിപ്പോഴും പേടിയാണ്‌.

"ചാക്കോചേട്ടന്‍ പറഞ്ഞതാണ്‌ ശരി. അവന്‍ കുറച്ചു മഞ്ഞും കൊള്ളട്ടെ" പ്രകാശ്‌ ചാക്കോചേട്ടനെ പിന്താങ്ങി. ഞാനാണെങ്കില്‍ മൂന്നാര്‍ ഇതുവരെയും കണ്ടിട്ടില്ല. അതുകൊണ്ട്‌ എനിക്കു പരിപൂര്‍ണ്ണ സമ്മതമായിരുന്നു. അങ്ങിനെ മൂന്നാര്‍ സന്ദര്‍ശനത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി.

ഫോഗ് വാക്ക്..
DSC01539

മദ്ധ്യവേനലവധിക്കാലം ഏകദേശം കഴിയാറായിരുന്നു. മെയ്‌ ഇരുപതിന്‌ പോയിട്ട്‌ പിറ്റേ ദിവസം മടങ്ങുവാന്‍ തീരുമാനിച്ചു. ചാക്കോചേട്ടന്‍ തന്നെ മുന്‍ കൈയെടുത്ത്‌ ഒരു Tempo Traveller ബുക്ക്‌ ചെയ്തു. താമസം മുന്നാര്‍ ടൌണില്‍ നിന്നും ഏകദേശം 1/2കി.മീ. മാറി, "Marthoma Camp Center" എന്ന പള്ളിവക സ്ഥലത്ത്‌ ഏര്‍പ്പാടാക്കി. ടൂര്‍ ഓര്‍ഗ്ഗനൈസ്‌ ചെയ്യുവാനുള്ള ചാക്കോചേട്ടന്റെ വൈഭവം ഒരിക്കല്‍ കൂടി ഞങ്ങള്‍ കണ്ടറിഞ്ഞു. ചാക്കോചേട്ടന്‍ എപ്പോഴും പറയും, "യാത്ര, താമസം, ഭക്ഷണം - ഇതു മൂന്നും നന്നായാല്‍ ടൂര്‍ അടിപൊളിയാകും."

അവസാനം കാത്തിരുന്ന ദിവസം വന്നെത്തി. രണ്ട്‌ വലിയ ബാസ്കറ്റുമായാണ്‌ ചാക്കോചേട്ടന്റെ വരവ്‌. വഴിയില്‍ കഴിക്കുവാനുള്ള ഫ്രൂട്സ്‌, വെള്ളം, അന്നാമ്മചേടത്തി പ്രത്യേകം ഉണ്ടാക്കിയ മുറുക്ക്‌, കുഴലപ്പം,ഉണ്ണിയപ്പം തുടങ്ങിയവയും മദ്യപാനികള്‍ക്കായി ചെമ്മീന്‍ അച്ചാര്‍, ബീഫ്‌ ഫ്രൈ, താറാവിന്റെ മുട്ട പുഴുങ്ങിയത്‌ എന്നിവയായിരുന്നു അതില്‍. കള്ളുകുടിയന്മാര്‍ക്കായി പ്രത്യേകം റിസര്‍വ്വ്‌ ചെയ്ത ബാക്ക്‌ സീറ്റ്‌ പ്രകാശ്‌ ഇതിനകം കയ്യടക്കിയിരുന്നു.

ആലുവയില്‍ നിന്നും ഏകദേശം 120km ദൂരെയാണ്‌ മൂന്നാര്‍. പെരുമ്പാവൂര്‍, കോതമംഗലം, അടിമാലി എന്നിവയാണ്‌ ഇടക്കുവരുന്ന ടൌണുകള്‍. കോതമംഗലം ആയപ്പോഴേക്കും ഭൂപ്രകൃതി പാടെ മാറി തുടങ്ങി. കിഴക്കന്‍ മലമ്പ്രദേശങ്ങള്‍ ശരിക്കും ഒരു കാഴ്ച തന്നെയാണ്‌. കുന്നുകളും മരങ്ങളും ഇടക്കിടെ കാണുന്ന ചെറുപുഴകളും നോക്കിയിരിക്കാന്‍ തന്നെ ഒരു രസമാണ്‌. ജനസാന്ദ്രത തീരെ കുറവാണ്‌. നല്ല റോഡായതുകൊണ്ട്‌ ഡ്രൈവര്‍ സാമാന്യം നല്ല വേഗത്തിലാണ്‌ വണ്ടി ഓടിക്കുന്നത്‌.

വഴിയോരക്കാഴ്ചകള്‍
malayoram

പ്രകാശും ചാക്കോചേട്ടനും ഓരോ ബിയര്‍ കഴിച്ചുകൊണ്ട്‌ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചയിലാണ്‌. കുട്ടികള്‍ ഒരു ഫുട്ബോള്‍ ഗ്രൌണ്ടിലെന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നു. പെണ്ണുങ്ങള്‍ മൂന്നും ഏറ്റവും മുമ്പില്‍ സരസ സംഭാഷണത്തിലാണ്‌. വണ്ടിയില്‍ കയറിയപ്പോള്‍ തന്നെ തുടങ്ങിയതാണ്‌ മൂന്നുപേരുടെയും കുശുകുശുക്കല്‍. എനിക്കു കുറേശ്ശെ ഉറക്കം വന്നു തുടങ്ങിയിരുന്നു.

"അവന്റെ ഒരു ഉറക്കം. എടാ, എഴുന്നേല്‍ക്കടാ. " ചാക്കോചേട്ടന്റെ വിളി കേട്ടാണ്‌ കണ്ണുതുറന്നത്‌. ബസ്സ്‌ വഴിയുടെ ഓരത്ത്‌ നിറുത്തിയിട്ടിരിക്കുകയായിരുന്നു. നേര്യമംഗലം പാലമായിരുന്നു സമീപത്ത്‌. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലം പോലെ തന്നെയാണ്‌ ഈ പാലവും. 'റ' പോലെയുള്ള സ്പാനുകള്‍. പാലത്തില്‍ നിന്നുള്ള ദൃശ്യം പറഞ്ഞറിയിക്കാന്‍ വയ്യ. പുഴയും കാടും മലകളും ചേര്‍ന്നൊരുക്കിയ പ്രകൃതിയുടെ ഒരു നിശ്ചല ദൃശ്യം. പെരിയാറിന്റെ ഒരു കൈവഴിയായിരിക്കണം, ഈ പുഴ, അതോ പെരിയാര്‍ തന്നെയോ?

നേരിയമംഗലം പാലത്തില്‍ നിന്ന് നോക്കുമ്പോള്‍
Neriamangalam

പ്രകാശും ചാക്കോചേട്ടനും ദൂരെ മാറിനിന്ന് ആസ്വദിച്ച്‌ മൂത്രമൊഴിക്കുന്നു. അവര്‍ക്കൊരു കമ്പനി കൊടുക്കാനായി ഞാന്‍ അങ്ങോട്ട്‌ ചെന്നു. "ഉച്ചയാവുമ്പോള്‍ നമ്മള്‍ മൂന്നാറിലെത്തിയിരിക്കും" ചാക്കോചേട്ടന്റെ നിഗമനം.

ഞങ്ങളുടെ അടുത്ത സ്റ്റോപ്പ്‌ ചീയപ്പാറ വെള്ളച്ചാട്ടമായിരുന്നു. തട്ടുതട്ടായി ഒഴുകിയിറങ്ങുന്ന വെള്ളിനൂലുകള്‍. വെള്ളച്ചാട്ടത്തിന്റെ അടിയില്‍ പോയി നിന്ന് ഒരു ഫോട്ടോയും എടുത്തു.

ചീയപ്പാറ വെള്ളച്ചാട്ടം
cheeyappara2


കുറച്ചുകഴിഞ്ഞപ്പോള്‍ വാളാര്‍ വെള്ളച്ചാട്ടം കാണാറായി. കുറച്ചകലെയാണ്‌ ഈ വെള്ളച്ചാട്ടം. ചീയപ്പാറപോലെ അടുത്തുനിന്ന് കാണുവാന്‍ സാധിക്കില്ല. വണ്ടി ഇപ്പോള്‍ ശരിക്കും കയറ്റം കയറിതുടങ്ങിയിരുന്നു. രണ്ടുവശത്തും വലിയ മരങ്ങള്‍ ഉണ്ടായിരുന്നു. വഴിയുടെ വീതി വളരെ കുറവായതിനാല്‍ എതിരെ വണ്ടികള്‍ വന്നാല്‍ കുഴങ്ങിയതുതന്നെ. ഒരവസരത്തില്‍ ഒരു KSRTC ബസ്സിന്‌ സൈഡ്‌ കൊടുക്കുമ്പോഴാണ്‌ ചാക്കോചേട്ടന്‍ അത്‌ കണ്ടുപിടിച്ചത്‌. "ദേ, കൊക്ക കാണണമെങ്കില്‍ ഈ സൈഡിലേക്കു നോക്ക്‌". കുട്ടികളും സ്ത്രീകളുമെല്ലാം ഉത്സാഹത്തോടെ നോക്കി. അഗാധമായ ഒരു കൊക്ക. അങ്ങു താഴെ ഒരു പുഴ ഒഴുകുന്നതു കാണാം. നോക്കുമ്പോള്‍ തന്നെ പേടിയാവുന്നു,

"കഴിഞ്ഞ ദിവസം ഇവിടെയാണ്‌ ഒരു മാരുതിക്കാര്‍ താഴേക്കു പോയത്‌."ഡ്രൈവര്‍ അറിയിച്ചു. അതോടുകൂടി വണ്ടിക്കകത്ത്‌ ഒരു വല്ലാത്ത മൌനം. പ്രകാശിന്റെ കൈയ്യില്‍ വീണ്ടും ഒരു ബിയര്‍ കുപ്പി പ്രത്യക്ഷപ്പെട്ടു.

DSC09251

തേയില തോട്ടങ്ങള്‍ അങ്ങിങ്ങായി കണ്ടുതുടങ്ങി. വണ്ടിക്കുള്ളില്‍ വീണ്ടും ഉത്സാഹം നിറഞ്ഞു. എവിടെയെങ്കിലും ഒന്നു നിര്‍ത്താന്‍ ചാക്കോചേട്ടന്‍ ഓര്‍ഡറിട്ടു. പതിവുപോലെ മൂത്രശങ്കതന്നെ കാരണം.

"ഈ ആണുങ്ങളുടെ ഒരു ഭാഗ്യം. എവിടെ വേണമെങ്കിലും മൂത്രമൊഴിക്കാം." അന്നാമ്മ ചേടത്തി അസൂയയോടുകൂടി പറഞ്ഞു.

"നിങ്ങള്‍ക്കു വേണമെങ്കില്‍ ആ തേയിലച്ചെടിയുടെ മറവില്‍ സാധിച്ചൊ. ഞങ്ങളങ്ങോട്ട്‌ നോക്കില്ല. പോരെ!!" ചാക്കോചേട്ടനും വിട്ടില്ല.

അന്നാമ്മ ചേടത്തിക്കു വാശിയായി. രമയും അമ്മുവും വാശി ഏറ്റെടുത്തു. "എന്നാലങ്ങിനെ തന്നെയാകട്ടെ". മൂന്നുപേരും തേയില ചെടികള്‍ക്കിടയില്‍ മറഞ്ഞു. "കൂ ഊയ്‌" ചാക്കോചേട്ടന്‍ ഓരിയിട്ടു. കുട്ടികളും കൂടെക്കൂടി. ഭാഗ്യത്തിന്‌ സമീപത്തൊന്നും ആരും ഉണ്ടായിരുന്നില്ല. ടോയ്‌ലറ്റുകളുടെ അഭാവം യാത്രപോകുമ്പോള്‍ സ്ത്രീകള്‍ക്ക്‌ ഒരു വലിയ പ്രശ്നം തന്നെയാണ്‌.

DSC09261

ഏകദേശം 12മണിയായപ്പോള്‍ ഞങ്ങള്‍ മൂന്നാറിലെത്തി. എല്ലാവര്‍ക്കും നല്ല വിശപ്പുണ്ടായിരുന്നു. ഭക്ഷണം കഴിച്ചിട്ട്‌ താമസസ്ഥലത്തേക്കു പോകാം എന്ന് തീരുമാനിച്ചു. S.N.Tourist Homeന്റെ മുമ്പില്‍ ഡ്രൈവര്‍ വണ്ടി നിറുത്തി. ചെറിയതെങ്കിലും നല്ല റസ്റ്റോറന്റ്‌.ഊണിന്റെ സമയമായിട്ടേയുള്ളു. അതിനാല്‍ തിരക്കുകുറവായിരുന്നു. എല്ലാവരും ചിക്കണ്‍ ബിരിയാണിയില്‍ തുടങ്ങി. "ഫുഡ്‌ നന്നായിരുന്നു കെട്ടോ" ബില്ല് കൊടുക്കുമ്പോള്‍ ചാക്കോചേട്ടന്‍ കാഷ്യറെ തന്റെ അഭിനന്ദനം അറിയിച്ചു.

തേയിലത്തോട്ടത്തിലെ തണല്‍ മരങ്ങള്‍
MUNNAR-TREE-IN-A-SLOPE

Marthoma Camp Center അന്വേഷിക്കലായി അടുത്ത പരിപാടി. വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു. നേരത്തെ വിളിച്ചുപറഞ്ഞിരുന്നതുകൊണ്ട്‌ അവര്‍ ഞങ്ങളുടെ കോട്ടേജുകളെല്ലാം ഒരുക്കിയിരുന്നു. മുറിയും ബാത്‌ റൂമും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഒരു മണിക്കൂര്‍ വിശ്രമം.അതിനുശേഷം രാജമലയില്‍ പോകാം എന്ന് തീരുമാനമായി.

രാജമലയിലേക്കുള്ള യാത്ര മൂന്നാറിന്റെ പച്ചപ്പിലൂടെയാണ്‌. ഒരു ഘട്ടത്തില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ ആണോ എന്ന് സംശയിച്ചുപോയി. അത്ര മനോഹരമായിരുന്നു ആ ദൃശ്യം. പച്ചമൂടിയ ഒരു താഴ്വാരം. അതില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍. നടുവിലൂടെ ഒഴുകുന്ന അരുവി. മഴ ചാറുന്നുണ്ടായിരുന്നതിനാല്‍ വണ്ടി നിറുത്താന്‍ പറ്റിയില്ല.

സ്വിറ്റ്‌സര്‍ലണ്ട് ആണോ?
DSC01547

പുഴയൊഴുകും വഴി...
wayside-scenery

തേയിലകള്‍ക്കിടയിലൂടെ..
DSC01615

രാജമലയിലെത്തിയപ്പോഴും മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. പോരാത്തതിന്‌ കോടയും. കോടമഞ്ഞ്‌ എനിക്ക്‌ പുതിയ അനുഭവമായിരുന്നു. ചിലപ്പോള്‍ തൊട്ടടുത്തുള്ള ആളെപോലും കാണുവാന്‍ പറ്റില്ല. നല്ല തിരക്കുണ്ടായിരുന്നു. കൂടുതലും വടക്കെ ഇന്ത്യയില്‍ നിന്നും വന്നവരായിരുന്നു.

"കുട്ടികളെ ഞാന്‍ നോക്കിക്കോളാം " ചാക്കോചേട്ടന്‍ കുട്ടികളുമായി മുന്നില്‍ നടക്കാന്‍ തുടങ്ങി.

കോടമഞ്ഞില്‍ നില്‍ക്കുന്ന വരയാട്
MUNNAR-THAR-GOAT

"ദേ, വരയാട്‌" പുറകില്‍ നിന്നും രമ വിളിച്ച്‌ പറഞ്ഞു. കുറച്ചകലെയായി, കോടമഞ്ഞില്‍, ഒരു നിഴല്‍പോലെ വരയാടിനെ കണ്ടു. പെട്ടെന്നുതന്നെ കോടമഞ്ഞില്‍ അത്‌ മാഞ്ഞുപോയി. കുറച്ചുകൂടി നടന്നപ്പോള്‍ വേറൊരാടിനെ വളരെ അടുത്തുനിന്ന് കാണുവാന്‍ സാധിച്ചു.

വരയാട് ക്ലോസപ്പില്‍..
Munnar-Thar

"മുകളില്‍ ഒരുപക്ഷേ ഇനിയും ആടുകളൂണ്ടാകും" ചാക്കോചേട്ടന്‍ ഉത്സാഹത്തോടെ അറിയിച്ചു. വണ്ടികളെല്ലാം താഴെ പാര്‍ക്ക്‌ ചെയ്യണം. ബാക്കി വഴി നടന്ന് കയറണം. ഞാനും പ്രകാശും കിതച്ചുതുടങ്ങിയിരുന്നു. രമയും അമ്മുവും ശരിക്കും വിയര്‍പ്പില്‍ കുളിച്ചിരുന്നു. ചാക്കോചേട്ടനും അന്നാമ്മചേടത്തിയും വളരെ മുന്നില്‍ എത്തിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ തലക്കുമുകളില്‍ നിന്നോരശിരീരി.

"വല്ലാതെ തളര്‍ന്നുപോയോ മക്കളേ! അയ്യോ കഷ്ടം." ചാക്കോചേട്ടന്‍ ഒരു hairpin വളവ്‌ നടന്നുകയറിയിട്ട്‌ ഞങ്ങളുടെ നേരേ മുകളില്‍ വന്ന് കളിയാക്കുകയാണ്‌. ഞങ്ങള്‍ക്ക്‌ സങ്കടവും ദേഷ്യവും വന്നു.

Thar3

"എന്നാലിത്‌ മുഴുവന്‍ കയറിയിട്ടു തന്നെ കാര്യം" പ്രകാശ്‌ എന്റെ ചെവിയില്‍ പറഞ്ഞു. ഞങ്ങള്‍ വാശിയോടെ സ്പീഡ്‌ കൂട്ടി. മുകളിലെത്തി നോക്കിയപ്പോള്‍ കണ്ടത്‌, ചാക്കോചേട്ടനും പരിവാരങ്ങളും, hairpin വളവ്‌ ഒഴിവാക്കി, കുത്തനെയുള്ള ഷോര്‍ട്ട്‌കട്ടിലൂടെ മുകളിലേക്ക്‌ കയറുന്നതണ്‌.

"നമുക്കെന്തായാലും നേരെ തന്നെ പോകാം." പ്രകാശ്‌ പറഞ്ഞു. കോടകാരണം ഒന്നും കാണുന്നുണ്ടായിരുന്നില്ല. ഒരു hairpin കൂടി കയറിയപ്പോള്‍ ഞങ്ങള്‍ ശരിക്കും തളര്‍ന്നിരുന്നു. മുകളില്‍ ചെന്നപ്പോള്‍ അന്നാമ്മചേടത്തിയും കുട്ടികളെയും കണ്ടു. ചാക്കോചേട്ടനെ കാണുന്നില്ല.

ചാക്കോചേട്ടന്‍ ഷോര്‍ട്കട്ടടീച്ചെത്തിയ പോയിണ്ട്..
Rajamala-Fog

"ഹൊ ഈ ഷോര്‍ട്ട്‌കട്ടിലൂടെ വരണ്ടായിരുന്നു. തൊണ്ട വരളുന്നു. കുറച്ചു വെള്ളം താ" അന്നാമ്മചേടത്തി ക്ഷീണിച്ച സ്വരത്തില്‍ പറഞ്ഞു.

"ചാക്കോചേട്ടനെവിടെ?" ഞാന്‍ ചോദിച്ചു.

കോടമഞ്ഞിലേക്കു ചൂണ്ടി ചേടത്തി പറഞ്ഞു."ദാ, അവിടെനിന്ന് കിതപ്പാറ്റുന്നു".

"അപ്പോള്‍ ഒളിച്ചുനില്‍ക്കുകയാണല്ലേ" പ്രകാശ്‌ ഒരു ഒളിയമ്പെയ്തു.

"അന്നാമ്മേ, നീ വരുന്നുണ്ടോ?" ചാക്കോചേട്ടന്‍ ചൂടായി. കിതച്ചുകൊണ്ട്‌ ഞങ്ങളെ അഭിമുഖീകരിക്കാനുള്ള മടിയാണെന്നു എല്ലാവര്‍ക്കും മനസ്സിലായി.

"കുട്ടികളെ നോക്കിക്കോളൂ" എന്നു പറഞ്ഞ്‌ അന്നാമ്മചേടത്തി ധൃതിയില്‍ നടന്ന് മറഞ്ഞു. അല്‍പദൂരം കൂടി നല്ല കയറ്റമാണ്‌.

Thar3

"നിന്നാല്‍ ക്ഷീണം കൂടുകയേ ഉള്ളു. അതുകൊണ്ട്‌ നമുക്ക്‌ നടക്കാം" ഞാന്‍ എല്ലാവരെയും പ്രോല്‍സാഹിപ്പിച്ചു. ഇടയ്ക്കിടെ മാറിമാറി വീശുന്ന കാറ്റിനനുസരിച്ച്‌ കോടമഞ്ഞ്‌ വന്നും പോയുമിരുന്നു. മഞ്ഞുകാരണം ഒന്നും കാണുവാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഒന്നുരണ്ടുപ്രാവശ്യം ഞാന്‍ എതിരെ വന്നവരുമായി കൂട്ടിമുട്ടുകയും ചെയ്തു.

"അവരെവിടെ എത്തിയോ ആവോ?" പ്രകാശ്‌ അല്‍ഭുതപ്പെട്ടു. ഞങ്ങള്‍ നടത്തം തുടര്‍ന്നു.

"അന്നാമ്മചേടത്തി അല്ലേ അത്‌" രമ മുമ്പോട്ടു നോക്കി പറഞ്ഞു. ഏകദേശം 10 അടി അപ്പുറത്ത്‌, രണ്ടുകൈയ്യും എളിയില്‍ കുത്തി, മുമ്പില്‍ എന്തൊ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുന്ന അന്നാമ്മചേടത്തിയെ ഞങ്ങള്‍ കണ്ടു.

"ആ നില്‍പ്പത്ര ശരിയല്ലല്ലോ" പ്രകാശ്‌ നടത്തത്തിനു വേഗം കൂട്ടി. ഒന്നു മാറിവീശിയ കാറ്റില്‍ ഞങ്ങള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാഴ്ച കണ്ടു. ഏതൊ ഒരു വടക്കെ ഇന്ത്യക്കാരിയുടെ ചുമലില്‍ കൈവച്ച്‌, മറുകൈ എളിക്കുകുത്തി,മുതുകുവളച്ച്‌,കിതപ്പിനിടയില്‍ ശ്വാസം കഴിക്കുവാന്‍ ബദ്ധപ്പെടുന്ന ചാക്കോചേട്ടന്‍!!

"അരേ ക്യാ കര്‍ രേ തൂ" വടക്കെ ഇന്ത്യക്കാരി അലറി.

ചാക്കോചേട്ടന്‍ അക്ഷരാര്‍ത്‌ഥത്തില്‍ ഞെട്ടിപ്പോയി. തിരിഞ്ഞു നോക്കിയപ്പോള്‍ സ്തംഭിച്ചു നില്‍ക്കുന്ന ഞങ്ങളെയാണ്‌ കണ്ടത്‌. പ്രകാശ്‌ ഒരുവിധത്തില്‍ വടക്കെ ഇന്ത്യക്കാരിയെ സമാധാനിപ്പിച്ചയച്ചു.

"ഞാന്‍ തിരിച്ചു പോകുകയാണ്‌" അന്നാമ്മചേടത്തി, അതും പറഞ്ഞ്‌ തിരിഞ്ഞൊരു നടത്തം. രമയും അമ്മുവും ഒപ്പം കൂടി.

ചാക്കോചേട്ടന്‍ അപ്പോഴും സ്തംഭിച്ചു നില്‍ക്കുകയാണ്‌.

"പോട്ടെ, ചാക്കോചേട്ടാ, ഒരബദ്ധം പറ്റിയതല്ലേ" ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്തായാലും ചാക്കോചേട്ടനെയും ചേടത്തിയെയും പൂര്‍വ്വസ്‌ഥിതിയിലാക്കാന്‍ ആ ദിവസം മുഴുവന്‍ വേണ്ടിവന്നു.


പിറ്റേന്ന് Camp Center വക നല്ല ഇഡ്ഡലി ബ്രേക്ക്‌ഫാസ്റ്റ്‌ കിട്ടി. 8 മണിയോടുകൂടി ഞങ്ങള്‍ ടൊപ്‌സ്റ്റേഷന്‍ ലക്ഷ്യമാക്കി പുറപ്പെട്ടു. വഴിയില്‍ നല്ല ഹോട്ടല്‍ ഇല്ലാത്തതിനാലും, Top Stationല്‍ എത്തുമ്പോള്‍ ഉച്ചയാവുമെന്നതിനാലും ഭക്ഷണം കരുതുകയാവും നല്ലതെന്ന് Camp center മാനേജര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. അതിനാല്‍ ഉച്ചഭക്ഷണം parcel ആയി എടുത്തു. പച്ചപുതപ്പണിഞ്ഞുകിടക്കുന്ന തേയിലത്തോട്ടത്തിനരുകിലൂടെ വളഞ്ഞുപുളഞ്ഞ്‌ പോകുന്ന റോഡ്‌. എത്രകണ്ടാലും മതിവരാത്ത കാഴ്ച. ഇടക്കിടെ തേയിലയുമായി പോകുന്ന ട്രാക്ടറുകള്‍. കണ്ണന്‌ദേവന്‍ ഫാക്ടറിയും വഴിയില്‍ കണ്ടു.

DSC01648

മാട്ടുപെട്ടി Swiss project ഇടക്ക്‌ കാണുവാന്‍ കഴിഞ്ഞു. ശാസ്ത്രീയമായ രീതിയില്‍ പശുവിനെ വളര്‍ത്താന്‍ തുടങ്ങിയതാണ്‌. ഇപ്പോള്‍ വളരെ ശോചനീയമാണ്‌ ഇതിന്റെ സ്‌ഥിതി.അകത്തേക്ക്‌ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. പക്ഷേ ഇതിനുചുറ്റുമുള്ള പുല്‍മേടുകള്‍ എടുത്തുപറയേണ്ടതാണ്‌. അത്ര മനോഹരമായിട്ടുണ്ട്‌.

Swiss project-ന്‍ അടുത്തുള്ള പുല്‍മേടുകള്‍...
Grass-Land

മറ്റൊരു പുല്‍മേട്...
GREEN-HILLS

താമസിയാതെ ഞങ്ങള്‍ മാട്ടുപെട്ടി ഡാമിനു സമീപത്തെത്തി. ഒന്ന് രണ്ടുപേര്‍ ക്യാരറ്റ്‌ വില്‍ക്കുന്നുണ്ടായിരുന്നു. ക്യരറ്റ്‌ ചെടിസഹിതമാണ്‌ വില്‍ക്കുന്നത്‌. കുട്ടികള്‍ക്കതൊരു കൌതുകമായി. ഡാമില്‍ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്‌. പക്ഷേ വെള്ളം കുറവായിരുന്നു.

മാട്ടുപെട്ടി ഡാം - ഒരു ഫോട്ടോഷോപ്പ് പ്രയോഗം
Madupettidam

അടുത്ത സ്റ്റോപ്പ്‌ Echo Point എന്ന് അറിയപ്പെടുന്ന സ്ഥലമാണ്‌. ഇക്കരെ നിന്നുള്ള ശബ്ദം അക്കരെയുള്ള പാറകളില്‍ തട്ടി പ്രതിദ്ധ്വനിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കൂവി വിളിക്കുന്നുണ്ടായിരുന്നു.

കുണ്ടല ഡാമാണ്‌ അടുത്ത കാഴ്ച. മാട്ടുപെട്ടി ഡാമിനേക്കാളും മനോഹരമാണ്‌ ഇത്‌. നല്ല നെടുനീളന്‍ യൂക്കാലിപ്റ്റസ്‌ മരങ്ങള്‍ ഡാമിന്റെ തീരത്തുണ്ടായിരുന്നു. ഇവിടെ ഞങ്ങള്‍ ഒരു ബോട്ടിംഗ്‌ സംഘടിപ്പിച്ചു. ഡാമിന്റെ നടുവില്‍ നിന്ന് മലകളിലേക്കുള്ള ദൃശ്യം അവര്‍ണ്ണനീയം തന്നെ.

കുണ്ടല ഡാം
Munnar-Tea Garden of India

കുണ്ടല ഡാമില്‍ നിന്നുള്ള മറ്റൊരു കാഴ്ച - boatല്‍ നിന്നും എടുത്തത്
DSC01645

ടോപ്പ്‌ സ്റ്റേഷനിലെത്തിയപ്പോള്‍ സമയം 12.30. വണ്ടിയില്‍ തന്നെയിരുന്ന് ഭക്ഷണം കഴിച്ചു. ഇതുവരെ കാണാത്ത ചില ഫ്രൂട്സ്‌ വില്‍ക്കാന്‍ വച്ചിട്ടുണ്ടായിരുന്നു. "മരത്തക്കാളി" എന്ന് വിളിക്കുന്ന ഒരിനം കണ്ടു. അകത്ത്‌ നമ്മുടെ പാഷന്‍ഫ്രൂട്ടുപോലെയിരിക്കും. നല്ല രുചിയുണ്ടതിന്‌.

ടോപ്പ്സ്റ്റേഷന്‍...
topstation

കുറെ മലകള്‍ ചേര്‍ന്നൊരുക്കുന്ന താഴ്വാരമാണ്‌ ടോപ്പ്‌സ്റ്റേഷനിലെ ആകര്‍ഷണം. തമിഴ്‌നാടിന്റെ കീഴിലുള്ള സ്ഥലമാണ്‌. തമിഴ്‌നാട്‌ ടൂറിസംകാരുടെ അധീനതയിലാണത്‌. കുറച്ചുദൂരം നടന്നിട്ടുവേണം ഈ പറയുന്ന സ്ഥലത്തെത്തുവാന്‍. ചാക്കോചേട്ടന്‍ ഇത്തവണ മല്‍സരത്തിനു മുതിര്‍ന്നില്ല. തലേന്നുനടന്ന സംഭവത്തിന്റെ ക്ഷീണം മാറിയിട്ടില്ലായിരുന്നു. കുറച്ച്‌ ദൂരം കുത്തനെയുള്ള ഇറക്കമാണ്‌. ഇറക്കം കഴിഞ്ഞ്‌ നമ്മള്‍ എത്തുന്നത്‌ ഒരു കുടിലിന്റെ സൈഡിലാണ്‌. അതിന്റെ മുന്‌വശത്തുനിന്നാണ്‌ താഴ്വാരം കാണുന്നത്‌. ഈ ഓലക്കുടില്‍ ടൂറിസ്റ്റുകള്‍ക്ക് വാടകക്ക് കൊടുക്കുമത്രെ. ഒരാള്‍ ഒരു ടെലിസ്ക്കോപ്പ്‌ സജ്ജമാക്കി നില്‍ക്കുന്നുണ്ടായിരുന്നു. നമ്മുടെ മുമ്പില്‍ ഒരു വലിയ താഴ്വാരമാണ്‌. അങ്ങകലേ തേനി പട്ടണം കാണാം. ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്നപോലെയാണ്‌ നമുക്കനുഭവപ്പെടുക. ഒരു ചിറകുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകും. ടെലിസ്ക്കോപ്പിലൂടെ തേനി പട്ടണം കാണിച്ചുതന്നു.

ടോപ്പ്സ്റ്റേഷന്‍...
topstation2

കുടിലിനുമുമ്പില്‍ നിന്നും വീണ്ടും താഴെക്കു പോകാമായിരുന്നു. ഞാനും ചാക്കോചേട്ടനും താഴെക്കിറങ്ങാന്‍ തീരുമാനിച്ചു. അവിടെ എത്തിയപ്പോഴാണ്‌, അത്‌ കാണാതെപോയിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ എന്ന് മനസ്സിലായത്‌. നമുക്കും ഈ താഴ്വാരത്തിനുമിടയില്‍ ഒന്നുമില്ല.ഒരു പ്രത്യേക തരം ഫീലിംഗാണ്‌ അവിടെ നില്‍ക്കുമ്പോള്‍. ചില foreigners ഇവിടെ രാത്രി തങ്ങാറുണ്ടത്രെ. നിലാവില്‍ കുളിച്ചുനില്‍ക്കുന്ന താഴ്വാരം അതിമനോഹരമായതിനാല്‍ എല്ലാവര്‍ഷവും അത്‌ ആസ്വദിക്കുവാന്‍ പതിവായി വരുന്നവരുണ്ടെന്ന് ഗൈഡ്‌ പറഞ്ഞു. മറ്റൊരു വിശേഷം, തേനിയിലേക്കുള്ള കുറുക്കുവഴിയാണ്‌. കൊക്കപോലെ കിടക്കുന്ന് ഈ സ്ഥലത്തുകൂടെ ഒരു കുറുക്കുവഴിയുണ്ടെന്നും, അന്നാട്ടുകാര്‍ 2 മണിക്കൂര്‍ കൊണ്ട്‌ അതുവഴി തേനിയില്‍ എത്താറുണ്ടെന്നും ഗൈഡ്‌ പറഞ്ഞു.

ടോപ്പ്‌സ്റ്റേഷനില്‍ നിന്നും ഏകദേശം 2 മണിയോടുകൂടി ഞങ്ങള്‍ തിരിച്ചു പുറപ്പെട്ടു. ചില സ്ഥലങ്ങളില്‍ നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. വീശി അടിക്കുന്ന കാറ്റില്‍ പാറിപ്പറന്നു പെയ്യുന്ന മഴയും അതേറ്റ്‌ കിടക്കുന്ന തേയിലത്തോട്ടവും ഒരു ഹൃദ്യമായ അനുഭവം തന്നെയാണ്‌.

മൂന്നാറില്‍ നിന്നു തിരിക്കുമ്പോള്‍ വീണ്ടും ഒരിക്കല്‍ക്കൂടി ഇവിടെ തിരിച്ച്‌ വരണം എന്ന് മനസ്സില്‍ ദൃഡനിശ്ചയം ചെയ്തു.

"നമ്മള്‍ പോയതില്‍ വച്ച്‌ ഏറ്റവും ഭംഗിയുള്ള സ്ഥലം" എന്നാണ്‌ മൂന്നാറിനെ കുട്ടികള്‍ വിശേഷിപ്പിച്ചത്‌.



Site Meter

14 Comments:

Blogger വര്‍ണ്ണമേഘങ്ങള്‍ said...

പടങ്ങള്‍ ഒന്നാന്തരം.
ഒപ്പം വിവരണവും.

6:48 AM  
Blogger ദിവാസ്വപ്നം said...

വളരെ നന്നായിരിക്കുന്നു.

ഇനിയും പടങ്ങളും വിവരണങ്ങളും ധാരാളം ഇടുക. ചുമ്മാ കണ്ടിരിക്കാന്‍ നല്ല രസമാണ്.

ശിഷ്യന്മാരെ സ്വീകരിക്കുന്നുണ്ടെങ്കില്‍ ഒരാള്‍ക്ക് ശിഷ്യപ്പെടാന്‍ താല്പര്യമുണ്ട് എന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു :) ഗുരുവിന്റെ ക്യാമറ തൂക്കി നടന്ന് മുന്‍ പരിചയമുണ്ട്. സ്റ്റൈപ്പന്‍ഡ് തരണ്ട :-)

7:27 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

യാത്രാവിവരണം വകുപ്പില്‍ ഒരാളായല്ലോ! സ്വാഗതം മാഷേ!!


ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്
1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7.http://thani-malayalam.blogspot.com



കൂടുതല് അറിയണമെങ്കില് ചോദിക്കൂ :techhelp (at)thanimalayalam[dot]org

8:12 AM  
Blogger ബിന്ദു said...

ഫോട്ടോസും യാത്രാവിവരണവും അടിപൊളി. ഇനിയും പ്രതീക്ഷിക്കുന്നു. :)

11:49 AM  
Blogger Manjithkaini said...

പടങ്ങള്‍ അടിപൊളി, വിവരണവും. ഒരു നാട്ടുനടപ്പുവച്ച് പത്തിരുപത്തഞ്ചു പോസ്റ്റിനുള്ള പടങ്ങള്‍ ഒറ്റയടിക്കു കാച്ചിയല്ലോ :)

കൂടുതല്‍ യാത്രകള്‍ പ്രതീക്ഷിക്കുന്നു.

8:03 PM  
Blogger ഷാജുദീന്‍ said...

നല്ല വിവരണം. രാജമലയില്‍ രണ്ടു കിലോമീറ്ററോളം മുകളിലേക്കു പോയാല്‍ ഒരു സൂയിസൈഡ് പോയിന്റുണ്ട്. കൊടൈക്കനാലിലെ ഗ്രീന്‍ വാലി വ്യൂ മാറി നില്‍ക്കും. വൈകുന്നേരം നാലുമണിക്ക് അവിടെ പോയി നില്‍ക്കണം. എന്താ കാഴ്ച്ച. പിന്നെ ടോപ് സ് റ്റേഷന്‍. എത്ര കണ്ടാലും മതിയാവില്ല. മുകളില്‍ നിന്നു നല്ല മാങ്ങാ കിട്ടും. ഉപ്പും മുളകുപൊടിയും തേച്ചത്.തിരിച്ചു കേറി മുകളില്‍ വരുമ്പോള്‍ ബാബുവിന്റെ കടയില്‍ നിന്നൊരു ചായയും കുടിക്കുമ്പോള്‍ ക്ഷീണവിം പമ്പ കടക്കും. ചിത്രങളും നന്നായിരുന്നു.

12:47 AM  
Blogger myexperimentsandme said...

ഉഗ്രന്‍ വിവരണം. അതിനൊത്ത ചിത്രങ്ങളും. നന്നായി ആസ്വദിച്ചു.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇവിടെയൊക്കെ പോയിട്ടുണ്ടായിരുന്നു. ഇന്‍‌ഡോ-സ്വിസ്സ് പ്രൊജക്റ്റിന്റെ ഗസ്റ്റ് ഹൌസിലായിരുന്നു താമസം.

3:47 AM  
Blogger sahayaathrikan said...

എല്ലാവര്‍ക്കും നന്ദി. ഞാന്‍ ആദ്യമായാണ്‍ മലയാളത്തില്‍ ബ്ലോഗുന്നത്. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

11:59 PM  
Blogger Unknown said...

നല്ല ഉഗ്രന്‍ പടങ്ങള്‍. ഒഴുക്കന്‍ മട്ടിലുള്ള വിവരണവും നന്നായിട്ടുണ്ട്. കുന്നും മലയും കണ്ട് വളര്‍ന്നത് കൊണ്ട് ആദ്യസന്ദര്‍ശനത്തില്‍ തന്നെ മൂന്നാറിന്റെ ഭൂപ്രകൃതി എനിക്ക് വളരെ പരിചിതമായി തോന്നി. പക്ഷെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. വാക്കുകള്‍ക്ക് വര്‍ണ്ണിക്കാനാവുന്നതിലുമപ്പുറം..

ഞങ്ങള്‍ കുറച്ച് പേര്‍ ചേര്‍ന്ന് മൂന്നാറിലുള്ള കൂട്ടുകാരന്‍ സുബ്ബരാജിന്റെ വീട്ടില്‍ പോയതായിരുന്നു. തേയില തോട്ടത്തിനു നടുക്കായിരുന്നു അവരുടെ വീട്. സന്ധ്യയ്ക്ക് ഞങ്ങള്‍ പുറത്തിറങ്ങി വെറുതെ നടന്നു. നേര്‍ത്ത തണുപ്പ് മാത്രം. ആദ്യം മരങ്ങളില്‍ ചേക്കേറിയ ഇരുട്ട് പെട്ടെന്ന് തേയിലച്ചെടികളിലേക്ക് ഇറങ്ങി വന്നു. നിറഞ്ഞു തുളുമ്പുന്ന ഇരുട്ടില്‍ പൊടുന്നനെ ഒരു തിളക്കം. പച്ചയും മഞ്ഞയും ഇടകലര്‍ന്ന വെളിച്ചത്തിന്റെ നേര്‍ത്ത തുള്ളികള്‍ മെല്ലെ മെല്ലെ പെരുകി വന്നു. അണഞ്ഞും തെളിഞ്ഞും ഇലകളില്‍ നിന്നും ഇലകളിലേക്ക് ചേക്കേറുന്ന നൂറുകണക്കിന്...അല്ല എണ്ണമറ്റ മിന്നാമിനുങ്ങുകള്‍..കുന്നുകളിലും താഴവരയിലും നിറച്ച് ജീവനുള്ള വെളിച്ചത്തിന്റെ തുടിപ്പുകള്‍..പ്രകൃതി കൊളുത്തി വെച്ച ദീപങ്ങള്‍..അവ നൃത്തം ചെയ്തു കൊണ്ടേയിരുന്നു..ഏറെ നേരം. പിന്നെ ഓരോന്നായി മണ്ണില്‍ വീണലിഞ്ഞ്...

മിന്നാമിനുങ്ങുകളെ കണ്ടിട്ടുണ്ടെങ്കിലും, ഒരു പ്രദേശമാകെ വെളിച്ചം നല്‍കി ഇത്രയധികം മിന്നാമിനുങ്ങുകള്‍ ഞാന്‍ ആദ്യമായാണു കാണുന്നത്.
ഇത് ഭൂമി തന്നെയോ എന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു..

പിന്നീട് ടി.വി ചന്ദ്രന്റെ പൊന്തന്‍‌മാടയില്‍ ഇതിനോട് സാദൃശ്യമുള്ള ഒരു രംഗം കണ്ട് ഞാന്‍ അല്‍ഭുതപ്പെട്ടു. ഒരു താ‍ഴ്വര നിറച്ച് ദീപങ്ങള്‍ തെളിഞ്ഞ് നില്‍ക്കുന്നു, ദീപങ്ങള്‍ക്കിടയിലൂടെ നൃത്തം(അതോ ബാലെയോ) ചെയ്ത് പോകുന്ന ശീമതമ്പുരാനും മദാമ്മയും. കവുങ്ങിന്‍ മുകളിലിരുന്നു തമ്പുരാന്റെ മുറിയിലേക്ക് നോക്കുന്ന മാടയില്‍ തുടങ്ങി, താഴ്വരയിലേക്ക് നീളുന്ന മനോഹരമായ ഷോട്ട് ആയിരുന്നു അതെന്നാണു ഓര്‍മ്മ. ക്യാമറമാന്‍ വേണുവിനു നാഷണല്‍ അവാര്‍ഡ് കിട്ടിയിരുന്നു ഈ ചിത്രത്തിനു. ഒരുപക്ഷെ അങ്ങേരും മൂന്നാറില്‍ ഈ കാഴ്ച കണ്ടിരിക്കാം.

കൊടൈക്കനാലിലെ സൂയിസൈഡ് പോയന്റിനേക്കാള്‍ ഭംഗിയുണ്ട് കുമളിയില്‍ നിന്നും പതിനാലു കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാല്‍ എത്തുന്ന “മംഗളാദേവി” എന്ന സ്ഥലത്തിനു. തമിഴ്നാടുമായി അതിര്‍ത്തി തര്‍ക്കത്തില്‍ പെട്ട് കിടക്കുന്ന ഇവിടെ പുരാതനമായ ഒരു കണ്ണകി ക്ഷേത്രവുമുണ്ട്. ചിത്രാപൌര്‍ണ്ണമി ദിവസം മാത്രം ( ഏപ്രില്‍, മെയ് മാസങ്ങളില്‍) അവിടെ പൂജ നടത്തുന്നു. അതും മധുര, ഇടുക്കി ജില്ലകളുടെ കളക്റ്റന്‍‌മാരുടെയും മറ്റ് ഉദ്യോഗസ്ഥന്‍‌മാരുടെയും മേല്‍നോട്ടത്തില്‍. അന്നൊരു ദിവസം മാത്രമേ പൊതുജനത്തിനു പ്രവേശനമുള്ളൂ. ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്റില്‍ പിടിപാടുള്ളവര്‍ക്ക് അല്ലാത്ത ദിവസങ്ങളിലും പോകാന്‍ കഴിഞ്ഞേക്കും. വിദഗ്ദരായ ജീപ്പ് ഡ്രൈവര്‍‌മാരുടെ സേവനം വേണ്ടി വരുമെന്ന് മാത്രം. മിക്കവാറും ഫോറസ്റ്റ്കാര്‍ ആരെങ്കിലും കൂടെ വന്നേക്കും.

നാട്ടിലുള്ളവര്‍ ഇതുവരെ പോയിട്ടില്ലെങ്കില്‍ ഒന്നു പോയിക്കാണുക.

എഴുതി വന്നപ്പോള്‍ നീണ്ടു പോയി... സ്വാഗതം പറയാനും മറന്നു. സ്വാഗതം!

8:07 PM  
Blogger Unknown said...

സഹയാത്രികാ,
ചിത്രങ്ങളും വിവരണവും ഗംഭീരം..!
മൂന്നാര്‍ എനിക്കു ഒത്തിരി ഇഷ്ടപ്പെട്ട സ്ഥലം..
4-5 തവണ പോയിട്ടുണ്ട്..ദില്‍ ചാഹതാ ഹെയ് ഇല്‍ ഗോവക്കു പോകുന്നതു പോലെ ഞങ്ങള്‍ കൂട്ടുകാര്‍ പോയതു മൂന്നാറിനു.. ഇതേ വഴികളിലൂടെ....

മാര്‍ തോമ്മാ സെന്റെറും, ക്യാമ്പ് ഫയറും, തണ്ണുപ്പും എല്ലാം കണ്മുന്‍പില്‍ തെളിയുന്നു..
ഹോ.. നൊസ്റ്റാള്‍ജിയ..

ഇതു വഴി ചിന്നാറിനു പോയില്ലേ..?

7:48 PM  
Blogger Unknown said...

ഹൊ..സ്വാ‍ഗതം പറയാന്‍ ഞാനും മറന്നു..
സഹയാ‍ത്രികാ..സ്വാഗതം ..ഇനിയും പോരെട്ടെ ..!

യാത്രാമൊഴി..
എവിടെയൊ വായിച്ചു ഇതു പോലെ മൂന്നാറിലെ മിന്നാമിന്നികളെ കുറിച്ചു.. എഴുതിയിരുന്നതു ഒരു ഫോട്ടൊഗ്രാഫര്‍ ആയിരുന്നു.. ഇതു വരെ കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും മനോഹരമായ കാഴ്ച എന്ന ചോദ്യത്തിനുത്തരമായിരുന്നു ഇതു..അദ്ദേഹം പറഞ്ഞു..ക്യാമറയുടെ പരിധി മനസ്സിലാക്കി കൊടുത്ത ഒരു കാഴ്ച കൂടിയായിരുന്നു അതെന്ന്..!

7:55 PM  
Blogger Sreejith K. said...

വിവരണം കേമം, ചിത്രങ്ങള്‍ ബഹുകേമം. മൂന്നാറില്‍ പല തവണ പോയിട്ടുണ്ടെങ്കിലും ഇത്രയും ഭംഗി അവിടത്തിനുണ്ടെന്നറിയാന്‍ ഈ ചിത്രങ്ങള്‍ വേണ്ടി വന്നു. ശിഷ്യപ്പെടാന്‍ ഉള്ള അപേക്ഷകരുടെ ക്യൂവില്‍ ഞാനും...

10:33 PM  
Blogger Obi T R said...

ഇതു വായിച്ചപ്പ്പ്പോള്‍ എനിക്കു ഞങ്ങളുടെ മൂന്നാര്‍ യാത്രയും ഓര്‍മ്മ വന്നു. അതും ഇതു പോലെ കോടമഞ്ഞുള്ള ദിവസം.

വിവരണം നന്നായിട്ടുണ്ട്‌. വീണ്ടും അങ്ങോട്ടേക്ക്‌ പോകാന്‍ തോന്നുന്നു.

9:06 AM  
Blogger Kaippally said...

പല പ്ടങ്ങളിലും നില നിറം കൂടുതലാണു. CCD sensor ഉള്ള കാമറകളുടെ White Balancing പ്രശ്നമാണു. ഒരു UV ഫില്‍റ്റര്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നം ഒരു പരിധിവരെ ഒഴിവാക്കാം.

2:53 AM  

Post a Comment

<< Home