Sunday, July 16, 2006

നായരുപിടിച്ച പുലിവാല്‌

തടത്തില്‍ നായരദ്യത്തിന്റെ മതിലരികത്ത്‌ പതിവില്ലാത്ത ഒരാള്‍ക്കൂട്ടം. എല്ലാ കണ്ണുകളും ഒരു തെങ്ങിന്മുകളിലേക്ക്‌ ഫോക്കസ്‌ ചെയ്തിരിക്കുന്നു. എന്താണ്‌ സംഭവം എന്നറിയാന്‍ ഒരാകാംഷ. ബൈക്ക്‌ നിര്‍ത്തി ഇറങ്ങുമ്പോഴേക്കും റേഷന്‍ കടക്കാരന്‍ അപ്പ്വേട്ടന്‍ ഓടിവന്നു.
"അറിഞ്ഞില്ലേ, നായരദ്യം തെങ്ങിന്മോളില്‌ കുടുങ്ങി. ഈ വയസ്സുകാലത്ത്‌ ഇതിന്റെ വല്ല ആവശ്യോണ്ടാരുന്നോ?" ഹെല്‍മറ്റ്‌ അഴിച്ച്‌ ഞാന്‍ നോക്കിയപ്പോള്‍ ആദ്യം കണ്ടത്‌ അഴിഞ്ഞ്‌ വീഴാറായ ഒരൊറ്റത്തോര്‍ത്താണ്‌. അതിനുമുകളില്‍ വെട്ടിവിയര്‍ത്തോരു ദേഹം. തെങ്ങിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ച്‌ നായരദ്യം കണ്ണുമടച്ച്‌ പ്രാര്‍ത്ഥിക്കുന്നു. ചെറുതായി വിറക്കുന്നുണ്ടോ എന്ന് സംശയം. നായരദ്യത്തിന്റെ ശിങ്കിടി ഉണ്ണാമന്‍ വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്‌. നായരദ്യം വീഴാന്‍ സാദ്ധ്യതയുള്ള സ്ഥലത്ത്‌ ഓലയും തൂപ്പും കൊണ്ടിട്ട്‌ ഒരു സോഫ്റ്റ്‌ ലാന്‍ഡിംഗിന്‌ സാദ്ധ്യത ഒരുക്കുകയാണ്‌ ഉണ്ണാമന്‍.
"എല്ലാം ആ കുരുത്തം കെട്ട ഉണ്ണാമന്റെ പണിയാ. അവന്റെയൊരു തെങ്ങുകേറ്റയന്ത്രം" അപ്പ്വേട്ടന്‍ ഉണ്ണാമനെ ചീത്തവിളിച്ചു.

"എടാ, ആ വേലു എപ്പ വരുമ്ന്ന് വിചാരിച്ചിട്ടാ? നീയൊന്ന് കേറിനോക്കെടാ, ഉണ്ണാമാ" അപ്പ്വേട്ടന്‍ ഉണ്ണാമനോട്‌ പറഞ്ഞു.

"എത്ര പ്രാവശ്യം പറയണം യന്ത്രമില്ലാതെ എനിക്ക്‌ കേറാനറിയില്ലാന്ന്. പോരാത്തതിന്‌ മഴപെയ്തിട്ട്‌ വഴുക്കുണൂണ്ട്‌." ഉണ്ണാമന്‍ തന്റെ നിസ്സഹായത വെളിപ്പെടുത്തി.

അപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. പുതിയ തെങ്ങുകേറ്റയന്ത്രത്തിലാണ്‌ നായരദ്യം മുകളിലെത്തിയിരിക്കുന്നത്‌. ഇപ്പോള്‍ സംഭവം ഏകദേശം പിടികിട്ടി. ഞങ്ങളുടെ നാട്ടില്‍നിന്ന് തെങ്ങുകയറ്റത്തില്‍ ആദ്യമായി ഡിഗ്രിയെടുത്ത ആളാണ്‌ ഉണ്ണാമന്‍. അതും നായരദ്യത്തിന്റെ സ്പോണ്‌സര്‍ഷിപ്പില്‍. ഉണ്ണാമനില്‍ നിന്നും തെങ്ങുകയറ്റം പഠിക്കുകയായിരുന്നിരിക്കണം, നായരദ്യം.

ഗ്രാമത്തിന്റെ പാരമ്പര്യ തെങ്ങ്‌ കയറ്റത്തൊഴിലാളി ശ്രീ വേലുമാഷുമായി നായരദ്യം ഒന്നുടക്കിയതില്‍ പിന്നെയാണ്‌ ഉണ്ണാമന്റെ സമയം തെളിഞ്ഞത്‌.വേലുക്കണക്കന്‍ എന്നായിരുന്നു വേലുമാഷിന്റെ പണ്ടത്തെ പേര്‌. സ്വന്തം പേരിന്റെ കൂടെ ജാതിപേര്‌ ചേര്‍ക്കുന്നത്‌ തെറ്റാണെന്നും അതുകൊണ്ട്‌ അത്‌ വെട്ടിമുറിച്ച്‌ കളയണമെന്നും കവലയില്‍ പ്രസംഗിച്ച ഒരു പ്രാദേശിക നേതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌, ആ വേദിയില്‍ വച്ച്‌ തന്നെ വേലുക്കണക്കന്‍ തന്റെ 'കണക്കനെ' മുറിച്ചുമാറ്റി. തുടര്‍ന്ന് വേലുക്കണക്കനെ 'വേലുമാഷായി', സഖാവ്‌ തന്നെ മാമൊദിസാമുക്കി പ്രഖ്യാപിച്ചു. അതിനുശേഷം 'വേലുക്കണക്കാ' എന്ന് വിളിച്ചാല്‍ വേലുമാഷ്‌ കേള്‍ക്കില്ലാ എന്നുമാത്രമല്ല ശിക്ഷാനടപടിയായി ആ പ്രാവശ്യത്തെ തെങ്ങുകയറ്റം ഉപേക്ഷിക്കുകയും ചെയ്യും. തലയില്‍ തേങ്ങവീണു ചാവണ്ടല്ലോ എന്ന് കരുതി നാട്ടുകാര്‍ അദ്ദേഹത്തിനെ ബഹുമാനപൂര്‍വ്വം 'വേലുമാഷ്ഷേ" എന്ന് അണപ്പല്ല്കൂട്ടിക്കടിച്ച്‌ വിളിക്കാന്‍ തുടങ്ങി.

ഗ്രാമത്തിലുള്ളവരെല്ലാം സൈക്കിളുപേക്ഷിച്ച്‌ ടൂവീലറില്‍ ചേക്കേറിയപ്പോള്‍ വേലുമാഷും തന്റെ വാഹനം ഒന്ന് പരിഷ്ക്കരിച്ചു. മീന്‌കാരന്‍ മമ്മദ്‌ ലൂണയില്‍ നിന്ന് 'മീന്‍80' യിലേക്ക്‌ ഉയരാന്‍ തീരുമാനിച്ചപ്പോള്‍ ചുളുവിലക്ക്‌ വേലുമാഷ്‌ ആ ലൂണ അടിച്ചെടുത്തു. ദേവസ്യേട്ടന്റെ വെല്‍ഡിംഗ്‌ വര്‍ക്ക്ഷോപ്പില്‍ വച്ച്‌ ലൂണക്ക്‌ രണ്ട്‌ കൊളത്തുകള്‍ കൂടി പിടിപ്പിച്ചപ്പോള്‍ വേലുമാഷിന്റെ സന്തതസഹചാരിയായ "മുള"യ്ക്കും ലൂണയില്‍ സഞ്ചരിക്കാമെന്നായി. "ആ മന്ദബുദ്ധി വാസൂന്‌ ബസ്സോടിക്കാന്‍ പറ്റുമെങ്കില്‍ എനിക്ക്‌ മുളവച്ച ലൂണയോടിക്കാനാണോ വിഷമം". അതില്‍പിന്നെ വളവുവളഞ്ഞ്‌ വരുന്ന മുളയും അതിന്റെ അറ്റത്തുള്ള പോത്തിന്റെപോലത്തെ കൊമ്പുകളും ഞങ്ങളുടെ പേടിസ്വപ്നമായി മാറി. ഞങ്ങളുടെ സുരക്ഷയെ കരുതി ലൂണയുടെ കൂടെ ഫ്രീ കിട്ടിയ മമ്മതിന്റെ "പോം പോം" ഞെക്ക്‌ ഹോണ്‍ നിര്‍ലോഭം ഞെക്കാന്‍ വേലുമാഷ്‌ മടികാണിച്ചിരുന്നില്ല.

വേലുമാഷിന്‌ അല്ലറ ചില്ലറ വേലത്തരങ്ങളുമില്ലാതില്ല. ചിലപ്പോള്‍ അദ്ദേഹം തെങ്ങ്‌ ഡോക്ടറായിമാറും. ഒരിക്കല്‍ മണ്ടരി മാറ്റാനൊരു ദിവ്യൌഷധം എന്ന് പറഞ്ഞ്‌ എന്റെ അമ്മയില്‍ നിന്ന് തെങ്ങൊന്നിന്‌ 200 രൂപ വച്ച്‌ വാങ്ങുകയും തെങ്ങിന്റെ കടയില്‍ ഒരുരൂപ വട്ടത്തില്‍ ഒരു തുള തുളച്ച്‌ അതില്‍ മരുന്നു നിറച്ച ഒരു ഭീമാകാരന്‍ സിറിഞ്ച്‌ കുത്തിവയ്ക്കുകയും ചെയ്തു. ആറുമാസം കഴിഞ്ഞിട്ടും മണ്ടരിതേങ്ങകള്‍ ഉണങ്ങിവീഴുന്നതു കാണിച്ചുകൊടുത്തപ്പോള്‍, "പ്രതിരോധശക്തിയാര്‍ജ്ജിച്ച പുതിയ മണ്ടരിയെ നേരിടാന്‍" തെങ്ങൊന്നിന്‌100 രൂപാ നിരക്കില്‍ പുതിയ ഒരു മണ്ണെണ്ണ ചികില്‍സ നിര്‍ദ്ദേശിച്ച്‌ തടിയൂരുകയാണ്‌ അദ്ദേഹം ചെയ്തത്‌. വേലുമാഷിന്റെ പിന്‌തലമുറയില്‍ പെട്ടവര്‍ തെങ്ങുകയറ്റത്തില്‍ താല്‍പര്യം കാണിക്കാതിരിക്കുകയും പലര്‍ക്കും സര്‍ക്കാര്‍ജോലി കിട്ടുകയും ചെയ്തപ്പോള്‍, തെങ്ങുകയറ്റം വേലുമാഷിന്റെ Monopoly ആയി മാറുകയും, തല്‍ഫലമായി അദ്ദേഹത്തിന്റെ വേലത്തരങ്ങള്‍ നിശ്ശബ്ദം സഹിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

അങ്ങിനെ നാട്ടിലെ രാജാവായി വിലസിയിരുന്ന സമയത്താണ്‌, സ്ഥലത്തെ പ്രധാനിയും, റിട്ടയേര്‍ട്‌ സൂപ്രണ്ടും, N.S.Sന്റെ പ്രസിഡന്റുമായ തടത്തില്‍ ശ്രീകണ്‌ഠന്‍ നായര്‍, എന്ന നായരദ്യവുമായി വേലുമാഷ്‌ ഒന്നുരസിയത്‌. നായരദ്യത്തില്‍ നിന്ന് കുടികിടപ്പവകാശമായി, വേലുമാഷിന്റെ അച്ഛന്‍ കണാരക്കണക്കന്‌ കിട്ടിയ 5 സെന്റ്‌ ഭൂമിയിലണ്‌ വേലുമാഷ്‌ ഇപ്പോഴും താമസിക്കുന്നത്‌. അതിന്റെ നന്ദി സൂചകമായി കണാരക്കണക്കന്‍ നായരദ്യത്തോട്‌ ഒരിക്കലും കണക്കുപറയാറില്ലായിരുന്നു. മകനോടും അങ്ങിനെ തന്നെ വേണമെന്ന് മരിക്കും മുമ്പ്‌ ഉപദേശിച്ചിരുന്നു. അറുപിശുക്കനായ നായരദ്യം പലപ്പോഴും ഇത്‌ മുതലാക്കിയിരുന്നു. കൂലി കിട്ടുന്നത്‌ കുറവാണെങ്കിലും, അത്‌ നിശ്ശബ്ദം സ്വീകരിച്ച്‌ 'ഡാ, വേല്വേ" എന്ന വിളിയും സഹിച്ച്‌, മനസ്സില്‍ അദ്യത്തിന്റെ "അമ്മയ്ക്കും മുത്തി"ക്കും വിളിച്ച്‌ അങ്ങിനെ ഉരസ്സലില്ലാതെ കഴിഞ്ഞുപോകുന്ന അവസരത്തിലാണ്‌ വേലു മമ്മതിന്റെ ലൂണ വാങ്ങുന്നത്‌. തദവസരത്തില്‍ തന്നെയാണ്‌ നായരദ്യം ഒരു second hand, Santro കാറ്‌ വാങ്ങിക്കുന്നതും. പണ്ട്‌ സര്‍ക്കാര്‍ജീപ്പില്‍ ട്രയല്‍ എടുത്ത പരിചയം വച്ച്‌, ഡ്രൈവര്‍ വാസുവിന്റെ സഹായത്താല്‍ കാറ്‌ റോട്ടിലിറക്കിയ ആദ്യത്തെ ദിവസം. സ്കൂള്‍ കവലയിലും പഞ്ചായത്ത്‌ ഹാളിന്റെ മുമ്പിലും കാറിനെയും സ്വന്തം ഡ്രൈവിംഗ്‌ പാടവത്തെയും പ്രദര്‍ശിപ്പിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു, ആ അത്യാഹിതം സംഭവിച്ചത്‌. വളവ്‌ വളഞ്ഞുവന്ന ഒരു മുള അതിന്റെ പോത്തിന്‍ കൊമ്പുകള്‍കൊണ്ട്‌ കാറിന്റെ സൈഡില്‍ ഒന്നുകുത്തുകയും നിയന്ത്രണം വിട്ട കാര്‍ ഒരു മരത്തിലിടിച്ച്‌ നില്‍ക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന വാഗ്വാദത്തില്‍ വേലുമാഷ്‌ ഇങ്ങനെ അരുളിച്ചെയ്തു. "ഈ ഹോണ്‍ ഹോണ്‍ എന്നത്‌ കാണാനല്ല വച്ചിരിക്കുന്നത്‌. അത്‌ പിടിച്ച്‌ ദാ ഇങ്ങനെ പോം പോമ്ന്ന് ഞെക്കണം. അല്ലാതെ ഞാനെങ്ങനാ പൂച്ചേപ്പോലെ വരുന്ന ഈ സാധനം വഴീലുണ്ടെന്നറിയുന്നത്‌". തെറ്റ്‌ തന്റെ പക്ഷത്തും ഉണ്ടെന്നതിനാലും വേലൂന്റെ വോക്കാബുലറിയുടെ ശക്തി നന്നായി അറിയാവുന്നതിനാലും "നിന്നെ പിന്നെ എടുത്തോളാം" എന്ന് മനസ്സില്‍ പറഞ്ഞ്‌ നായരദ്യം പതുക്കെ രംഗം കാലിയാക്കി. അടുത്ത പ്രാവശ്യം തെങ്ങ്‌ കയറിക്കഴിഞ്ഞ്‌, പതിവ്‌ തേങ്ങയും കൊത്തിയെടുത്ത്‌ നായരദ്യത്തിന്റെ മുമ്പിലെത്തിയ വേലുവിനോട്‌ അദ്യം ഇങ്ങനെ മൊഴിഞ്ഞു. "ഡാ വേല്വേ, നീയും നിന്റെ ലൂണയും കൂടി എന്റെ രണ്ടായിരമാ പൊടിച്ചത്‌. അതുകൊണ്ട്‌ ഇത്‌ ആ പറ്റില്‍ വച്ചേക്കാം." വേലുമാഷ്‌ ഒന്ന് കിതച്ചു. പിന്നെ തിളച്ചു. അച്ഛന്‍ കണാരന്‍ പറഞ്ഞതെല്ലാം വിസ്മരിച്ചുകൊണ്ട്‌ വേലു തുറന്നടിച്ചു."അല്ലെങ്കില്‍ തന്നെ നക്കാപിച്ചയാ തരുന്നത്‌. ഡോ നായരേ, മര്യാദക്ക്‌ കൂലി തന്നില്ലെങ്കില്‍ എന്റെ തനിസ്വഭവം താനറിയും. പിന്നെ യൂണിയനൊക്കെ ഇടപെടുത്തി തന്നെ നാറ്റിക്കും. കളി വേലൂനോട്‌ വേണ്ടാ.." രംഗം വഷളാവുന്നത്‌ കണ്ട്‌ നായരദ്യം കൂലി കൊടുത്തു.

"ഡാ വേല്വേ, നിന്റെ സര്‍വ്വീസ്‌ ഇനി ഇവിടെ വേണ്ടാ. ഞാന്‍ പടിഞ്ഞാറൂന്നാളെ കൊണ്ടന്ന് കേറ്റിച്ചോളാം"

"ഓ, അടിയന്‍. അതൊന്ന് കണ്ടിട്ടുതന്നെ കാര്യം." വേലു മുരണ്ടു.

അടുത്ത പ്രാവശ്യം തെങ്ങുകയറാന്‍ ആളെ തിരക്കിയപ്പോഴാണ്‌ അബദ്ധം പറ്റിയെന്ന് നായരദ്യത്തിന്‌ മനസ്സിലായത്‌. അനേകലക്ഷം തൊഴില്‍ രഹിതരുള്ള ഈ പ്രബുദ്ധകേരളത്തില്‍ തെങ്ങുകയറാന്‍ ആളില്ല എന്ന നഗ്നസത്യം നായരദ്യത്തിനെ തുറിച്ചു നോക്കി. മാത്രമല്ല വേലുവിന്റെ ഏരിയയില്‍ അങ്ങിനെ ഒരു പരീക്ഷണം നടത്താന്‍ സഹതെങ്ങുകയറ്റുവര്‍ഗ്ഗം മടിച്ചു. അങ്ങിനെ വിഷണ്ണനായി, ഉണങ്ങി വീഴുന്ന തേങ്ങകളെ നോക്കി നെടുവീര്‍പ്പിടുമ്പോളാണ്‌ നായരദ്യത്തിനെ ആനന്ദത്തിലാറാടിച്ചു കൊണ്ട്‌ ഒരു പത്രവാര്‍ത്ത വന്നത്‌. തിരുവനന്തപുരത്ത്‌ ഒരു തെങ്ങുകയറ്റ സ്കൂള്‍ ആരംഭിച്ചിട്ടുണ്ടെന്നും, തെങ്ങുകയറുന്നതിനായി ഒരു യന്ത്രം കണ്ടുപിടിച്ചിരിക്കുന്നെന്നും മറ്റുമാണ്‌ അതില്‍ എഴുതിപ്പിടിപ്പിച്ചിരുന്നത്‌. കോഴ്സില്‍ ചേരുന്നവര്‍ക്ക്‌ 500 രൂപക്ക്‌ യന്ത്രം കിട്ടുമെന്നും വായിച്ചപ്പോള്‍ നായരദ്യം ഒന്ന് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ ആരു പോകും പരീശീലനത്തിന്‌? തന്നെക്കൊണ്ട്‌ ഈ വയസ്സുകാലത്ത്‌ തെങ്ങുകേറാനൊന്നും വയ്യ. അപ്പോഴാണ്‌ ഉണ്ണാമനെയോര്‍ത്തത്‌. ശരിയാണ്‌ ഉണ്ണാമന്‍ തന്നെ മതി. കുറെ നാളായി, വെറുതെ തിന്നും കുടിച്ചും നടക്കുന്നു. പത്ത്‌ പൈസയുടെ ഉപകാരമില്ല. ഇങ്ങനെ പലതും മനസ്സിലോര്‍ത്ത്‌ നായരദ്യം ഉണ്ണാമനെ വിളിച്ചു.

ഉണ്ണണം ഉറങ്ങണം എന്ന ഒറ്റ വിചാരമല്ലാതെ മറ്റൊന്നും മനസ്സിലില്ലാത്ത ഒരു നിഷ്കളങ്കനാണ്‌ ഉണ്ണാമന്‍. ഏത്‌ സദ്യക്കും അവസാനത്തെ പന്തികളിലേ ഉണ്ണാമന്‍ ഇരിക്കാറുള്ളൂ അഥവാ ഇരുത്താറുള്ളൂ. അല്ലെങ്കില്‍ മൂന്ന് പന്തി കഴിഞ്ഞാലും ഉണ്ണാമന്‍ ഉണ്ടുകഴിഞ്ഞിട്ടുണ്ടാവില്ല.അങ്ങിനെയാണ്‌ 'ഉണ്ണാമന്‍' എന്ന ഓമനപ്പേര്‌ കിട്ടിയത്‌. ഉണ്ണാമന്റെ പതിനഞ്ചാമത്തെ വയസ്സില്‍, തടത്തില്‍ തറവാട്ടിലെ കാര്യസ്ഥനായിരുന്ന അച്ഛന്‍ മരിച്ചപ്പോള്‍, കിട്ടിയതാണ്‌ നായരദ്യത്തിന്റെ ശിങ്കിടിപ്പണി. തനിക്ക്‌ പറ്റിയ ഏറ്റവും നല്ല ജോലി നായരദ്യത്തിന്റെ ശിങ്കിടിപ്പണിയാണെന്ന് ഉണ്ണാമന്‍ ദൃഡമായി വിശ്വസിച്ചുപോന്നു. സ്ഥാനത്തും അസ്ഥാനത്തും തന്റെ കണ്‍കണ്ട ദൈവത്തെ സ്തുതിക്കുക, അദ്ദേഹത്തിനെതിരെ നാട്ടിലും NSSലും നടക്കുന്ന പാരകള്‍ തല്‍സമയം അദ്യത്തിന്റെ ചെവിയിലെത്തിക്കുക, ഇലക്ട്രിസിറ്റി ബില്‍, കരം എന്നിവ അടയ്ക്കുക സര്‍വ്വോപരി നായരദ്യം അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍ അമ്മയുടെ സ്ഥാനത്ത്‌ നിന്ന് കൊടുക്കുക എന്നീ ഭാരിച്ച പണികളെല്ലാം ഉണ്ണാമന്‍ ചെയ്തുപോന്നു. വയസ്സ്‌ മുപ്പത്തഞ്ചായിട്ടും ഒരു കല്യാണത്തെ പറ്റിപ്പോലും ചിന്തിക്കാതെ നായരദ്യത്തിനുവേണ്ടി നിസ്വാര്‍ഥ സേവനം നടത്താനായിരുന്നു ഉണ്ണാമന്‌ താല്‍പര്യം.


നായരദ്യത്തിന്റെ പുതിയ ആലോചന കേട്ടപ്പോള്‍ ഉണ്ണാമന്റെ തലക്കകത്ത്‌ ഒരിടിവാള്‍ മിന്നി. ഉയരംകൂടിയ ഒരു തെങ്ങിന്റെ മുകളില്‍ താനിരിക്കുന്നതും താഴെ ഓരോന്ന് കല്‍പിച്ചുകൊണ്ട്‌ അദ്യം നില്‍ക്കുന്നതും സങ്കല്‍പ്പിച്ചപ്പോള്‍ തന്നെ ഉണ്ണാമന്റെ തല കറങ്ങി. മറുത്തുപറഞ്ഞ്‌ ശീലമില്ലാത്തതിനാല്‍ അടുത്ത ആഴ്ച തന്നെ ഉണ്ണാമന്‍ തിരുവനന്തപുരത്തേക്ക്‌ വണ്ടി കയറി. വേലുവിന്റെ പാരകള്‍ ഭയന്ന് ഉണ്ണാമന്റെ യാത്രയും പരിശിലനവും ഒരു പരമ രഹസ്യമായി നായരദ്യം സൂക്ഷിച്ചു.


മൂന്നാഴ്ചകള്‍ക്ക്‌ ശേഷം തെങ്ങ്‌ കയറുന്ന യന്ത്രവുമായി ഉണ്ണാമന്‍ തിരിച്ചെത്തി. അങ്കം ജയിച്ചുവന്ന ചേകവനെപ്പോലെ നെഞ്ചും വിരിച്ച്‌ നടന്നെത്തിയ ഉണ്ണാമനെ നായരദ്യം ചുമലില്‍ തട്ടി അഭിനന്ദിച്ചു. കിഴക്കെ മുറ്റത്തുള്ള ഏറ്റവും പൊക്കം കൂടിയ തെങ്ങിലാണ്‌ ഉണ്ണാമന്‍ തന്റെ തെങ്ങുകയറ്റ പാടവം തെളിയിച്ചത്‌. തെങ്ങു കയറലും തേങ്ങയിടലുമെല്ലാം നിമിഷനേരം കൊണ്ട്‌ കഴിഞ്ഞു. മാത്രമല്ല തെങ്ങുകള്‍ക്ക്‌ വരാവുന്ന അസുഖങ്ങളും, അവയ്ക്കുള്ള മരുന്നുകളും, കൃഷി ഓഫീസില്‍ തെങ്ങ്‌ കര്‍ഷകര്‍ക്കായി കൊണ്ടുവന്നിട്ടുള്ള പദ്ധതികളും ഉണ്ണാമന്‍ വിശദീകരിച്ചു കൊടുത്തു. എന്തായാലും പോയ ഉണ്ണാമനല്ല വന്ന ഉണ്ണാമന്‍ എന്ന് മനസ്സിലാക്കിയ നായരദ്യം വേലുവിനൊരു ശക്തനായ എതിരാളിയെ കിട്ടിയതില്‍ അളവറ്റ്‌ സന്തോഷിച്ചു.


പിറ്റേന്ന് മത്തായിച്ചേട്ടന്റെ ചായക്കടയില്‍ വച്ച്‌ ഉണ്ണാമനെന്ന സൂപ്പര്‍ തെങ്ങുകയറ്റക്കാരന്റെ ഉല്‍ഘാടനം സ്വന്തം പുരയിടത്തില്‍ വച്ച്‌ നടത്തുന്നതാണെന്നും എല്ലാ നല്ലവരായ നാട്ടുകാരെയും സ്വാഗതം ചെയ്യുന്നുവെന്നും നായരദ്യം പ്രഖ്യാപിച്ചു. ഉണ്ണാമന്റെ തെങ്ങുകയറ്റ പാടവം കണ്ട്‌ നാട്ടുകാര്‍ അമ്പരക്കുകയും, തെങ്ങുവിജ്ഞാനത്തിലുള്ള ഉണ്ണാമന്റെ അഗാധപാണ്ഡിത്യം കണക്കിലെടുത്ത്‌ "തെങ്ങ്‌ കണ്‍സല്‍ട്ടന്റ്‌" സ്ഥാനം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഉണ്ണാമന്‌ തിരക്കുപിടിച്ച നാളുകളായിരുന്നു. തെങ്ങിനുവേണ്ട ചികില്‍സ, വളപ്രയോഗം മുതല്‍ കാറ്റുവീഴ്ച വന്ന തെങ്ങുകള്‍ വെട്ടിക്കളഞ്ഞാല്‍ സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം എത്രകിട്ടും എന്ന് വരെ ഉണ്ണാമന്റെ വിജ്ഞാനകോശത്തില്‍ ശേഖരിച്ചുവച്ചിരുന്നു.

ഉണ്ണാമന്റെ പുതിയ അവതാരം വേലുവിന്‌ വലിയ ക്ഷീണമായി. നായരദ്യത്തിന്റെ പുരയിടത്തിലെ തേങ്ങ മാത്രമേ ഉണ്ണാമന്‍ ഇട്ടിരുന്നുള്ളൂ. കണ്‍സല്‍ട്ടന്‍സിയിലായിരുന്നു ഉണ്ണാമനു താല്‍പര്യം. അതുകൊണ്ട്‌ തല്‍ക്കാലം തൊഴിലിനു ഭീഷണിയില്ലെങ്കിലും തന്റെ Monopoly തകര്‍ന്നതില്‍ വേലുമാഷ്‌ ദുഃഖിതനായിരുന്നു. മാത്രമല്ല വേലത്തരങ്ങള്‍ക്ക്‌ ഇനി സാദ്ധ്യതയില്ല എന്ന് തിരിച്ചറിവും വേലുവിന്റെ ദുഃഖത്തിന്നാക്കം കൂട്ടി. വേലുവിനെ കാണുമ്പോള്‍ നായരദ്യത്തിന്റെ മുഖത്ത്‌ വിരിയുന്ന പുച്ഛം കലര്‍ന്ന ആ ചിരി കാണാതിരിക്കാന്‍, വേലുമാഷ്‌, നായരദ്യത്തിന്റെ വീട്ടിലേക്കുള്ള വഴി ഒഴിവാക്കി ലൂണ ഓടിപ്പിച്ചു.ഉണ്ണാമനാണ്‌ നായരദ്യത്തിന്റെ പിടിവള്ളി. ഉണ്ണാമനെ എങ്ങിനെയെങ്കിലും നായരദ്യവുമായി തെറ്റിച്ചാല്‍ താന്‍ രക്ഷപ്പെടും എന്ന് വേലുമാഷ്‌ കണക്കുകൂട്ടി.

തെങ്ങുകയറ്റ പരിശീലനം ഉണ്ണാമന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് തന്നെ പറയാം. നാട്ടുകാര്‍ക്കിടയില്‍ ഒരു വെയിറ്റ്‌ ഒക്കെയായി. ഉണ്ണാമനെ അന്വേഷിച്ച്‌ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തി. ഉണ്ണാമന്റെ ഉപദേശങ്ങള്‍ അവര്‍ ചെവിക്കോണ്ടു. എല്ലാത്തിലും ഉപരി സ്വന്തം പേരായ ഉണ്ണിക്കൃഷ്ണന്‍ ഉണ്ണാമന്‌ തിരിച്ചുകിട്ടി. തിരക്കിനിടയില്‍ ഉണ്ണാമന്‌ ശിങ്കിടിപ്പണി ചെയ്യാന്‍ സമയമില്ലാത്ത അവസ്ഥയായി. ഉണ്ണാമനെ നഷ്ടപ്പെടുകയാണ്‌ എന്ന സത്യം നായരദ്യം പതിയെ മനസ്സിലാക്കി തുടങ്ങിയിരുന്നു. താന്‍ തന്നെയാണല്ലോ ഇതിനുകാരണം എന്ന് ഒരുമാത്ര ചിന്തിക്കാതെയുമിരുന്നില്ല. എന്നാലും നന്നാവുകയാണെങ്കില്‍ നന്നാവട്ടെ എന്ന് കരുതാനുള്ള വിശാലമനസ്ഥിതി നായരദ്യത്തിനുണ്ടായിരുന്നു.


ഒരു ദിവസം ഉണ്ണാമനും വേലുമാഷും നേര്‍ക്കുനേരെ കണ്ടുമുട്ടി. സത്യത്തില്‍ വേലുമാഷ്‌ ഉണ്ണാമനെ കാത്ത്‌ നില്‍ക്കുകയായിരുന്നു. വേലുമാഷിനെ ഒഴിവാക്കിയാണ്‌ ഉണ്ണാമന്‍ നടന്നിരുന്നത്‌. വേലുവിനെ കാണുമ്പോഴൊക്കെ ഒരു കുറ്റബോധം ഉണ്ണാമനുണ്ടാവും.മനപ്പൂര്‍വ്വമല്ലെങ്കിലും വേലുവിന്റെ കഞ്ഞിയില്‍ പാറ്റവീഴ്ത്തിയല്ലോ എന്ന ചിന്ത ഉണ്ണാമനുണ്ടായിരുന്നു.

"എനിക്കൊരു കാര്യം പറയാനുണ്ട്‌" വേലുമാഷ്‌ ഉണ്ണാമന്റെ വഴിമുടക്കി.

"എനിക്കൊന്നും കേള്‍ക്കണ്ട" ഉണ്ണാമന്‍ അപകടം മണത്തു.

"ഉണ്ണിക്കൃഷ്ണാ, ഞാന്‍ ഉടക്കാനൊന്നും വന്നതല്ല. എനിക്ക്‌ നിന്നോടൊരു വിരോധോം ഇല്ല. ഞാനും നായരദ്യവും തമ്മിലാണല്ലോ തെറ്റിയത്‌. അതിന്‌ നീ എന്തു പിഴച്ചു?" വേലുമാഷ്‌ ശബ്ദം മയപ്പെടുത്തി ഒരു സമാധാനന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു.

"അല്ലെങ്കില്‍ അതൊരുവിധത്തില്‍ നന്നായല്ലോ. അതുകാരണം നിനക്ക്‌ ഒരു തൊഴില്‍ പഠിക്കാനും പറ്റി. ഇപ്പോഴല്ലേ ഒരു മനുഷ്യനെപ്പോലെ നീ ജിവിക്കാന്‍ തുടങ്ങിയത്‌. എന്താ ഞാന്‍ പറഞ്ഞത്‌ ശരിയല്ലേ?" വേലുമാഷ്‌ സ്നേഹത്തില്‍ മുക്കിയെടുത്ത ഒരമ്പെയ്തു. ഉണ്ണാമന്‍ അതെയെന്ന് തലയാട്ടി. ഉണ്ണാമന്‍ ഒന്നയഞ്ഞു എന്ന് മനസ്സിലാക്കിയ വേലു അടുത്ത അമ്പ്‌ തൊടുത്തു.

"എടാ ഇനി നീ ഒരു പെണ്ണ്‍ കെട്ടി ഒരു കുടുംബമൊക്കെയായി സുഖമായി ജീവിക്കാന്‍ നോക്ക്‌. ഇത്ര നാളും നിന്നെ കളിയാക്കിയവര്‍ക്കൊക്കെ നല്ല രീതിയില്‍ ജീവിച്ച്‌ ഒരു മറുപടി കൊടുക്ക്‌."

"ആഗ്രഹമില്ലാഞ്ഞിട്ടാണോ വേലുമാഷേ. എനിക്കാരു പെണ്ണുതരും? പേരിനൊരു ജോലിയെങ്കിലും എനിക്കുണ്ടോ?"

"ആരുപറഞ്ഞു നിനക്ക്‌ പെണ്ണിനെ കിട്ടില്ലെന്ന്? ഞാന്‍ കൊണ്ടുത്തരാം നല്ല കുടുംബത്തീപ്പെറന്ന പെണ്ണിനെ. നീ നോക്കിക്കോ" വേലു ഉറപ്പ്‌ കൊടുത്തു. "തല്‍ക്കാലം നീയിത്‌ നായരദ്യത്തോട്‌ പറയണ്ടാ" ഉണ്ണാമന്‍ സമ്മതം എന്ന് തലയാട്ടി.

അടുത്ത ആഴ്ച വേലു ഉണ്ണാമന്‌ ഒരാലോചനയുമായി വന്നു. പഴനിയിലുള്ള ഒരളിയന്‍ വഴിയാണ്‌ വേലുവിന്‌ ഈ ആലോചന കിട്ടിയത്‌. പഴനിയില്‍ തന്നെയാണ്‌ പെണ്ണിന്റെ വീട്‌. അച്ഛന്‍ പണ്ടെപ്പോഴോ പഴനിയില്‍ കച്ചവടത്തിനു വന്നതാണ്‌. ഒരു തമിഴത്തിയെയും കെട്ടി അവിടെ തന്നെ കൂടി. പത്തേേക്കര്‍ ഭൂമിയുണ്ട്‌. അതില്‍ ആറേേക്കറും തെങ്ങാണ്‌. രണ്ടുമക്കളില്‍ ഇളയതാണ്‌. മൂത്തതിനെ കെട്ടിച്ചുവിട്ടു. ഭൂമിയൊക്കെ നോക്കി നടത്താന്‍ പറ്റിയ ഒരാളെയാണ്‌ അവര്‍ അന്വേഷിക്കുന്നത്‌. കേട്ടപാടെ ഉണ്ണാമനുത്സാഹമായി. പെണ്ണും കിട്ടും, തെങ്ങുംകിട്ടും, പിന്നെ ഭൂമിയും കിട്ടും. പഴനിയില്‍ പോവുകയാണ്‌ എന്ന് കള്ളം പറഞ്ഞ്‌ ഉണ്ണാമനും വേലുവും പഴനിയില്‍ പോയി പെണ്ണുകണ്ടു. തമ്മിലിഷ്ടപ്പെട്ട്‌ തീയതിയും കുറിച്ച്‌ ഉണ്ണാമനും വേലുവും മടങ്ങി. രണ്ടുപേരുടെയും മനസ്സില്‍ സന്തോഷം തിമര്‍ക്കുകയായിരുന്നു. ഉണ്ണാമനെ നാടുകടത്താന്‍ സാധിച്ചതില്‍ വേലുവും, ഒരു കുടുംബജീവിതം സ്വപ്നം കണ്ട്‌ ഉണ്ണാമനും.

പിറ്റേന്നു തന്നെ ഉണ്ണാമന്‍ നായരദ്യത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. വേലുവാണ്‌ ഇതിനുപിന്നിലെന്നുള്ള കാര്യം സൌകര്യപൂര്‍വ്വം മറച്ചു പിടിച്ചു.

"അത്‌ നന്നായി. ഇനിയെങ്കിലും നീ ഉത്തരവാദിത്തത്തോടെ ജീവിക്കുമല്ലോ." നായരദ്യം ആശീര്‍വദിച്ചു. ഉണ്ണാമന്‍ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു അത്‌. ചാടിക്കടിക്കാന്‍ വരും എന്നായിരുന്നു ഉണ്ണാമന്‍ വിചാരിച്ചിരുന്നത്‌.

"അപ്പോള്‍ തെങ്ങുകേറ്റം അവതാളത്തിലായി അല്ലേ? എന്താ ഒരു പോംവഴി?" നായരദ്യം ചിന്തയിലാണ്ടു.

ഇതുതന്നെ അവസരം എന്ന് ഉണ്ണാമന്റെ മനസ്സ്‌ മന്ത്രിച്ചു. "നമുക്ക്‌ വേലുമാഷിനോട്‌ ഒന്ന് ചോദിച്ചാലോ?" ഉണ്ണാമന്‍ ഒരു പരീക്ഷണം നടത്തി.

"ഭാ" ഒരാട്ടായിരുന്നു മറുപടി. "എന്റെ പട്ടി പോകും ചോദിക്കാന്‍. എന്റെ ഔദാര്യത്തില്‍ വളര്‍ന്ന് എന്നെ തെറിപറഞ്ഞ്‌ ഭീഷണിപ്പെടുത്തിയതാണവന്‍. അവന്റെ കാര്യമൊഴിച്ച്‌ ബാക്കി എന്തുവേണമെങ്കിലും പറഞ്ഞോ. ഞാന്‍ കേള്‍ക്കാം." നായരദ്യം ചൂടായി. ഉണ്ണാമന്‍ ധര്‍മ്മസങ്കടത്തിലായി. രണ്ടുപേരെ എങ്ങിനേ ഒരുമിപ്പിക്കും എന്ന് ഉണ്ണാമന്‌ ഒരെത്തും പിടിയും കിട്ടിയില്ല.

"അല്ലെങ്കില്‍ നീ എന്നെ പഠിപ്പിക്ക്‌. അവന്റെ അടുത്ത്‌ പോകുന്നതിലും ഭേദം അതാണ്‌" നായരദ്യം വാശിക്ക്‌ മീശവച്ചവനാണ്‌. ഇനിപ്പറഞ്ഞിട്ട്‌ കാര്യമില്ല എന്ന് ഉണ്ണാമന്‌ മനസ്സിലായി. അങ്ങിനെ ഉണ്ണാമന്‍ നായരദ്യത്തിന്റെ ഗുരുവായി. 'L'ബോര്‍ഡ്‌ ഒട്ടിച്ച കയറ്റുയന്ത്രത്തില്‍, ചെറിയ തൈത്തെങ്ങിലും മീഡിയം കൊന്നത്തെങ്ങിലും നായരദ്യം തന്റെ പരിശീലനം ആരംഭിച്ചു. "സംഗതി വിചാരിച്ചപോലെ പ്രയാസമില്ലല്ലോ" എന്ന് മനസ്സില്‍ പറയുകയും ചെയ്തു.

പരിശീലനത്തിന്റെ മൂന്നാം ദിവസംഠൈതെങ്ങിലും കൊന്നത്തെങ്ങിലും കയറിയ ആവേശത്തില്‍ വലിയൊരു തെങ്ങില്‍ കയറിനോക്കിയതാണ്‌ നായരദ്യം. മുകളിലേക്ക്‌ മാത്രം നോക്കിക്കയറി. അവസാനം മുകളിലെത്തിയപ്പോള്‍ ഒന്ന് താഴേക്ക്‌ നോക്കിയതാണ്‌ അബദ്ധമായത്‌. നട്ടെല്ലില്‍ നിന്നൊരു കിരികിരിപ്പ്‌ തലയിലെത്തിയത്‌ മാത്രം ഒോര്‍മ്മയുണ്ട്‌. പിന്നെ കാണുന്നത്‌ തെങ്ങിനെ കെട്ടിപ്പിടിച്ചുകോണ്ട്‌ ഇപ്പോള്‍ കാണുന്ന പോസില്‍. യന്ത്രം മുകളിലായതുകൊണ്ട്‌ ഉണ്ണാമനും നിസ്സഹായനായി.


"ആ തോര്‍ത്തഴിയുന്നതിനു മുമ്പ്‌ വേലു വന്നാല്‍ മതിയായിരുന്നു." അപ്പ്വേട്ടന്റെ ക്ഷമകെട്ടു. പറഞ്ഞു വായെടുത്തില്ല, വേലൂസ്‌ ലൂണയുടെ "പോം പോം" ശബ്ദം കേട്ടു. വീരപാണ്ട്യന്‍ വേലുമാഷ്‌ ഒരു യുദ്ധം ജയിച്ച രാജാവിനെപ്പോലെ ലൂണയില്‍ വന്നിറങ്ങി. മുളയെടുത്ത്‌ തെങ്ങില്‍ചാരി വച്ച്‌ ഇങ്ങനെ മൊഴിഞ്ഞു. " തേങ്ങ വെട്ടിയിട്ട പരിചയമേ എനിക്കുള്ളു. ആദ്യമായാ്‌ ഒരു മനുഷ്യനെ വെട്ടിയിറക്കാന്‍ പോണത്‌. കേസ്സുവന്നാല്‍ കാത്തോളണേ നാട്ടുകാരേ". അനന്തരം ഒരു വലിയ കയറുമായി വേലു മുകളിലേക്കു കയറുകയും നായരദ്യത്തിന്റെ തൊട്ടു താഴെ എത്തുകയും ചെയ്തു.

"നമ്മളുതമ്മിലെന്തിനാ ഇങ്ങനെ വാശീം വൈരാഗ്യവും. ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ലോ നമ്മള്‍" വേലു സമാധാനത്തിന്റെ പാലം പണിതു.

"എന്നെയൊന്നിറക്കടാ വേലൂ. എന്റെ കയ്യും കാലും വിറച്ചിട്ടുവയ്യ. " നായരദ്യം സങ്കടവും ദേഷ്യവും സഹിക്കാതെ കേണു.

വേലു പടിപടിയായി നായരദ്യത്തെയും യന്ത്രത്തെയും ഓവര്‍ടേക്ക്‌ ചെയ്ത്‌ മുകളിലെത്തി. കൈയ്യിലിരുന്ന കയറിന്റെ ഒരറ്റം നായരദ്യത്തിന്റെ ഇരുകക്ഷത്തിനടിയിലൂടെ എടുത്ത്‌ ഒരു കുരുക്കുണ്ടാക്കി. പതുക്കെ പതുക്കെ ഈ കുരുക്ക്‌ മുറുക്കി നായരദ്യത്തിനെ അക്ഷരാര്‍ത്ഥത്തില്‍ കുരുക്കി. തുടര്‍ന്ന് പട്ടയുടെ മുകളില്‍ കയറി, കയറിന്റെ മറ്റേ അറ്റം ഒരു പട്ടയില്‍ ഭദ്രമായികെട്ടിയുറപ്പിച്ചു. "ഇനി ഞാന്‍ പറയുന്ന പോലെ ചെയ്യണം . പതുക്കെ പതുക്കെ വന്നപോലെ താഴെക്കിറങ്ങുക. താഴേക്ക്‌ നോക്കരുത്‌. ഇറങ്ങുന്നതനുസരിച്ച്‌ ഞാന്‍ കയറഴിച്ചു വിട്ടുകൊണ്ടിരിക്കും. ഇനി അഥവാ കൈവിട്ടാല്‍തന്നെ അദ്യം എന്റെ കുരുക്കില്‍ നിന്ന് വിട്ടുപോകില്ല." വേലുമാഷിന്റെ ഉറപ്പില്‍ നായരദ്യം അടിവചടിവച്ച്‌ താഴെക്കിറങ്ങി. അവസാനം മുളയില്‍ വന്നിടിച്ചപ്പോഴാണ്‌ അദ്യം താഴെക്കുനോക്കിയത്‌. വമ്പിച്ച കരഘോഷങ്ങള്‍ക്കിടയില്‍ നായരദ്യം വിജയകരമായി ലാന്‍ഡ്‌ ചെയ്തു.

പുറകെയിറങ്ങിയ വേലുവിനെ കെട്ടിപ്പിടിച്ച്‌ നായരദ്യം ചെവിയില്‍ പറഞ്ഞു. "വേലുമാഷെ, കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഈ തൊടീലിനി മാഷ്‌ കേറിയാമതി."

എന്നിട്ട്‌ നാട്ടുകാരോടായി ഒരു പ്രഖ്യാപനവും നടത്തി, "എന്റെ ജീവന്‍ രക്ഷിച്ചതിന്റെ നന്ദിസൂചകമായി എന്റെ വക ഒരു ചെറിയ സമ്മാനം ഞാന്‍ വേലുമാഷ്ക്‌ കൊടുക്കുകയാണ്‌. ദയവായി ഈ തെങ്ങുകേറ്റയന്ത്രം സ്വീകരിച്ചാലും"

10 Comments:

Blogger Visala Manaskan said...

കിടിലോല്‍ കിടിലം!!
ആരും ഇത് വായിച്ചില്ലേ?????
സൂപ്പര്‍ സൂപ്പര്‍ കഥ.

അരവിന്ദിന്റെ മണിയമ്മാവനെ ഓര്‍മ്മ വന്നു.

5:38 AM  
Blogger ഇടിവാള്‍ said...

ഹാവൂ ! അങ്ങനെ ശുഭപര്യവസാനിയായ ഒരു സിനിമ കണ്ട പ്രതീതി !

ഐ വേലുമാരൊക്കെ മൊത്തത്തില്‍ ഒരു പാരയാ അല്ലേ.. എന്റെ നാട്ടിലുമൂണ്ടൊരു പാരവേലു !

5:54 AM  
Blogger പരസ്പരം said...

സഹയാത്രികോ സൂപ്പര്‍ കഥ.തനി നാടന്‍ ടച്ച്.ഇതാ വിശാലനൊരു സഹയാത്രികന്‍ എന്ന് പറഞ്ഞുകൊള്ളട്ടെ!. കഥയില്‍ തെങ്ങുകയറ്റ യന്ത്രവും സാന്ട്രോ കാറുമുണ്ടായിരുന്നതിനാല്‍ ഒരു സമകാലിക സംഭവകഥയായി അനുഭവപ്പെട്ടു.

6:06 AM  
Blogger Unknown said...

ഞെട്ടിപ്പായിരിക്കണണ്ണാ... സൂപ്ഫാര്‍...

6:09 AM  
Blogger ബിന്ദു said...

തുടങ്ങിയപ്പോള്‍ അരവിന്ദന്റെ അമ്മാവന്റെ കഥ തന്നെയാണോ എന്നോര്‍ത്തു. വേറൊരു ആംഗിളില്‍ നിന്നേ.. നന്നായിട്ടുണ്ട്‌. :)

8:51 AM  
Blogger ദിവാസ്വപ്നം said...

ദേ ബൂലോഗരേ....

യെവന്‍ പുലിയാണ് കെട്ടാ.... വെറും പുലിയല്ല, പുപ്പുലി.

ഈ പോസ്റ്റിതു വരെ ശ്രദ്ധിക്കാതെ കിടക്കുകയായിരുന്നു.

സഹയാത്രികാ, കലക്കനായിട്ടുണ്ട്. കറുപ്പില്‍ വെള്ള അക്ഷരങ്ങളായിട്ടും ഒറ്റയിരിപ്പിനു തന്നെ ഞാന്‍ വായിച്ചു തീര്‍ത്തു. എന്താ കഥ പറയുന്നതിന്റെ ഒരൊഴുക്ക് !

വിശാലമനസ്സ് പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു “ കിടിലോല്‍ കിടിലം !!

7:29 PM  
Blogger sami said...

സഹയാത്രികാ,
നല്ല ആവിഷ്ക്കാരം...........സുപ്പെര്‍ ആയിട്ടുണ്ട്...:)
സെമി

8:28 PM  
Blogger Adithyan said...

വളരെ നന്നായിട്ടുണ്ട്.

8:37 PM  
Blogger sahayaathrikan said...

യ്യോ! കമന്റ്റുകള്‍ വായിച്ചിട്ട് യന്ത്രസഹായമില്ലാതെ തന്നെ ഞാന്‍ തെങ്ങിന്മുകളിലെത്തി.

6:02 AM  
Blogger ലിഡിയ said...

നല്ല കഥ.എനിക്കിഷ്ടമായി.ഇനിയും വൈകിക്കാതെ ഒരു വമ്പന്‍ അഭിനന്ദനം.

-പാറു.

11:21 AM  

Post a Comment

<< Home