Thursday, July 13, 2006

വിധിപോലെ മാംഗല്യം

'ഷ്ടാ ന്നെ മറന്നൂല്ലേ?' ബാച്ചിലേഴ്സ്‌ പാര്‍ട്ടിക്കിടയില്‍ ഓര്‍ക്കാപ്പുറത്തൊരു ചോദ്യം കേട്ട്‌ ഞാന്‍ തിരിഞ്ഞ്‌ നോക്കി. വെളുത്ത്‌ തടിച്ച്‌ കുടവയര്‍ ചാടിയ ഒരു കുറിയ ദേഹം. സ്വര്‍ണ്ണ ഫ്രെയ്മുള്ള കണ്ണട. സില്‍ക്കിന്റെ ജുബ്ബ. ആകെക്കൂടി ഒരു അബ്ക്കാരി ലുക്ക്‌. "മനസ്സിലായില്ല" എന്ന് പറയാന്‍ നാവെടുത്തതാണ്‌. അപ്പോഴാണ്‌ ആ "ഷ്ടാ" വിളി ഓര്‍മ്മവന്നത്‌. "സാമ്പ്രാനല്ലേ " എന്ന് ഞാന്‍ ചോദിക്കുമ്പോഴേക്കും ഒരു ധൃതരാഷ്ട്രാലിംഗനത്തില്‍ ഞാന്‍ അകപ്പെട്ടുപോയിരുന്നു.

'സാമ്പ്രാന്‍' എന്ന 'സാമ്പാര്‍ തമ്പ്രാന്‍' ഞങ്ങളുടെ കോളേജ്‌ ജീവിതത്തിലെ ഒരവിഭാജ്യ ഘടകമായിരുന്നു. ശരിക്കും പേര്‌ മധുസൂതനന്‍ നമ്പൂതിരി. പൊക്കം കുറഞ്ഞ്‌ ദുര്‍മ്മേദസ്സടിഞ്ഞ ദേഹം. ഉരുണ്ടുരുണ്ടുള്ള നടത്തം. 'പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിട്ട്‌ വരികയാണോ' എന്നായിരുന്നു സാമ്പ്രാനോടുള്ള ആദ്യത്തെ റാഗിംഗ്‌ ചോദ്യം.അത്രക്കുണ്ടായിരുന്നു സാമ്പ്രാന്റെ കുടവയര്‍. വടക്കെങ്ങോ ഉള്ള പേരുകേട്ട ഇല്ലത്തെ സന്തതി. സാമ്പ്രാന്റെ ഭാഷയില്‍ പറഞ്ഞാല്‍ "അഷ്ടിക്കു വകീല്ലാത്ത ഇല്ലാണേയ്‌. പേരുമാത്രെ ള്ളൂ. ബാക്കീള്ള ഇത്തിരി സ്വത്തിന്‌ എല്ലാരും കടിപിടികൂടീപ്പോ ഇട്ടെറിഞ്ഞു പോയതാ ന്റെ 'ഫാദര്‍ ദി ഗ്രേറ്റ്‌',ദുബ്ബായീല്‍ക്ക്‌. പനിപിടിച്ച്‌ ആശൂത്രീകെടന്നപ്പം ഒപ്പം കൂട്ടീതാണെന്റമ്മയെ. മൂപ്പര്‍ക്ക്‌ ഒറിജിനലൊരെണ്ണം നാട്ടിലുണ്ടെന്നറിഞ്ഞപ്പോള്‍ എന്നേംകൂട്ടിട്ടമ്മ നാട്ടീപ്പോന്നു. ഒള്ളത്‌ പറഞ്ഞാ 'ഫാദര്‍ ദി ഗ്രെറ്റ്‌' ആള്‌ കറക്ടാ. എല്ലാ മാസോം ഡ്രാഫ്റ്റ്‌ കൃത്യം. ലോങ്ങ്‌ ലിവ്‌ മൈ ഫാദര്‍".

പഠിക്കുക എന്നത്‌ സാമ്പ്രാന്റെ അജണ്ടയിലില്ലാത്ത കാര്യമായിരുന്നു. "യൂണിവേഴ്സിറ്റി ന്നെ പുറത്താക്കണവരെം ഞാനിവിടെ പഠിക്കും" കൈ നിറയെ പണം, വിശ്രമമില്ലാത്ത നാക്ക്‌,എന്ത്‌ സഹായത്തിനും ഓടിയെത്തുന്ന നല്ല മനസ്സിനുടമ. കാമ്പസ്സില്‍ പോപ്പുലറാവാന്‍ ഇനിയെന്ത്‌ വേണം.സാമ്പ്രാന്‌ ചില എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ്‌ ഒക്കെ ഉണ്ടായിരുന്നു. നളനെ വെല്ലുന്ന പാചക വിദഗ്ധനായിരുന്നു സാമ്പ്രാന്‍. സാമ്പ്രാന്റെ സാമ്പാറിന്റെ രുചി ഇപ്പോഴും നാവിലുണ്ട്‌. ചിലപ്പോള്‍ കോളേജിനടുത്തുള്ള കാറ്ററിംഗ്‌കാരുടെ കൂടെ കൂടാറുണ്ട്‌ സാമ്പ്രാന്‍. സമ്പാറിന്റെ ചുമതല എപ്പോഴും സാമ്പ്രാനായിരുന്നു. അങ്ങിനെയാണ്‌ 'സാമ്പാര്‍ തമ്പ്രാന്‍' എന്ന പേര്‌ വീണത്‌. കാലക്രമേണ അത്‌ ലോപിച്ച്‌ 'സാമ്പ്രാ'നായി. പാചകം മോശമാണെങ്കില്‍ സാമ്പ്രാന്റെതായ രീതിയില്‍ അതിനെ ചോദ്യം ചെയ്യുവാനും മടിച്ചിരുന്നില്ല. ഒരിക്കല്‍ ഞങ്ങളെല്ലാവരും കൂടി ഒരു കല്യാണത്തിനുപോയി. നാലാമത്തെ പന്തിയിലാണ്‌ ഞങ്ങളിരുന്നത്‌. അപ്പോഴേക്കും സാമ്പാറില്‍ "കഞ്ഞിവീഴ്ത്തി'യിരുന്നു. (സാമ്പാര്‍ തീരുമ്പോള്‍ അതില്‍ കഞ്ഞി ചേര്‍ത്ത്‌ വീണ്ടും കൊഴുപ്പിക്കും. പാചകക്കാരുടേ സ്ഥിരം പൊടിക്കൈ). രണ്ടാമത്‌ വിളമ്പാന്‍ വന്നപ്പോള്‍ സാമ്പ്രാന്‍ ഇടപെട്ടു. " ആ സാമ്പാറുപോലത്തെ സാധനം പോരട്ടേയ്‌" "ആ രസം പോലത്തെ സാധനം ഉണ്ടെങ്കില്‍മാത്രം പോരട്ടേയ്‌"

സാമ്പ്രാന്റെ അടുത്ത വിനോദമായിരുന്നു, ചീട്ടുകളി. തികച്ചും പ്രൊഫഷണലാണ്‌ ഇക്കാര്യത്തില്‍ സാമ്പ്രാന്‍. ഇതിലുള്ള വൈദഗ്ധ്യം കാരണം പുറത്ത്‌ നിന്ന് സാമ്പ്രാനെ അന്വേഷിച്ച്‌ ആളെത്തിയിരുന്നു. നഗരത്തിലെ വലിയ പണക്കാരുടെ ക്ലബ്ബില്‍ സമ്പ്രാന്‍ സ്ഥിരം ക്ഷണിതാവായി. രാഷ്ട്രീയക്കാരും പോലീസുകാരുമൊക്കെ സാമ്പ്രാന്റെ സഹകളിക്കാരായിരുന്നു. അങ്ങിനെയാണ്‌ സാമ്പ്രാന്‍ വലിയ പുള്ളിയാവുന്നത്‌.

സെവന്ത്ത്‌ സെമസ്റ്ററില്‍ സൂപ്പര്‍ സീനിയേഴ്സ്‌ ആയി വെലസുന്ന കാലം.സാമ്പ്രാന്‍ ഇതിനകം “സപ്ലിസാമ്പ്രാന്‍” എന്ന പേരും കിട്ടിയിരുന്നു. അത്രയധികം പേപ്പര്‍ എഴുതിയെടുക്കാന്നുണ്ടായിരുന്നു. പുതുതായി ചേരുന്ന പെണ്‍കുട്ടികളെ ഒരു കല്യാണമനോഭാവത്തോടെയാണ്‌ സൂപ്പര്‍ സീനിയേഴ്സ്‌ സമീപിക്കുക. രണ്ടുമൂന്ന് വയസ്സിന്റെ ചെറുപ്പമുള്ളത്‌ കൊണ്ട്‌ ജോലികിട്ടി കഴിയുമ്പോളേക്കും പെണ്ണ്‍ പഠിപ്പെല്ലാം കഴിഞ്ഞ്‌ റെഡിയായിട്ടുണ്ടാകും. അങ്ങിനെയാണ്‌ രണ്ടാം സെമ്മിലുള്ള ശ്രീദേവിയെ ഒരാറുമാസത്തെ കഠിനപരിശ്രമത്തിനു ശേഷം എന്റെ ആത്മാര്‍ഥ സുഹൃത്ത്‌ അജിത്ത്‌ വീഴ്ത്തിയെടുത്തത്‌. കാണാന്‍ വലിയ സുന്ദരിയൊന്നുമല്ലെങ്കിലും നല്ല ഐശ്വര്യമുള്ള മുഖവും തരക്കേടില്ലാത്ത ബുദ്ധിയും ശ്രീദേവിക്കുണ്ടായിരുന്നു. പഠിപ്പിനെ ബാധിക്കുന്ന ഒന്നും ശ്രീദേവി വച്ച്‌ പൊറുപ്പിക്കില്ലായിരുന്നു. അതുകോണ്ട്‌ വലിയ ബഹളമൊന്നുമില്ലാതെ, കാന്റീനിലും ലൈബ്രറിയിലുമൊക്കെ ഒതുങ്ങി നിന്നിരുന്ന ഒരു പ്രാക്ടിക്കല്‍ പ്രേമമായിരുന്നു അത്‌.

അങ്ങിനെ പ്രാക്ടിക്കല്‍പ്രേമം ഒഴുകി ഒഴുകി മുമ്പോട്ട് നീങ്ങുമ്പോള്‍ ഒരു ദിവസം സാമ്പ്രാന്‍ ഞങ്ങളെ വിളിച്ചു. "ഷ്ടാ, ഒന്നുകൂടീട്ടെത്രയായി. ഇന്ന് വൈന്നേരം അലങ്കാറില്‍‍‍. ഏറ്റല്ലോ?". ഒരു ബീയറടിച്ചിട്ട്‌ കാലം കുറെയായി. മാത്രമല്ല സാമ്പ്രാന്റെ ചിലവിലാണല്ലോ. അജിത്തും ഞാനും പുറപ്പെട്ടു. പതിവില്ലാതെ സാമ്പ്രാനന്ന് മൌനിയായിരുന്നു.

"സാമ്പ്രാന്‌ എന്തോ കുഴപ്പമുണ്ടല്ലോ" ഇടയ്ക്‌ ബാത്ത്‌ റൂമില്‍ വച്ച്‌ അജിത്ത്‌ എന്നോട്‌ പറഞ്ഞു. രണ്ടാം റൌണ്ട്‌ ആരംഭിച്ചപ്പോള്‍ ഞാന്‍ വിഷയത്തിലേക്ക്‌ കടന്നു. "സാമ്പ്രാനേ എന്തോ പ്രശ്നമുണ്ടല്ലോ? എന്തുപറ്റി?"

"ഷ്ടാ, ഞാമ്പറയാമ്പോണകാര്യം ശരിയല്ലന്ന് നിക്കു നല്ലോണം നിശ്ശൊണ്ട്‌. ന്നാലും കുറെ നാളായിട്ടുള്ള ആഗ്രഹാണേയ്‌. അതങ്ങട്‌ അടക്കാനൊട്ടു പറ്റുണൂല്യ."

"എന്താ സാമ്പ്രായിത്‌? കാര്യമെന്താണെന്ന് വച്ചാ തുറന്നു പറയൂ"

"ഷ്ടാ, ന്റെ കാര്യമൊക്കെ നിങ്ങക്കറിയാലോ. ന്റമ്മ കാരണം നിക്കീ പെണ്‍വര്‍ഗ്ഗത്തോട്‌ തന്നെ പുച്ഛായിരുന്നു. ന്നാലിപ്പോള്‍...."

"സാമ്പ്രാനേ, വല്ല പ്രേമത്തിലും ചെന്ന് പെട്ടൊ?" അജിത്തിന്‌ ഉത്സാഹമായി.

സാമ്പ്രാന്റെ മുഖം ഒന്ന് കൂടെ മ്ലാനമായി.

"ഷ്ടാ, രണ്ടുപേരും ന്നോടു ക്ഷമിക്കണം. എങ്ങനെ പറയണമ്ന്നറീല്ലാ. ഷ്ടായില്ലെങ്കില്‍ മറക്കണം. ന്നോട്‌ ദേഷ്യൊന്നും വെക്കരുത്‌. ജിത്തേ നീ സീരിയസ്സല്ലെങ്കില്‍....ശ്രീദേവിയാ ന്റെ മനസ്സില്‌."

ഒരു നിമിഷം ഞങ്ങള്‍ സ്തംഭിച്ചിരുന്നു പോയി. കസേര തട്ടിത്തെറുപ്പിച്ച്‌ അജിത്ത്‌ സാമ്പ്രാന്റെ കോളറിനുകുത്തിപ്പിടിച്ചലറി.

"നീ എന്താ എന്നെപറ്റി വിചാരിച്ചിരിക്കുന്നത്‌. നീയങ്ങ്‌ ചോദിക്കുമ്പോഴേക്കും ഞാനെടുത്തങ്ങ്‌ തരുമെന്നൊ? ഇതെന്താ കന്നുകാലിക്കച്ചവടോ? അതെങ്ങനാ നിനക്കിതുവല്ലതും മനസ്സിലാവോ. വിത്തുഗുണം പത്തെ...." അത്‌ പൂര്‍ത്തിയാക്കും മുമ്പ്‌ ഞാനവന്റെ വായ പൊത്തി. ഒരു കൊടുങ്കാറ്റുപോലെ അവന്‍ മുറിവിട്ടിറങ്ങി. ഞാനുമവന്റെ പുറകെയിറങ്ങി. തിരിഞ്ഞു നോക്കിയപ്പോള്‍ ശിലപോലെ സ്തംഭിച്ചിരിക്കുന്ന സാമ്പ്രാനെയാണ്‌ കണ്ടത്‌. അന്നായിരുന്നു സാമ്പ്രാനെ അവസാനമായി കണ്ടതും.

സാമ്പ്രാന്‍ പിന്നീട്‌ കോളേജില്‍ വന്നതേയില്ല. ഇടയ്ക്കാരോ പറഞ്ഞത്‌ കേട്ടു, സാമ്പ്രാന്‍ തമിഴ്‌നാട്ടിലുണ്ടെന്നും, മുല്ലപ്പൂവിന്റെ എസ്സെന്‍സ്‌ ഉണ്ടാക്കുന്ന ഫാക്ടറിയിട്ടെന്നും മറ്റും.

സാമ്പ്രാന്റെ കാര്യം പറഞ്ഞ്‌ ഞാനും അജിത്തും പലപ്പോഴും തര്‍ക്കിച്ചിട്ടുണ്ട്‌. ഒരു Yes/No ഉത്തരത്തില്‍ തീരേണ്ട കാര്യം അത്രക്കങ്ങട്‌ വഷളാക്കേണ്ടിയിരുന്നില്ല എന്നാണ്‌ എനിക്കു തോന്നിയിരുന്നത്‌. അല്ലെങ്കില്‍ സാമ്പ്രാന്‍ എന്ത്‌ തെറ്റാണ്‌ ചെയ്തത്‌? വളഞ്ഞ വഴിയോന്നും സ്വീകരിക്കാതെ നേര്‍ക്കുനേരെ ചോദിച്ചതാണൊ തെറ്റ്‌? ഒരു ദുര്‍ബല നിമിഷത്തില്‍ അങ്ങിനെ ചോദിച്ചതാവാനേ വഴിയുള്ളൂ. ഇനി, അജിത്ത്‌ Yes മൂളിയാല്‍ തന്നെ ശ്രീദേവിയുടെ മനസ്സില്‍ കയറിപറ്റാന്‍ സാമ്പ്രാനെപോലെയുള്ള അലവലാതിക്ക്‌ പറ്റുമായിരുന്നോ? എന്തായാലും സാമ്പ്രാനോടങ്ങിനെ പെരുമാറിയതില്‍ പിന്നീട്‌ അജിത്തിന്‌ അങ്ങേയറ്റം വിഷമം ഉണ്ടായിരുന്നു. കോളേജ്‌ ജീവിതത്തിന്റെ അവസാനനാളുകളില്‍ അവന്‍ അത്‌ എന്നോട്‌ പറയുകയും ചെയ്തിരുന്നു.

ജീവിക്കാനുള്ള വ്യഗ്രതയില്‍ പല സുഹൃത്തുക്കളുമായുള്ള ബന്ധം അറ്റുപോയിരുന്നു. പല നാടുകളില്‍ ജോലിചെയ്ത്‌, പല കമ്പനികള്‍ മാറി അവസാനം ഞാന്‍ കൊച്ചിയില്‍തന്നെ സെറ്റില്‍ ചെയ്യുവാന്‍ തീരുമാനിച്ചു. അങ്ങിനെയാണ്‌ എന്റെ വിവാഹം തീരുമാനിച്ചത്‌. നാട്ടിലും പുറത്തുമുള്ള അറിയാവുന്ന എല്ലാ സുഹൃത്തുക്കളെയും കത്തെഴുതിയും ഫോണ്‍ ചെയ്തും ഇമെയില്‍ വഴിയും വിവരമറിയിച്ചു. പഴയ അഡ്രസ്സ്‌ ബുക്കില്‍നിന്നും തപ്പിയെടുത്ത്‌ പൊട്ടക്കണ്ണന്‍ മാവിലെറിയുന്നത്‌ പോലെ ചില കത്തുകളും അയച്ചിരുന്നു.

അജിത്തിന്റെ വിവരമൊന്നും ഇല്ലായിരുന്നു. ഞങ്ങളുടെ ബാച്ചില്‍ ഏറ്റവും ഒടുവില്‍ ജോലികിട്ടിയത്‌ അവനായിരുന്നു. ഒരുപാട്‌ കഷ്ടപ്പെട്ടിട്ടാണ്‌ പൂനെയിലുള്ള അമ്മാവന്‍ വഴി ഒരു ജോലി തരപ്പെടുത്തിയത്‌.അജിത്ത്‌ ജോലികള്‍ പലതും മാറി ബോംബെ, ഡെല്‌ഹി വഴി ദുബായിലെത്തിയെന്ന് കേട്ടിരുന്നു. ശ്രീദേവിയുമായുള്ള വിവാഹത്തിന്‌ അവന്‍ ശ്രമിച്ചിരുന്നുവെന്നും ഒരു ചൊവ്വാദോഷത്തിന്റെ പേരില്‍ അത്‌ നടന്നില്ല എന്നും, ഡെല്‌ഹിയിലായിരുന്നപ്പോള്‍ അവനയച്ച കത്തില്‍ നിന്നറിയാന്‍ കഴിഞ്ഞു.

അങ്ങിനെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുമായി, ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ നിനച്ചിരിക്കാതെ സാമ്പ്രാന്റെ വരവ്‌. കോയമ്പത്തൂരില്‍ വച്ച്‌ അവിചാരിചമായി കണ്ടുമുട്ടിയ ഞങ്ങളുടെ ഒരു പൊതുസുഹൃത്തില്‍ നിന്നാണത്രെ എന്റെ കല്യാണത്തിന്റെ വിവരം കിട്ടിയത്‌.

"ഷ്ടാ, വേഗം റെഡിയാക്‌. നമ്മളൊരു സ്ഥലം വരെ പോകുന്നു. നീ എന്തുപറഞ്ഞാലും വേണ്ടില്ല്ല" പുതിയ ഫോര്‍ഡ്‌ കാറിന്റെ കീ ചുഴറ്റി സാമ്പ്രാന്‍ കല്‍പിച്ചു.

"ഞാനെങ്ങനെ വരാനാണ്‌ നീ കണ്ടില്ലേ ഇവരെയോക്കെ?" ഞാന്‍ ഒഴിയാന്‍ നോക്കി.

"ഷ്ടാ,ഒരു മണിക്കൂറേ നിക്കു നിന്നെ വേണ്ടൂ. ന്റെ പുതിയ കാറില്‍ നിന്നെയൊന്ന് കറക്കണം ത്രേയുള്ളു"

എന്നെയുംകൊണ്ട്‌ ശരം പോലെ അവന്‍ കാര്‍ പറപ്പിച്ചു.

"സാമ്പ്രാ, ഒന്ന് പതുക്കെ വിട്‌. നാളെ കെട്ടാനെങ്കിലും ഞാന്‍ ബാക്കിവേണ്ടേ?"

"സന്തോഷം കൊണ്ടാ ഷ്ടാ, ചൂടാവല്ലേ" വേഗത കുറച്ച്‌ അവന്‍ പറഞ്ഞു.

കാര്‍ പെരിയാര്‍ ഹോട്ടലിനോട്‌ ചേര്‍ന്നുള്ള കോട്ടേജിനുമുമ്പില്‍ നിന്നു.

"ഷ്ടാ, ഞാനിവിട്യാ കൂടീരിക്കണെ. ഫാമിലിയുണ്ട്‌ കൂടെ. "

ഇതുവരെയും ഞാനവനെ കുറിച്ചൊന്നും ചോദിച്ചില്ലല്ലോ എന്ന കുറ്റബോധം എനിക്കുണ്ടായി.

ബെല്ലടിച്ച്‌ ഒരു ചൂളം വിളിയുമായി അവന്‍ കാത്തുനിന്നു.

വാതില്‍ തുറന്ന ആളെ കണ്ട്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.

ശ്രീദേവിയായിരുന്നു അത്‌.

ചുമലില്‍ കൈയ്യിട്ട്‌ സ്നേഹപൂര്‍വ്വം അകത്തേക്കാനയിക്കുമ്പോള്‍ സാമ്പ്രാന്‍ എന്റെ ചെവിയില്‍ പറഞ്ഞു,"ഷ്ടാ, ന്ത്‌ ചൊവ്വാദോഷം. മനപ്പൊരുത്തം തന്ന്യാ വലുത്‌"

13 Comments:

Blogger കുറുമാന്‍ said...

സഹയാത്രികാ, സാമ്പ്രാന്റെ അനുഭവ കഥ വളരെ നന്നായിരിക്കുന്നു.

സിമ്പ്ലി സൂപര്‍ബ്....

4:33 AM  
Blogger അരവിന്ദ് :: aravind said...

സൂപ്പര്‍ കഥ സഹയാത്രികാ..
ശരിക്കും ഇഷ്ടായി!! :-))
അവസാനം ഊഹിച്ചു എങ്കിലും..സൂപ്പര്‍!

നന്നായി എഴുതിയിരിക്കുന്നു!!
അഭിനന്ദനങ്ങള്‍! :-)

4:39 AM  
Blogger പൊന്നമ്പലം said...

നമോവാകം...

എനിക്ക് വല്ലാതെ അങ്ങ് ടച്ച് ആയി പോയി...

4:41 AM  
Blogger ബിരിയാണിക്കുട്ടി said...

അജിത് ദുബായിക്കു പോയതും, ചൊവ്വാ ദോഷവും എത്തിയപ്പോ, അര്‍ബി പറഞ്ഞ പോലെ കാര്യം ഊഹിച്ചെങ്കിലും നല്ല രസമുണ്ട് വായന.

അജിത്തിനോട് ഒരു ബ്ലോഗ് തുടങ്ങി മഞക്കിളിയില്‍ ഒരു പോസ്റ്റിടാന്‍ പറ. :-)

4:45 AM  
Blogger ദില്‍ബാസുരന്‍ said...

സാമ്പാര്‍ നന്നായി ഉണ്ടാക്കാന്‍ ചില്ലറ കഴിവൊന്നും പോര. ആള്‍ നരിയായിരിക്കുമെന്ന് അപ്പോഴേ ഊഹിച്ചു.

എഴുത്ത് തുടരൂ....

4:49 AM  
Blogger കണ്ണൂസ്‌ said...

പാവം പാവം സാമ്പാര്‍ തമ്പ്രാന്‍!!

4:51 AM  
Blogger വക്കാരിമഷ്‌ടാ said...

ഹായ്.. വളരെ നല്ല ഒഴുക്കുള്ള എഴുത്ത്.. നന്നായി എഴുതിയിരിക്കുന്നു. ഇഷ്ടപ്പെട്ടു, ശരിക്കും.

4:54 AM  
Blogger പെരിങ്ങോടന്‍ said...

ഹീറോയിസം എന്നൊക്കെ കേള്‍ക്കണതു വെറുതെയല്ലാല്ലേ :)

5:44 AM  
Blogger ബിന്ദു said...

വളരെ നന്നായിട്ടുണ്ട്‌ :)

6:10 AM  
Blogger കല്യാണി said...

നല്ല എഴുത്ത്‌ :-)

6:13 AM  
Blogger ഡാലി said...

സഹയാത്രികാ നല്ലവിവരണമാണല്ലൊ... സാമ്പാര്‍ തമ്പുരാന്‍മര് തന്നെയാണ് എന്നും ശരി.. ചൊവ്വാദോഷം മണ്ണാങ്കട്ട തന്നെ?

8:35 AM  
Blogger sahayaathrikan said...

കുറച്ച് സത്യങ്ങളും അതിലേറെ നുണകളും കോര്‍ത്തിണക്കി ഉണ്ടാക്കിയതാണീ കഥ.ഈ നുണകള്‍ക്ക് പുറകില്‍ ഒളിപ്പിച്ചുവച്ച ദുരന്തങ്ങള്‍, ഇതിലെ കഥാപാത്രങ്ങളായ ഞങ്ങള് മാത്രം അനുഭവിക്കാനും ആസ്വദിക്കാനും വേണ്ടി സംഭവിച്ചതാണ്‍്. അതുകോണ്ട് അത് ഞങ്ങള്‍ക്ക് മാത്രം സ്വന്തം.

ബീക്കുട്ടി - സ്വര്‍ഗ്ഗത്തില്‍ ഇന്റര്‍നെറ്റ് ഉണ്ടെന്ന്
ഇന്നാള് ആരാ ബ്ലൊഗിയത്? സത്യമാണെങ്കില്‍ മഞ്ഞക്കിളിയില്‍ ഉടനടി ഒരു ബ്ലോഗ് പ്രതീക്ഷിക്കാം.

കണ്ണൂസെ - ശരിക്കും ഒരു പാവം പാവം രാജകുമാരനായിരുന്നു, സാമ്പ്രാന്‍. പക്ഷേ ജീവിതം വേറെ, സിനിമ വേറെ.

കുറുമാന്‍,അരവിന്ദ്,സന്തോഷ്,ദില്‍ബാസ്,പെരിങ്ങോട്സ്,വക്കാരി,ബിന്ദു, കല്യാണി... എല്ലാവര്‍ക്കും നന്ദി.

9:39 AM  
Blogger വഴിപോക്കന്‍ said...

നന്നായി .. :)

10:00 AM  

Post a Comment

<< Home