Friday, September 08, 2006

പുനര്‍ജ്ജന്മം

'....കൃഷ്ണേട്ടന്‍ നാട്ടിലേക്ക്‌ തിരിച്ചുവരണം. വല്ല്ല നാട്ടില്‍ കിടന്ന് കഷ്ടപ്പെട്ടതൊക്കെ മതി. വയസ്സ്‌ അറുപത്തി മൂന്നായി. അതെങ്ങനെ, അതൊക്കെ ഓര്‍ത്തുവയ്ക്കുന്ന ആളാണോ? സ്വന്തം പിറന്നാള്‌ കൂടി ഞാന്‍ പറയുമ്പോഴല്ലെ ഓര്‍ക്കാറ്‌. രാധിക ഇപ്പോള്‍ നല്ല നെലേലായില്ലേ. ഇനിയെന്തിനാ അവിടെ തങ്ങുന്നത്‌? അവര്‍ക്ക്‌ കാണണമെങ്കില്‍ ഇങ്ങോട്ട്‌ വരട്ടെ. ഈ നാടും വീടും കൃഷ്ണേട്ടന്റെ മനസ്സില്‍ ഇപ്പോഴുമുണ്ടെന്ന് അറിയാവുന്നത്‌ കൊണ്ടാ പറയണെ ഇങ്ങോട്ട്‌ തിരിച്ചുവരാന്‍.

വിജയന്റെ ബിസിനസ്സൊക്കെ നന്നായി പോകുന്നു. അവന്‌ കല്യാണപ്രായമൊക്കെയായി. നമ്മുടെ വാസ്വേട്ടന്റെ ഇളയ മോളില്ലേ, സുധ. അവളെ അവനുവേണ്ടി ആലോചിച്ചാലൊ എന്ന് വിചാരിക്ക്യാ. വാസ്വേട്ടനോട്‌ പറഞ്ഞിട്ടില്ല. കൃഷ്ണേട്ടന്റെ അഭിപ്രായം അറിഞ്ഞിട്ട്‌ പറയാമെന്ന് വിചാരിച്ചു.

സുനന്ദേടത്തിക്ക്‌ വേദന കുറഞ്ഞെങ്കില്‍ ഒട്ടും താമസിക്കാതെ ഇങ്ങോട്ട്‌ കൊണ്ടുവരണം. കോട്ടയ്ക്കലില്‍ വാതത്തിനൊക്കെ നല്ല ചികില്‍സയുണ്ട്‌.....' വായന നിറുത്തി കൃഷ്ണക്കുറുപ്പ്‌ കണ്ണുകളൊപ്പി. അമ്മൂന്റെ കത്ത്‌ വായിക്കുമ്പോ എപ്പോഴും കണ്ണുനിറയും. അടുത്തിരുന്ന് പറയുന്നത്‌ പോലെയാണ്‌ തോന്നുക. രണ്ടുപേജെങ്കിലും ഉണ്ടാവും ഓരോ കത്തും. തന്റെ മറുപടിയോ? മൂന്നോ നാലോ വരി. അതും വല്ലപ്പോഴും. എന്നാലുമവളുടെ കത്ത്‌ രണ്ടാഴ്ച കൂടുമ്പോള്‍ വരും. എത്രയോ വര്‍ഷങ്ങളായിട്ടുള്ള പതിവാണ്‌.

പാവം! ഇപ്പോഴും തന്നെ ജീവനാണ്‌. ഇപ്പോഴവളെ കാണാനെങ്ങിനിരിക്കുമോ ആവോ? മുടിയൊക്കെ നരച്ചിട്ടുണ്ടാവും. മുഖത്ത്‌ ചുളിവുകള്‍ വീണിരിക്കുമോ? എന്തായാലും ആ ചിരി അതുപോലെ തന്നെയുണ്ടാകും. അതുറപ്പ്‌. കൂടെ ആ നുണക്കുഴിയും.

'സാബ്‌, സബ്ജി ചാഹീയേ ക്യാ?' പച്ചക്കറിക്കാരനാണ്‌. പച്ചക്കറി കഴിഞ്ഞകാര്യം സുനന്ദ ഇന്നലെ ഓര്‍മ്മിപ്പിച്ചിരുന്നതാണ്‌. മറന്നു. കത്ത്‌ മടക്കി വച്ച്‌ കുറുപ്പ്‌ എഴുന്നേറ്റു. നല്ല മുഴുത്ത വഴുതിനങ്ങയും വെണ്ടക്കയും. പറഞ്ഞിട്ടെന്താ, നാട്ടില്‍ കിട്ടുന്നതിന്റെ നൂറിലൊന്ന് സ്വാദില്ല. പച്ചക്കറികളുമായി അടുക്കളയിലേക്ക്‌ നടക്കുമ്പോള്‍ സുനന്ദ ഉറക്കത്തിലെന്തോ പറഞ്ഞു. മരുന്നു കൊടുക്കേണ്ട സമയമായി. എഴുന്നേല്‍പിക്കാം. അല്ലെങ്കില്‍ ഒരു പത്ത്‌ മിനിറ്റുകൂടെ കഴിയട്ടെ. അത്രയും വേദന തിന്നേണ്ടല്ലോ. ശരീരമാസകലം വേദനയാണ്‌. ആറുമാസം ചികില്‍സിച്ചിട്ടും വേദനയ്ക്ക്‌ കുറവില്ല. നാട്ടിലായിരുന്നെങ്കില്‍ വല്ല ആയുര്‍വ്വേദവും പരീക്ഷിക്കാമായിരുന്നു. വേദനസംഹാരികള്‍ കഴിച്ച്‌ കഴിച്ച്‌ ഇപ്പോള്‍ വിശപ്പൊന്നും ഇല്ലാണ്ടായിരിക്കുന്നു. ആറുമാസംകൊണ്ട്‌ അവളുടെ മുഖത്തെല്ലാം ചുളിവുകള്‍ വീണു. ഒരു പത്തിരുപത്‌ വയസ്സ്‌ കൂടിയപോലെ.

ചൂരിദാറും കമ്മീസുമിട്ട്‌ ഇരുവശത്തേക്കും മുടിപിന്നി, ചുണ്ടില്‍ ചായംതേച്ച്‌, ഹൈഹീല്‍ഡ്‌ ചെരിപ്പുമിട്ട്‌ കോളേജില്‍ പോകുന്ന സുനന്ദയെ ഒരു നിമിഷം കുറുപ്പ്‌ ഓര്‍ത്തു. പോകുന്നപോക്കില്‍ അവജ്ഞയോടെ തന്നെ നോക്കുന്നത്‌ ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു. തന്നെപ്പോലെ ഒരു നാട്ടിന്‍പുറത്തുകാരന്‍ അവളുടെ ഭര്‍ത്തൃസങ്കല്‍പത്തില്‍ ഒരിക്കലുമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. മരണക്കിടക്കയില്‍ നാരായണേട്ടന്‍ അവളുടെ കൈപിടിച്ചേല്‍പിക്കുമ്പോള്‍ നിഷേധിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തോടുള്ള കടപ്പാട്‌ അത്രയ്ക്കുണ്ടായിരുന്നു.

ട്രെയിനില്‍ വച്ചായിരുന്നു നാരായണേട്ടനെ ആദ്യമായി കണ്ടുമുട്ടുന്നത്‌. നാടും വീടും ഉപേക്ഷിച്ച്‌ എവിടേക്കെന്നില്ലാതെ യാത്രതിരിച്ച ദിവസം. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം.
അന്ന് തനിക്ക്‌ ഇരുപത്തഞ്ച്‌ വയസ്സ്‌. വാസ്വേട്ടന്റെ പലചരക്ക്‌ കടയില്‍ കണക്കെഴുത്തായിരുന്നു ജോലി. അമ്മ മരിച്ചിട്ട്‌ ആറുമാസം കഴിഞ്ഞിരുന്നു. മരിച്ചുവെന്നറിയിച്ചിട്ടും വല്ല്യമ്മാവന്‍ വരികയുണ്ടായില്ല. അത്രയ്ക്കുണ്ടായിരുന്നു പക. ഒളിച്ചും പാത്തും വന്ന അമ്മുവിന്‌ വല്ല്യമ്മാവന്റെ വക കണക്കിനുകിട്ടി എന്ന് കാര്യസ്ഥന്‍ രാമന്‍ നായര്‍ പറഞ്ഞറിഞ്ഞു.

പുതിയ കല്യാണാലോചനയുടെ കാര്യം പറയാന്‍ അമ്മു അന്ന് കടയില്‍ വന്നിരുന്നു.

'കൃഷ്ണേട്ടാ, ഈ കല്യാണം നടന്നാല്‍ ഞാനീപുഴയില്‍ ചാടിച്ചാവും. നമുക്കിവിടം വിട്ടെങ്ങോട്ടെങ്കിലും പോവാം ' തന്റെ തോളില്‍ തലവച്ച്‌ അമ്മു പറഞ്ഞതിപ്പോഴും ചെവിയിലുണ്ട്‌.

ഒരൊളിച്ചോട്ടത്തിന്‌ താനൊരുക്കമായിരുന്നില്ല. കമ്മ്യൂണിസ്റ്റുകാരന്റെ രക്തമല്ലേ സിരകളില്‍ ഓടുന്നത്‌. പോരാത്തതിന്‌ ചെറുപ്പത്തിന്റെ തിളപ്പും.

'ഞാന്‍ വിളിച്ചാല്‍ നീ ഇറങ്ങി വരുമോ?' അമ്മുവിന്റെ കണ്ണുകളില്‍ പേടി നിറയുന്നത്‌ കണ്ടു.

'അച്ഛനറിഞ്ഞാല്‍....'

'വല്ല്യമ്മാവന്റെ മുമ്പില്‍ വച്ച്‌ ഞാന്‍ വിളിക്കും. നീ തയ്യാറായിരുന്നോ.'

അച്ഛനോടുള്ള പേടികാരണം അമ്മുവിന്‌ തന്നോടൊപ്പം ഇറങ്ങിവരാന്‍ കഴിഞ്ഞില്ല. നാട്ടുകാരുടെയും വീട്ടുകാരുടേയും മുമ്പില്‍ വച്ച്‌ വല്ല്യമ്മാവന്‍ തന്നെ അപമാനിച്ചു.

'ഭൂ! മംഗലത്ത്‌ വന്ന് പെണ്ണ്‍ ചോദിക്കാന്മാത്രം നീ ആയോ? നിന്റെ തള്ള ആ കള്ളക്കമ്മ്യൂണിസ്റ്റുകാരന്റെ കൂടെ പോയപോലെ എന്റെ മോളുപോരുമെന്ന് വിചാരിച്ചോടാ പട്ടീ? നിന്നെപ്പോലെ അവളുടെ ചോരയില്‍ മായം കലര്‍ന്നിട്ടില്ലടാ. .....'

അപമാനിതനായി മംഗലം തറവാട്ടിന്റെ പടിയിറങ്ങുമ്പോള്‍ നാടുവിടാന്‍ തന്നെ തീരുമാനിച്ചിരുന്നു. ആരോടും പറയാനുണ്ടായിരുന്നില്ല. വീട്ടില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റുകളും അല്‍പം വസ്ത്രങ്ങളുമെടുത്ത്‌ പഴയ ഇരുമ്പു പെട്ടിയില്‍ വച്ചു. അച്ഛനോടും അമ്മയോടും മനസ്സാ നമിച്ചു. വീട്‌ പൂട്ടി പടിയിറങ്ങുമ്പോള്‍ മനസ്സ്‌ പിടയുകയായിരുന്നു. താന്‍ ജനിച്ചുവളര്‍ന്ന വീട്‌. അച്ഛന്റെയും അമ്മയുടെയും അനേകവര്‍ഷത്തെ അദ്ധ്വാന ഫലം. വാസ്വേട്ടനോട്‌ യാത്രപറഞ്ഞിറങ്ങുമ്പോള്‍ പോക്കറ്റില്‍ വച്ചുതന്ന നോട്ടുകള്‍ എത്രയെന്ന് നോക്കിയില്ല. ആദ്യം വന്ന വണ്ടിയില്‍ കയറുകയായിരുന്നു.

കഥകളെല്ലാമറിഞ്ഞ നാരായണേട്ടന്‍ തന്നെ ആശ്വസിപ്പിച്ചു. ജീവിതത്തോട്‌ മല്ലടിക്കാനുള്ള ധൈര്യം തന്നു. സ്വന്തം വീടിനോട്ചേര്‍ന്ന ചാര്‍ത്തില്‍ തന്നെ താമസിപ്പിച്ചതും നാരയണേട്ടന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ തന്നെ അക്കൌണ്ടന്റായി ജോലി തരപ്പെടുത്തിതന്നതും നാരായണേട്ടന്റെ നല്ല മനസ്സ്‌. നാരായണേട്ടന്‌ നാട്ടില്‍ പറയത്തക്ക ബന്ധുക്കളൊന്നുമില്ല. ചെറുപ്പത്തില്‍ നാടുവിട്ടതാണ്‌. അകന്ന ബന്ധത്തിലുള്ള ഒരമ്മായി ഉണ്ടായിരുന്നു. രണ്ടുമൂന്ന് വര്‍ഷം കൂടുമ്പോള്‍ പോയിക്കാണും.സുനന്ദയാണെങ്കില്‍ തനി വടക്കെയിന്ത്യക്കാരിയായാണ്‌ വളര്‍ന്നത്‌. മലയാളം കഷ്ടിയാണ്‌. നാരായണേട്ടന്റേത്‌ പ്രേമവിവാഹമായിരുന്നുവത്രേ. പ്രസവത്തോടെ സുനന്ദയുടെ അമ്മ മരിച്ചുപോയിരുന്നു.

നാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യമൊക്കെ മനസ്സ്‌ കത്തിനീറിയിരുന്നു. കാലം ഉണക്കാത്ത മുറിവുകളില്ലല്ലോ. ബോംബെയുടെ തിരക്കുപിടിച്ച ജീവിതത്തില്‍ നാടും വീടും വിസ്മൃതിയിലാഴ്ന്നു. ബോംബെയില്‍ വന്ന് എട്ടുമാസത്തിനുശേഷം വാസ്വേട്ടന്‌ ഒരു കത്തെഴുതി. ഒരു പോലീസുകാരനുമായുള്ള അമ്മുവിന്റെ വിവാഹം അങ്ങിനെയാണറിഞ്ഞത്‌. അത്‌ വായിച്ചപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. മനസ്സിന്‌ ഒരുതരം മരവിപ്പായിരുന്നു. വ്യവഹാരങ്ങളും കോടതിയുമായി നടന്നിരുന്ന വല്ല്യമ്മാവന്‍ തറവാട്‌ മുടിപ്പിച്ചതും അവസാനം ക്യാന്‍സര്‍ വന്ന് മരിച്ചതും അറിഞ്ഞപ്പോഴും മനസ്സിന്‌ അതേ മരവിപ്പായിരുന്നു. ഒരു വാര്‍ത്ത വായിക്കുന്ന ലാഘവത്തോടെ തനിക്കിതെങ്ങിനെ ഉള്‍ക്കൊള്ളാന്‍ പറ്റി എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്‌.

എന്തോ തട്ടിമറിയുന്ന ശബ്ദം. സുനന്ദ എഴുന്നേല്‍ക്കാനുള്ള ശ്രമത്തില്‍ മേശപ്പുറത്തിരുന്ന ഗ്ഗ്ലാസ്സ്‌ തട്ടിമറിച്ചതാണ്‌. പാവം! എഴുന്നേല്‍ക്കാനും നടക്കാനും പരസഹായം വേണം. എന്നാലതൊട്ട്‌ അംഗീകരിക്കുകയുമില്ല. തനിയെ ചെയ്യാനാണ്‌ ഇപ്പോഴും ഇഷ്ടം.

'എന്നെ വിളിക്കാമായിരുന്നില്ലേ?' ഞാന്‍ ചോദിച്ചു.

'കൃഷ്ണേട്ടനെ ശല്യപ്പെടുത്തേണ്ടാന്ന് വിചാരിച്ചു'

'എന്താ നീയീ പറയണെ? അങ്ങനെ ഞാനെപ്പോഴെങ്കിലും കരുതിയിട്ടുണ്ടോ?'

'കൃഷ്ണേട്ടനോട്‌ ഞാന്‍ ചെയ്തുകൂട്ടിയതോര്‍ക്കുമ്പോ... അതിന്റെ ഫലാ ഞാനിപ്പോ അനുഭവിക്കണെ'

'ഇങ്ങനെയോരോന്ന് ചിന്തിച്ചുകൂട്ടിയിട്ടാ നിന്റെ സൂക്കേട്‌ മാറാത്തത്‌'

അവളെ പിടിച്ച്‌ കുളിമുറിയിലേക്ക്‌ നടത്തി. നടക്കാനിപ്പോഴും പ്രയാസം തന്നെയാണ്‌. ഓരോ ചുവടുവയ്പിലും വേദനകൊണ്ട്‌ മുഖം ചുളിയുന്നത്‌ കാണാം. പക്ഷേ അവള്‍ക്കതൊക്കെ പ്രായശ്ചിത്തം ചെയ്യുന്നപോലെയാണ്‌. സുനന്ദയോടൊപ്പം ജീവിച്ച മുപ്പത്‌ വര്‍ഷങ്ങള്‍. എന്തെല്ലാം സഹിച്ചു. ക്ഷമിച്ചു. സുനന്ദയുടെയും തന്റെയും ചിന്താഗതികള്‍ തീര്‍ത്തും വിഭിന്നമായിരുന്നു. 'അമ്മയില്ലാത്ത കുട്ടി' എന്ന പരിഗണന എപ്പോഴുമവള്‍ക്ക്‌ കിട്ടിയിരുന്നു. ആര്‍ഭാടവും ധാരാളിത്തവും നിറഞ്ഞ ജീവിതശൈ്‌ലി തന്റെ രീതികള്‍ക്ക്‌ നിരക്കാത്തത്തായിരുന്നു. അമ്മുവുമായുള്ള ബന്ധം വിവാഹത്തിനുമുമ്പേ സുനന്ദ അറിഞ്ഞിട്ടുണ്ടായിരുന്നു. സ്ഥാനത്തും അസ്ഥാനത്തും അവളാവിഷയം എടുത്തിടുമായിരുന്നു. ഒരമ്മയാവുമ്പോള്‍ അവള്‍ മാറുമെന്ന് വിചാരിച്ചു. രാധിക ജനിച്ചതിനു ശേഷം അവള്‍ പൂര്‍വ്വാധികം വിരോധത്തോടുകൂടിയാണ്‌ പെരുമാറിയത്‌. താന്‍ മകളെ എടുക്കുന്നതോ താലോലിക്കുന്നതോ അവള്‍ക്കിഷ്ടമായിരുന്നില്ല. വളര്‍ന്ന് വലുതായപ്പോള്‍ രാധികയും അമ്മയുടെ പക്ഷം ചേര്‍ന്നതില്‍ അല്‍ഭുതമില്ല. താനെല്ലാവര്‍ക്കും ഒരു കറവപ്പശു മാത്രമായിരുന്നു.

കണ്ടിട്ടില്ലെങ്കിലും അമ്മുവിനെ ശത്രുസ്ഥാനത്താണ്‌ സുനന്ദ എപ്പോഴും കണ്ടിരുന്നത്‌. പ്രത്യേകിച്ച്‌ അമ്മു തന്റെ വീട്ടീല്‍ താമസമാക്കിയതിനു ശേഷം. തീരെ പ്രതീക്ഷിക്കാതെയാണ്‌ ഒരു ദിവസം ഓഫീസിലേക്ക്‌ വാസ്വേട്ടന്റെ ഫോണ്‍ വന്നത്‌. അമ്മുവിന്റെ കാര്യം പറയാനായിരുന്നു വിളിച്ചത്‌.

'നിന്നോട്‌ ഒരു കാര്യം പറയാനാ വിളിച്ചത്‌. നാളെ അമ്മൂന്റെ വീട്‌ ജപ്തി ചെയ്യുന്നു. പോകാനൊരിടമില്ല. വല്ല്യ കഷ്ടാ ഇപ്പോഴത്തെ സ്ഥിതി. തറവാട്ടുകാരെല്ലാരും ഉപേക്ഷിച്ചു. രണ്ട്‌ കുട്ട്യോളായപ്പോ പോലീസുകാരന്റെ വരവ്‌ വല്ലപ്പോഴുമായി. ഇപ്പോ തെക്കെങ്ങാണ്ട്‌ വേറൊരുത്തിയുമായി പൊറുതി തൊടങ്ങീന്നു കേട്ടു. ഈ കടമെല്ലാം അയാളൊറ്റയൊരുത്തന്‍ വരുത്തിവച്ചതാണ്‌.' ഒന്ന് നിറുത്തിയിട്ട്‌ വാസ്വേട്ടന്‍ തുടര്‍ന്നു.

'നീ വിചാരിച്ചാ അവരെ സഹായിക്കാന്‍ കഴിയും. നിന്റെ വീടിവിടെ ഒഴിഞ്ഞ്‌ കിടക്കുന്നത്‌ അവര്‍ക്ക്‌ കൊടുത്തൂടെ? വേറൊരെണ്ണം കണ്ടെത്തണ വരെയെങ്കിലും..'

കേട്ടപ്പോള്‍ മനസ്സ്‌ ഒരു നിമിഷം പകച്ചു. വിധിയുടെ ഒരോരോ തോന്ന്യാസങ്ങള്‍. എങ്ങനെ വളര്‍ന്ന കുട്ടിയാ? ആഗ്രഹിക്കുന്നതൊക്കെ വല്ല്യമ്മാവന്‍ സാധിച്ചുകൊടുത്തിരുന്നു. അമ്മു ഇതൊക്കെ എങ്ങിനെ സഹിക്കുന്നോ ആവോ? അതു കാണാന്‍ താനവിടെ ഇല്ലാതിരുന്നത്‌ എന്തുകൊണ്ടും നന്നായി.

'ഒന്നുമാലോചിക്കാനില്ല വാസ്വേട്ടാ. ഇന്നുതന്നെ താക്കോല്‍ കൊടുത്തോളൂ'

'കൃഷ്ണാ, സുനന്ദയോടും കൂടി ആലോചിച്ചിട്ട്‌ തീരുമാനിച്ചാ മതി. അതാ അതിന്റെ ശരി.' വാസ്വേട്ടന്‍ ഫോണ്‍ വച്ചു.

സുനന്ദയുടെ എന്ത്‌ മറുപടി പറയുമെന്ന് ഇപ്പോഴേ അറിയാം. തന്റെ ശത്രുവിന്റെ പതനം അവളേ സന്തോഷിപ്പിക്കുകയേ ഉള്ളൂ. പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു അവളുടെ പ്രതികരണം.

'ഇനി അവളെയും കൂടെ പൊറുപ്പിക്കാനാണൊ നിങ്ങടെ ഉദ്ദേശ്യം? കെട്ടിയവനിട്ടിട്ട്‌ പോയത്‌ കൊണ്ട്‌ സൌകര്യമായി അല്ലേ? സമ്മതിക്കില്ല ഞാന്‍. ജീവനുണ്ടെങ്കില്‍ സമ്മതിക്കില്ല'

അവളുടെ ജല്‍പനം കേട്ട്‌ അഞ്ചുവയസ്സുകാരി രാധിക തന്നെ ഒരു കുറ്റവാളിയെ എന്ന പോലെ നോക്കിയത്‌ ഇപ്പോഴും മനസ്സിലുണ്ട്‌. പിറ്റേന്ന് വാസ്വേട്ടനെ വിളിച്ച്‌ 'സുനന്ദ സമ്മതിച്ചു' എന്ന് കള്ളം പറയുമ്പോള്‍ ഒരു ചെറിയ പ്രതികാരം ചെയ്യുന്നതിന്റെ സുഖം അനുഭവിച്ചു. ആ വീടും സ്ഥലവും വില്‍ക്കാനായിരുന്നു സുനന്ദയുടെ അടുത്ത ഡിമാന്റ്‌. ഓണം കേറാമൂലയിലുള്ള ആ സ്ഥലം വിറ്റാലൊന്നും കിട്ടില്ലാ എന്ന തന്റെ എതിര്‍വാദം വിലപ്പോയില്ല. ഒരു വര്‍ഷത്തിനുശേഷം, മാര്‍വാഡിയില്‍ നിന്ന് അമിതപലിശക്ക്‌ കടം വാങ്ങി, 'വീടുവിറ്റതിന്റെ പൈസ'എന്ന് പേരില്‍ സുനന്ദയെ ഏല്‍പിക്കുമ്പോള്‍ ഒരു മാരണം തലയില്‍ നിന്നൊഴിഞ്ഞപോലെ തോന്നി. പിറ്റേന്ന് തന്നെ ആ പൈസ പുതിയ ആഭരണങ്ങളായി രൂപാന്തരം പ്രാപിച്ചപ്പോഴും ഉള്ളാലെ താന്‍ സന്തോഷിച്ചു. എങ്കിലും പിന്നീട്‌ പലപ്പോഴും ഒരു വിങ്ങലുണ്ടായിരുന്നു, മനസ്സില്‍. സുനന്ദയില്‍ നിന്ന് മറച്ചുവച്ചല്ലോ എന്ന കുറ്റബോധം കാരണം.

'കൃഷ്ണേട്ടാ, എന്റെ കഴിഞ്ഞു. ഒന്നിങ്ങു വരൂ' ബാത്ത്‌ റൂമില്‍ നിന്ന് സുനന്ദ വിളിച്ചുപറഞ്ഞു. അവളെ താങ്ങി കട്ടിലില്‍ കൊണ്ടുപോയിരുത്തി.

'കുറച്ചുനേരം പുറത്തിരിക്കാം. കിടന്ന് കിടന്ന് മടുത്തു.'

'എന്നാ ഈ ഷാളു പുതച്ചോളൂ. പുറത്ത്‌ ഇപ്പോഴും തണുപ്പുണ്ട്‌.'

വാതില്‍പ്പടി കടക്കുമ്പോള്‍ അവളൊന്ന് വേച്ചു പോയി. വേദന കടിച്ചമര്‍ത്തുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഗ്രാമം ഉണര്‍ന്ന് കഴിഞ്ഞിരുന്നു. വഴിയില്‍ സൈക്കിള്‍ റിക്ഷകളും കാല്‍നടക്കാരെയും കണ്ടു തുടങ്ങി. ഇനിയങ്ങോട്ട്‌ തിരക്കായിരിക്കും

'അമ്മുവിന്റെ കത്താണോ, കൃഷ്ണേട്ടാ?' ചാരുകസാരയില്‍ കിടന്നിരുന്ന കത്ത്‌ നോക്കി സുനന്ദ ചോദിച്ചു.

'ഉം. ഇന്നലെ വന്നതാണ്‌'

'എന്തൊക്കെയാണ്‌ നാട്ടിലെ വിശേഷങ്ങള്‍? ഒന്ന് വായിച്ച്‌ താ കൃഷ്ണേട്ടാ' ഈയിടെയായി അമ്മുവിന്റെ കത്തുകള്‍ വായിച്ചു കൊടുക്കണമെന്ന് അവള്‍ക്ക്‌ നിര്‍ബന്ധമാണ്‌. പണ്ട്‌ ഓഫീസില്‍ വച്ച്‌ തന്നെ താനത്‌ കീറിക്കളയുമായിരുന്നു. അബദ്ധത്തിലെങ്ങാനും സുനന്ദയുടെ കൈയ്യിലെത്തിയാലോ എന്ന് പേടിച്ചിരുന്നു. എന്നാലും രണ്ടാഴ്ച കൂടുമ്പോള്‍ മുറയ്ക്കെത്തുന്ന കത്തുകള്‍ക്കായി താന്‍ കാത്തിരിക്കുമായിരുന്നു.

ജപ്തിക്കുശേഷം തന്റെ വീട്ടിലേക്ക്‌ മാറിയതില്‍ പിന്നെയാണ്‌ കത്തെഴുതുന്ന സ്വഭാവം അമ്മു തുടങ്ങിവച്ചത്‌. കുട്ടികളുടെ പഠിപ്പും തന്റെ തയ്യല്‍ ജോലിയും പറമ്പിലെ കൃഷിയും എന്ന് വേണ്ട അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഇന്‍ലന്റിലെ ആ ഇത്തിരി സ്ഥലത്ത്‌ കുത്തിനിറച്ചിരുന്നു. വാസ്വേട്ടന്റെ സഹായത്താല്‍ തുടങ്ങിയ അച്ചാര്‍ ബിസിനസ്സ്‌ നന്നായി പോകുന്നെന്നും നഗരത്തിലെ തുണിക്കടകളില്‍ നിന്ന് ചൂരിദാറിന്റെ ഓര്‍ഡര്‍ കിട്ടാറുണ്ടെന്നും അവള്‍ എഴുതിയിരുന്നു. നാലുവര്‍ഷം മുമ്പായിരുന്നു അമ്മുവിന്റെ മകള്‍ ഭാമയുടെ കല്യാണം. ഇപ്പോള്‍ രണ്ട്‌ കുട്ടികളുണ്ട്‌. വിജയന്‍ ഒരു മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്‌ നടത്തുന്നു. എല്ലാം അമ്മുവിന്റെ നിശ്ചയദാര്‍ഡ്യത്തിന്റെയും മനക്കരുത്തിന്റെയും ഫലമാണ്‌. തന്റെ കൈയ്യില്‍ നിന്നൊ വാസ്വേട്ടന്റെ കൈയ്യില്‍ നിന്നോ പൈസയായി ഒരു സഹായവും ഇതുവരെ സ്വീകരിച്ചിട്ടില്ല. ചിലപ്പോള്‍ ദുരഭിമാനം എന്ന് വരെ തോന്നിയിട്ടുണ്ട്‌. എന്നാലിപ്പോള്‍ അവള്‍ ചെയ്തതാണ്‌ ശരി എന്ന് തോന്നുന്നു. ഒറ്റയ്ക്ക്‌ പോരാടി നേടുന്നതിന്റെ സുഖം ഒന്ന് വേറേ തന്നെയാണ്‌.

'കൃഷ്ണേട്ടന്റെ ആ വീടും പറമ്പും വിറ്റില്ലായിരുന്നെങ്കില്‍....' സുനന്ദ ഇടയ്ക്കുവച്ച്‌ നിറുത്തി. പാവം. ഒരായുഷ്കാലം മുഴുവന്‍ മകള്‍ക്കായി ജീവിച്ചതാണ്‌. എന്നിട്ടിപ്പോള്‍....

തന്റെ ആയുഷ്കാല സമ്പാദ്യമായ ആ രണ്ട്‌ ബെഡ്‌ ഫ്ലാറ്റ്‌ സ്‌ത്രീധനം നല്‍കിയിട്ടാണ്‌ എഞ്ചിനീയറായ രമേഷുമായി രാധികയുടെ വിവാഹം നടത്തിയത്‌. ഫ്ലാറ്റ്‌ രമേഷിന്റെയും രാധികയുടെയും പേരിലാക്കാന്‍ നിര്‍ബന്ധം പിടിച്ചത്‌ സുനന്ദയാണ്‌. അതിനുശേഷം രമേഷിന്‌ തങ്ങളോടുള്ള മനോഭാവത്തില്‍ പ്രകടമായ മാറ്റം വന്നു. ആ ഫ്ലാറ്റില്‍ തങ്ങളൊരധികപ്പറ്റായി. താന്‍ റിട്ടയര്‍ ചെയ്തതിന്റെ അന്ന് രമേഷ്‌ പറഞ്ഞതിപ്പോഴും ഓര്‍ക്കുന്നു.

'അച്ഛനറിയാലോ ബൊംബെയിലെ ജീവിതച്ചെലവുകളൃണ്ടുപേരുടെ ജോലികൊണ്ടു ജീവിക്കാന്‍ പ്രയാസമാണ്‌. രണ്ടുമക്കളുടെ പഠിപ്പിനുതന്നെ നല്ല പൈസയാകും. എനിക്ക്‌ തോന്നുന്ന സൊല്യൂഷന്‍ ഈ ഫ്ലാറ്റ്‌ വാടകയ്ക്ക്‌ കൊടുക്കാമെന്നതാണ്‌. ഞങ്ങള്‌ ദഹിസറിലുള്ള ഒരു ഒറ്റമുറി ഫ്ലാറ്റിലേക്ക്‌ മാറിയാല്‍ വലിയൊരു തുക സേവ്‌ ചെയ്യാം. അച്ഛനെന്ത്‌ പറയുന്നു?'

എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു രണ്ടുപേരും. പേരിനൊരഭിപ്രായം ചോദിക്കുന്നെന്നേയുള്ളു. തന്നെയും സുനന്ദയെയും എവിടെ പാര്‍പ്പിക്കുവാനാണ്‌ തീരുമാനം എന്നറിയാന്‍ ആകാംഷയുണ്ടായി. വല്ല വൃദ്ധസദനവും കണ്ടുവച്ചിട്ടുണ്ടോ എന്തോ?

'നിങ്ങള്‍ മാറുന്ന കാര്യം മാത്രമേ പറഞ്ഞുള്ളൂ. ഞങ്ങളെവിടെ താമസിക്കും?'

'അച്ഛന്‌ രണ്ട്‌ ഓപ്ഷനുണ്ട്‌. ഒന്ന്, ഒരു ഓള്‍ഡേജ്‌ ഹോമിലേക്ക്‌ മാറുക. രണ്ട്‌, 'ഗാവി'ലുള്ള ഏതെങ്കിലും വീട്‌ വാടകയ്ക്കെടുക്കുക. രണ്ടായാലും അച്ഛന്റെ പെന്‍ഷന്‍ കൊണ്ട്‌ കഴിയാനാകും.'

പെന്‍ഷനുള്ളത്‌ ഭാഗ്യം. അല്ലെങ്കില്‍ തങ്ങള്‍ പെരുവഴിയിലായേനെ. ഇതെല്ലാം മുമ്പേ പ്രതീക്ഷിച്ചതാണ്‌. ഇന്‍ഷുറന്‍സിലും ഷെയറിലും കരുതലോടെ നിക്ഷേപിക്കാന്‍ തോന്നിച്ച ദൈവത്തിന്‌ മനസ്സില്‍ നന്ദിപറഞ്ഞു.

'സുനന്ദേ, നീയെന്ത്‌ പറയുന്നു? ഏതോപ്ഷനാണ്‌ നമ്മളെടുക്കേണ്ടത്‌?' ഒരു പ്രേതം കണക്കെ വിളറിനില്‍ക്കുകയാണവള്‍. തങ്ങള്‍ക്ക്‌ സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി ഉള്‍ക്കൊള്ളാന്‍ പറ്റാതെ തളര്‍ന്നുപോയി, പാവം. രാധികയെ അവള്‍ അത്രയ്ക്ക്‌ സ്നേഹിച്ചിരുന്നു.

അങ്ങിനെ തുടങ്ങിയതാണ്‌ ഗാവിലുള്ള ഈ ജീവിതം. ഇവിടെ വന്ന അന്നുമുതല്‍ തുടങ്ങിയതാണ്‌ സുനന്ദയ്ക്ക്‌ ഓരോരോ അസുഖങ്ങള്‍. പണ്ടത്തെ വീറും വാശിയുമില്ല. എപ്പോഴും ചിന്തയിലാണ്‌. സംസാരിച്ചു തുടങ്ങിയാലോ, കുറ്റസമ്മതങ്ങളുടെ പ്രവാഹമായി. എന്നാലും ജീവിതത്തിന്‌ ഒരു ശാന്തിയും സമാധാനവും കൈവന്നിരിക്കുന്നു.

'വിജയന്‌ എന്തുകൊണ്ടും ചേരുന്ന കുട്ടിയായിരിക്കും സുധയെന്ന് എന്റെ മനസ്സ്‌ പറയുന്നു. കൃഷ്ണേട്ടന്‍ ഇന്ന് തന്നെ ഇതും പറഞ്ഞ്‌ കത്തെഴുതണം. ഈ വേദനയൊന്ന് കുറഞ്ഞിരുന്നെങ്കില്‍ നമുക്കവിടം വരെയൊന്ന് പോകാമായിരുന്നു'

'ഒക്കെ ശരിയാകും, സുനന്ദേ. വാതം ഒരു മാറാവ്യാധിയൊന്നുമല്ല.'

പതിവിനു വിപരീതമായി അമ്മുവിന്റെ കത്ത്‌ അടുത്ത ആഴ്ച തന്നെ വന്നു. സുധയുമായി വിജയന്റെ കല്യാണം തീരുമാനിച്ചിരിക്കുന്നു. തന്നെയും സുനന്ദയെയും പ്രത്യേകം ക്ഷണിച്ചിരിക്കുന്നു.

'കൃഷ്ണേട്ടാ, ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോളൂ. ഇനിയൊന്നും ആലോചിക്കാനില്ല. നമ്മള്‍ പോവുകയാണ്‌.' സുനന്ദ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവളുടെ പഴയ ചൊടിയും പ്രസരിപ്പും തിരിച്ചുവന്നപോലെ തോന്നി. അടുത്ത രണ്ടുമൂന്ന് ദിവസം പാക്കിംഗ്‌ ചെയ്യുകയായിരുന്നു.

'നീയെന്താ നാട്ടില്‍ സ്ഥിരതാമസത്തിനു പോവുകയാണോ?' പ്ലേറ്റും സ്പൂണും കാര്‍ട്ടണ്‍ പെട്ടിയില്‍ വയ്ക്കുന്നത്‌ കണ്ട്‌ ഞാന്‍ ചോദിച്ചു.

'ആരുമില്ലാത്ത നമ്മള്‍ എവിടെ താമസിച്ചാലെന്താ? അവിടെയും കാണില്ലേ ഇതുപോലൊരു ഗാവും വീടുമെല്ലാം' സുനന്ദ പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.

സുനന്ദയുടെ നാട്ടിലേക്കുള്ള ആദ്യത്തെ വരവാണ്‌. ബോംബെ ജീവിതത്തിന്റെ ആസക്തികളില്‍ മുഴുകി ജീവിച്ചപ്പോള്‍ കേരളത്തെക്കുറിച്ചവള്‍ക്ക്‌ പുച്ഛമായിരുന്നു. ജീവിതാനുഭവങ്ങള്‍ അവളെ മാറ്റിയെടുത്തിരിക്കുന്നു.

മുപ്പത്തഞ്ച്‌ വര്‍ഷംകൊണ്ട്‌ നാടാകെ മാറിയിരിക്കുന്നു. എവിടെയും വീടുകള്‍. ഗ്രാമങ്ങള്‍ നഗരങ്ങളായി മാറിയിരിക്കുന്നു. തീര്‍ത്തും അപരിചിതമായ സ്ഥലത്തെത്തിയ പോലെ തോന്നി. നാടുമാറിയപോലെ നാട്ടുകാരും മാറിയിരിക്കുമോ?

വാസ്വേട്ടന്റെ കഷണ്ടിത്തലയാണ്‌ സ്റ്റേഷനില്‍ ആദ്യം കണ്ടത്‌. പണ്ട്‌ മുക്കാല്‍ കഷണ്ടിയാണെങ്കില്‍ ഇപ്പോള്‍ മുഴുക്കഷണ്ടിയായി. ട്രെയിന്‍ നിറുത്തി ഇറങ്ങുമ്പോഴേക്കും 'ന്റെ കൃഷ്ണാ' ന്നു പറഞ്ഞ്‌ ഒരു കെട്ടിപ്പിടുത്തം. വാസ്വേട്ടനൊരു മാറ്റവുമില്ല. അതേ പ്രസരിപ്പും ഉഷാറും.
വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന് സുനന്ദയ്ക്കത്‌ കണ്ട്‌ അല്‍ഭുതം. അവളെ സാവധാനം കൈപിടിച്ചിറക്കി. അപ്പോഴാണ്‌ വാസ്വേട്ടന്റെ പുറകില്‍ നില്‍ക്കുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്‌. വാതില്‍ക്കലിരിക്കുന്ന സാധനങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ഇറക്കി വയ്ക്കുന്ന തിരക്കിലായിരുന്നു വാസ്വേട്ടന്‍.

'വാസ്വേട്ടാ, വിജയനല്ലേ ഇത്‌' ഒരു ഊഹം വച്ച്‌ ഞാന്‍ ചോദിച്ചു. നിറകണ്ണുകളോടെ എന്റെ കാല്‍തൊട്ട്‌ വന്ദിക്കുകയാണ്‌ വിജയന്‍ ചെയ്തത്‌. അവനെ എണീപ്പിച്ച്‌ കെട്ടിപ്പിടിക്കുമ്പോള്‍ മനസ്സിള്‍ എന്തെന്നില്ലാത്ത സംതൃപ്തി നിറയുകയായിരുന്നു. തനിക്ക്‌ പിറക്കാതെ പോയ മകന്‍... സുനന്ദയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത്‌ ഒരു നോട്ടത്തില്‍ കണ്ടു.

'കരച്ചിലും പിഴിച്ചിലും വീട്ടില്‍ ചെന്നിട്ട്‌. ബാക്കിയുള്ളവര്‌ കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാകും' വാസ്വേട്ടന്‍ ധൃതികൂട്ടി.

സ്റ്റേഷനില്‍ അമ്മുവിനെ പ്രതീക്ഷിച്ചതായിരുന്നു. വരാത്തതില്‍ അല്‍പം പരിഭവം തോന്നി. പോകുന്ന വഴിയില്‍ വിജയന്റെ മാര്‍ജിന്‍ ഫ്രീ ഷോപ്പും കാണിച്ചു തന്നു. പ്രതീക്ഷിച്ചതിലും വലിയതാണ്‌. അമ്മുവിനെ കാണുവാനുള്ള ഉല്‍ക്കണ്ഠയായിരുന്നു മനസ്സില്‍.

തന്റെ വീടിനുമുമ്പിലുള്ള വഴി വീതികൂട്ടി ടാറുചെയ്തിരിക്കുന്നു. പറമ്പുകള്‍ അഞ്ചുസെന്റും പത്ത്‌ സെന്റുമായി ചുരുങ്ങിയിരിക്കുന്നു. അവയിലോരോന്നിലും ഇരുനില മാളികകള്‍. പണ്ട്‌ തന്റെ വീട്‌ മാത്രമായിരുന്നു ഈ പ്രദേശത്ത്‌ വീടെന്ന് പറയാന്‍ ഉണ്ടായിരുന്നത്‌.

'എങ്ങനുണ്ട്‌ കൃഷ്ണാ നമ്മുടെ നാട്‌?'

'ഇത്രയ്ക്കങ്ങട്‌ പ്രതീക്ഷിച്ചില്ല, വാസ്വേട്ടാ'

'ഇനിയെന്തോക്കെ കാണാനിരിക്കുന്നു' വാസ്വേട്ടന്‍ അര്‍ത്ഥഗര്‍ഭമായി പറഞ്ഞു.

'വിജയാ, ഒന്ന് പതുക്കെ വിടടാ. കൃഷ്ണനവന്റെ വീട്‌ കണ്ടുപിടിക്കുമോന്ന് നോക്കട്ടെ'

വലത്തെ സൈഡിലുള്ള വീടുകള്‍ക്കിടയിലൊന്നും തന്റെ ഓടിട്ട ആ പഴയ വീട്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഒരു വലിയ്‌ ഗേറ്റിനുമുമ്പില്‍ വിജയന്‍ കാറുനിറുത്തി.

'ഇറങ്ങടാ, നിന്റെ വീടെത്തി' വാസ്വേട്ടന്‍ ഉത്സാഹത്തില്‍ വിളിച്ചുപറഞ്ഞു. ഡോര്‍ തുറന്ന് വാസ്വേട്ടന്‍ തന്നെ വലിച്ച്‌ പുറത്തിറക്കി. സുനന്ദ ഒന്നും മനസ്സിലാവാതെ കാറിനുള്ളില്‍ സ്തംഭിച്ചിരിക്കുകയായിരുന്നു. ഗേറ്റു തുറന്ന് വിജയന്‍ കാര്‍ ഓടിച്ച്‌ പോര്‍ച്ചില്‍ നിറുത്തി.

തന്റെ വീട്‌?? അതെ തന്റെ വീടുതന്നെ. പുറക്‌ വശത്ത്‌ പഴയ വീടിന്റെ ബാക്കി കാണാം. മുന്‌വശത്ത്‌ രണ്ടു മുറികള്‍ പണിതുചേര്‍ത്തിരിക്കുന്നു. ഗേറ്റുമുതല്‍ പോര്‍ച്ച്‌ വരെ ടൈയില്‍സ്‌ പാകിയിരിക്കുന്നു. മുറ്റത്ത്‌ പച്ചവിരിച്ചൊരു പുല്‍തകിടി. ഈശ്വരാ എങ്ങിനെേ കിടന്ന സ്ഥലമാണ്‌.

വാസ്വേട്ടന്‍ അത്യുത്സാഹത്തിലായിരുന്നു.

'അതാണ്‌ വിജയന്റെ വീട്‌' തന്റെ വീടിനെതിര്‍വശത്ത്‌ പണിതീര്‍ന്നുകൊണ്ടിരിക്കുന്ന ഇരുനില മാളികയിലേക്ക്‌ കൈചൂണ്ടി വാസ്വേട്ടന്‍ പറഞ്ഞു.

'വാസ്വേട്ടാ, അമ്മു...' അപ്പോഴാണ്‌ കാറില്‍ നിന്ന് സുനന്ദയെ ഇറങ്ങാന്‍ സഹായിക്കുന്ന അമ്മുവിനെ കാണുന്നത്‌. കാലുകള്‍ അറിയാതെ ചുവടുവച്ചു. കാറില്‍നിന്നിറങ്ങിയതും രണ്ടുപേരും കെട്ടിപ്പിടിച്ച്‌ കരയാന്‍ തുടങ്ങി. തന്റെ കണ്ണുകളും ഈറനായി. അല്‍പം തടിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ അമ്മുവിനൊരു മാറ്റവുമില്ല. മുടി അല്‍പം പോലും നരച്ചിട്ടില്ല. അമ്മുവിന്റെ അടുത്ത്‌ നില്‍ക്കുന്നത്‌ ഭാമയായിരിക്കുമെന്ന് ഊഹിച്ചു. അമ്മുവിന്റെ നല്ല ഛായ. ഭാമയുടെ ഇളയകുട്ടിയാണെങ്കില്‍ അമ്മുവിന്റെ ചെറുപ്പത്തിലുള്ളതിന്റെ ഒരു ഫോട്ടൊസ്റ്റാറ്റ്‌ കോപ്പി തന്നെ.

'ശ്ശേ, എന്തായിത്‌? കൊച്ചുകുട്ടികളെപ്പോലെ? കുട്ട്യോള്‍ടെ മുമ്പില്‍ വച്ചാണൊ കരച്ചിലും പിഴിച്ചിലും? എല്ലാവരും അകത്ത്‌ കയറിയാട്ടെ' വാസ്വേട്ടന്‍ ശാസിച്ചു. അപ്പോഴാണ്‌ ഇരുവര്‍ക്കും സ്ഥലകാലബോധം വന്നത്‌. തന്നെ കണ്ടതും തികട്ടിവന്നൊരേങ്ങല്‍ സാരിത്തുമ്പുകോണ്ട്‌ മറച്ചു, അമ്മു. അടുത്ത നിമിഷം അവള്‍ വീണ്ടുമാ പഴയ അമ്മുക്കുട്ടിയായി മാറി. കണ്ണിലാ പഴയ കുസൃതി.

'കയറുന്നതിനുമുമ്പ്‌ ഒരു കാര്യം ചെയ്തു തീര്‍ക്കാനുണ്ട്‌. ഈ വീട്‌ അതിന്റെ ഉടമസ്ഥനെ തന്നെ തിരിച്ചേല്‍പിക്കുകയാണ്‌. ഒരു കാര്യത്തില്‍ മാത്രം കൃഷ്ണേട്ടന്‍ എന്നോട്‌ ക്ഷമിക്കണം. ഉടമസ്ഥന്റെ അനുവാദമില്ലാതെ വസ്തുവകകളില്‍ മാറ്റം വരുത്തിയതിന്‌. അതിനുള്ള ചിലവ്‌ ഇരുപത്തഞ്ചുവര്‍ഷത്തെ വാടകയിനത്തില്‍ വകയിരുത്തിയാല്‍ മതി.'

അമ്മു വീടിന്റെ താക്കോല്‍ തന്റെ കൈയ്യില്‍ വച്ചുതന്നു.

ഒന്നും മനസ്സിലാകാതെ നില്‍ക്കുന്ന സുനന്ദയുടെ കൈയ്യിലേക്ക്‌ ആ താക്കോല്‍ വച്ച്‌ കൊടുക്കുമ്പോള്‍ വര്‍ഷങ്ങളോളം അവളില്‍ നിന്ന് ആ രഹസ്യം മറച്ചുവച്ചതിന്റെ കുറ്റബോധം മനസ്സില്‍ നിന്ന് മായുകയായിരുന്നു.

3 Comments:

Blogger അരവിന്ദ് :: aravind said...

പണ്ടേ വായിച്ചിരുന്നു...
നന്നായി...നല്ലോം ഇഷ്ടായി ഈ കഥ!

3:38 AM  
Blogger ലിഡിയ said...

അല്പം നീണ്ട് പോയെങ്കിലും നല്ല കഥ..

നീണ്ട് പോയത് കൊണ്ട് കഥയല്ലാതാവുമോ, ക്ഷമിക്കണം..ഒരു ജന്മത്തിന്റെ മുഴുവന്‍ സുകൃതവും വാക്കുകളില്‍ പകര്‍ത്തുമ്പോള്‍ അളവുകോലുകള്‍ക്കെന്ത് പ്രസക്തി അല്ലേ?

ഒത്തിരി നന്നായിരിക്കുന്നു.

-പാര്‍വതി.

3:52 AM  
Blogger sahayaathrikan said...

വളരെ നന്ദി, അരവിന്ദ്, പാര്‍വ്വതി. കഥ നീളം കാരണം പോസ്റ്റണോ വേണ്ടയോ എന്ന് കുറെ ദിവസം സംശയിച്ചിരുന്നു.

9:10 PM  

Post a Comment

<< Home