Sunday, August 06, 2006

ഹരിതവിപ്ലവം ഇങ്ങിനെയും...

മൂന്ന് സെന്റ് വീട്ടില്‍ നിന്ന് പത്ത് സെന്റ് വീട്ടിലേക്ക് പ്രമോഷന്‍ കിട്ടിയപ്പോഴാണ്‍ എന്റെ ഭാര്യക്ക് പച്ചക്കറിക്കൃഷി തലക്കടിച്ചത്. അവളുടെയുള്ളില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ഒരു കൃഷിക്കാരിയുണ്ടെന്ന് എനിക്കങ്ങട് വിശ്വാസായില്ല. അഞ്ചെട്ട് വര്‍ഷം കൂടെക്കഴിഞ്ഞിട്ടും ഇങ്ങനെയൊരു സാധനം എഴുന്നേറ്റ് പല്ലുതേക്കുന്നത് കാണാനുള്ള ഭാഗ്യം ഇതുവരെയുണ്ടായിട്ടില്ല.

“ജോലി കഴിഞ്ഞ് വന്ന് ടിവിയ്ക്കുമുമ്പിലുള്ള തപസ്സ് ഇന്നത്തോടെ അവസാനിപ്പിക്കാം. ഇനിയുള്ള വൈകുന്നേരങ്ങളില്‍ നിങ്ങളാ ചെടികളെ തഴുകി നനക്കുകയായിരിക്കും. ആ മതിലിനോട് ചേര്‍ന്ന് വെണ്ടയ്ക്കാ, വഴുതിനങ്ങാ, പയറ് തുടങ്ങിയവ തഴച്ച് വളരുന്നത് താമസിയാതെ നിങ്ങള്‍ക്ക് കാണാം. അതിനായി നിങ്ങളവിടെ തടമെടുത്ത് തരുന്നതായിരിക്കും. ഇനിയുള്ള നിങ്ങളുടെ ശനിയും ഞായറുമെല്ലാം ചെടികള്‍ക്ക് തടമെടുക്കാനും വളമിടാനുമായിരിക്കും നിങ്ങള്‍ ചിലവാക്കുക. കൊളസ്റ്റ്‌റോള്‍ കുറയാന്‍ ഇതിലും നല്ല വഴിയില്ല.” അപ്പോള്‍ ചെടി നടുന്നത് മാത്രം അവളുടെ ജോലി. പതിവുപോലെ ബാക്കിയെല്ലാം ഞാന്‍ തന്നെ ചുമക്കണം.

പത്രങ്ങളിലൂടെ നിരന്തരം വായിക്കുന്ന കീടനാശിനി തളിച്ച പച്ചക്കറിയുണ്ടാക്കുന്ന വിപത്ത്, ജൈവകൃഷിയുടെ ഗുണഗണങ്ങള്‍, അമിത കൊളസ്റ്റ്‌റോള്‍ പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് പ്രചോദനവും ഭീഷണിയും ഉള്‍ക്കൊണ്ട് ഒരു പരീക്ഷണത്തിന്‍ ഞാന്‍ മുതിര്‍ന്നു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൃഷി എന്റെയും തലക്കുപിടിച്ചു. രാവിലെ ആറുമണിക്ക് എന്റെ പച്ചക്കറിക്കുഞ്ഞുങ്ങളെ ഞാന്‍ വെള്ളം തളിച്ചുണര്‍ത്തി. അവയുടെ ഇലകളില്‍ കൂട് കൂട്ടിയ പ്രാണീകളെ തല്‍ക്ഷണം കാലപുരിക്കയച്ചു. പയറ് വള്ളിയുടെ തണ്ടില്‍ താ‍മസമാക്കിയ കറുത്ത പ്രാണിക്കോളനികളെ ഞാന്‍ നിഷ്ക്കരുണം ഞെരിച്ച് കൊന്നു. ‘കേരള കര്‍ഷകന്‍ മാസികയില്‍ നിന്നാര്‍ജ്ജിച്ച ജ്ഞാനം പുകയിലക്കഷായമായും, ശര്‍ക്കരക്കെണിയുമായും, സോപ്പ് സൊല്യൂഷനായും രൂപം പ്രാപിച്ച് എന്റെ ആയുധശേഖരത്തിന്‍ മുതല്‍ക്കൂട്ടി. എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാരം, മണ്ണിരവളം എന്നിവ ചേര്‍ത്ത് ഞാനവയ്ക്ക് ഹോര്‍ളിക്സുണ്ടാക്കി. മാസങ്ങള്‍ക്കുള്ളില്‍ എന്റെ മക്കള് വളര്‍ന്ന് എന്നോളമായി. വെണ്ടയ്ക്കയും ചീരയും പയറും വഴുതിനയുമെല്ലാം എന്റെ ടെറസ്സും മുറ്റവുമലങ്കരിച്ചു. അധികം വന്ന പച്ചക്കറികള്‍ ഞങ്ങള്‍ അയല്‍ക്കാര്‍ക്ക് ഫ്രീ കൊടുത്ത് നിര്‍വൃതിയടഞ്ഞു.

‘ഹും, നിങ്ങള്‍ക്കിപ്പോളെന്നെ നോക്കാന്‍ കൂടി സമയമില്ല. എപ്പോഴും ആ‍ തോട്ടത്തിലാണ്‍‘ ഭാര്യ കമ്പ്ലെയിന്റ് തുടങ്ങി. മിനി സ്കര്‍ട്ടും മുറിക്കൈയ്യന്‍ ടീഷര്‍ട്ടുമിട്ട് ആടിയുലഞ്ഞ് ആണുങ്ങളുടെ ഉറക്കം കെടുത്താന്‍ നടക്കുന്ന നഗരസുന്ദരികളെ കാണുമ്പോഴുള്ള അസഹ്യത നിറഞ്ഞ നോട്ടം അവള്‍ പച്ചക്കറികള്‍ക്കും സമ്മാനിച്ചു തുടങ്ങി. അതുകൊണ്ടൊന്നും ഞാന്‍ കുലുങ്ങിയില്ല.

പുതുമണ്ണായതുകൊണ്ടോ എന്തോ, എന്റെ വഴുതിനങ്ങക്കുഞ്ഞുങ്ങള്‍ എനിക്ക് അളവറ്റ സ്നേഹം സമ്മാനിച്ചിരുന്നു. വഴുതിനങ്ങ തിന്ന് തിന്ന് അത് കാണുന്നത് പോലും മടുപ്പുളവാക്കി തുടങ്ങിയിരുന്നു.

‘ഞാനിന്ന് ആ ഉന്തുവണ്ടിക്കാരന്‍ വഴുതിനങ്ങ വില്‍ക്കാന്‍ പോകുന്നു.’ ഒരു ദിവസം ഭാര്യയുടെ പ്രഖ്യാപനം.

‘അതുവേണ്ട, മിച്ചമുള്ളത് ഞാന്‍ ഓഫീസിലാര്‍ക്കെങ്കിലും കൊടുക്കാം’ ഞാനൊരപേക്ഷ സമര്‍പ്പിച്ചു.

‘പച്ചക്കറിക്കൃഷി ഒരു ബിസിനസ്സാണ്‍. ബിസിനസ്സായാല്‍‍ ലാഭം വേണം“ ഭാര്യ മാനേജ്മെന്റിലേക്ക് കടന്നു. പിന്നെ ഞാനവിടെ നിന്നില്ല.

ഞായറാഴ്ചയായതുകൊണ്ട് ഞാനൊരു ഉച്ചയുറക്കത്തിനൊരുങ്ങുമ്പോഴാണ്‍ ‘പച്ചക്കറിയേയ്’ എന്നുള്ള വിളിയുടെ അകമ്പടിയോടെ ഉന്തുവണ്ടിക്കാരന്റെ എഴുന്നള്ളത്ത്. വഴുതിനങ്ങ സഞ്ചിയുമെടുത്ത് ഭാര്യ ധൃതിപിടിച്ച് ഓടുന്നത് കണ്ടു.

‘എന്താ ചേച്ചി പതിവില്ലാതെ നമുക്കിട്ടൊരു കച്ചോടം?’

‘ഇവിടെ ഉണ്ടായതാ. നല്ല നാടന്‍. കീടനാശിനിയൊന്നും തളിച്ചിട്ടില്ല. പോരാത്തതിന്‍ മണ്ണിരക്കമ്പോസ്റ്റാ വളം. രണ്ട് കിലോയുണ്ട്. വേണെങ്കില്‍ മതി’ ഇവള്‍ കൊള്ളാമല്ലോ. നല്ല മണിമണിയായല്ലെ സെയിത്സ് നടത്തുന്നത്. കൃഷിക്കാരിയില്ലെങ്കിലും അവളുടെയുള്ളിലൊരു സേയിത്സ്‌കാരിയുണ്ട്.

‘അതെന്താ ചേച്ചീ അങ്ങനെ പറേണത്. നാടന്‍ ന്ന് പറഞ്ഞാ ഇപ്പോ ചൂടപ്പം പോലെ ചെലവാകും. നല്ല വെലേം കിട്ടും. ചേച്ചി ബാക്കി സാധനങ്ങളെടുത്തോളൂ. ഇതിന്റെ വെല അതിലഡ്ജസ്റ്റ് ചെയ്യാം.’

അവള്‍ ധൃതിയില്‍ കുറച്ച് ക്യാരറ്റും, ക്യാബേജും ഉരുളക്കിഴങ്ങുമൊക്കെ തിരഞ്ഞെടുത്തു. അയല്‍ക്കാരെത്തും മുമ്പ് കച്ചവടം അവസാനിപ്പിക്കാനുള്ള തത്രപ്പാടാണ്‍. അയല്‍പക്കത്തെ സൂസിചേച്ചി‍ ഇതിനകം സഞ്ചിയുമായി വരുന്നുണ്ടായിരുന്നു.

‘ചേച്ചീ, ആകെ മുപ്പത്തെട്ടു രൂപ. ഇതിന്റെ വെല കഴിച്ച് ഇരുപത്തൊമ്പത് തന്നാമതിയാകും’

‘അപ്പോ ഒരു കിലോക്ക് 4.50 രൂപയോ?’

‘അത് പിന്നെ ചേച്ചി.., തമിഴന്‍ സാ‍ധനത്തിന്‍ 3.75 രൂപയാ ഹോള്‍സെയില്. ഇത് പിന്നെ നാടനായതോണ്ടാ’

‘എന്നാലും ഇതു ശരിക്കും കുറഞ്ഞുപോയി’

‘എന്നാപ്പിന്നെ ചേച്ചി ഒരഞ്ച് കണക്കാക്കിക്കോ. ഇരുപത്തെട്ട് തന്നാമതി. ഇനി കൊറഞ്ഞൂന്ന് പറയില്ലല്ലോ’

‘ശരി ശരി ഇതാ പൈസ’ സൂസിചേച്ചിയെത്തുന്നതിനുമുമ്പ് അവള്‍ സെറ്റില്‍ ചെയ്തു.

‘എന്താ അമ്മൂ ഒരു വെലപേശല്‍’ സൂസിചേച്ചി ചോദിച്ചു.

‘ഒന്നുമില്ല, പച്ചക്കറിക്കൊക്കെ എന്താവിലാന്ന് പറയായിരുന്നു.’ സഞ്ചിയുമായി അവള്‍ തിരിച്ചു നടന്നു.

‘ശരിയാ.. എന്തൊക്കെയുണ്ട് ഗണേശാ കൈയ്യില്‍?’ സൂസിചേച്ചി ഉന്തുവണ്ടിക്കാരനോട് ചോദിച്ചു.

‘നല്ല നാടന്‍ വഴുതിനങ്ങയുണ്ട്. 11 രൂപ കിലോ. തമിഴനേക്കാള്‍ 2 രൂപ കൂടും. പക്ഷേ കീടനാശിനിയൊന്നും തളിക്കാത്ത നല്ല സൊയമ്പന്‍ ജൈവന്‍ സാധനം. ഒരു കിലോ എടുക്കട്ടേ ചേച്ചീ?’